ന്ത്യ-ഓസീസ് ക്രിക്കറ്റ് ടെസ്റ്റ് സീരീസില്‍ ഓസ്‌ട്രേലിയയുടെ മണ്ണില്‍ ചരിത്ര വിജയമായിരുന്നു ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. ഈ വിജയത്തിലൂടെ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ താരങ്ങളെ രാജ്യം ഒന്നടങ്കം അഭിനന്ദിച്ചിരുന്നു. ഈ വിജയത്തിന്റെ നെടുംതൂണായി പ്രവര്‍ത്തിച്ച ആറ് പുതിയ താരങ്ങള്‍ക്ക് മഹീന്ദ്രയുടെ പോപ്പുലര്‍ എസ്.യു.വി. മോഡലായ ഥാര്‍ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര സമ്മാനം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ സമ്മാനങ്ങള്‍ ഇപ്പോള്‍ കൈമാറി തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ മാസമാണ് ടീമിലുണ്ടായിരുന്ന ടി.നടരാജന്‍, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ വാഹനം ഏറ്റുവാങ്ങിയത്. ഇവര്‍ക്ക് പിന്നാലെ മറ്റൊരു താരമായിരുന്ന ശുബ്മാന്‍ ഗില്ലിലും ഈ വാഹനം ലഭിച്ചിരിക്കുകയാണ്. ഗില്ലിന് വേണ്ടി അദ്ദേഹത്തിന്റെ സഹോദരിയാണ് വാഹനം ഏറ്റുവാങ്ങിയത്. ഏത് വകഭേദമാണ് ഗില്ലിന് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമല്ല. ബ്ലാക്ക് നിറത്തിലുള്ള വാഹനമാണ് അദ്ദേഹത്തിന്റെ സഹോദരി ഉള്‍പ്പെടെയുള്ളവര്‍ തിരഞ്ഞെടുത്തത്. 

ഈ ഥാര്‍ സ്വീകരിക്കുന്നത് ഏറെ ആനന്ദത്തോടെയാണ്. ഈ വാഹനം ഏറ്റുവാങ്ങാന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നു. ഈ വലിയ അംഗീകാരത്തിന് ആനന്ദ് മഹീന്ദ്രയോടെ നന്ദി അറിയിക്കുന്നു. ഇന്ത്യക്കായി കളിക്കാന്‍ ഇറങ്ങുന്നതില്‍ ഏറെ അഭിമാനിക്കുന്നു. തുടര്‍ന്നും മികച്ച പ്രകടനം നല്‍കാന്‍ ശ്രമിക്കുമെന്ന് ശുബ്മാന്‍ ഗില്ല് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഐ.പി.എല്‍. മത്സരത്തിന്റെ തിരക്കുകളിലായതിനാലാണ് അദ്ദേഹം എത്താതിരുന്നത്. 

ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് സീരീസില്‍ ഇന്ത്യയുടെ വിജയത്തിന് നെടുംതൂണായി പ്രവര്‍ത്തിച്ച ടീം അംഗങ്ങളായ മുഹമ്മദ് സിറാജ്, ടി.നടരാജന്‍, ഷാര്‍ദുല്‍ താക്കൂര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ശുബ്മാന്‍ ഗില്‍, നവദീപ് സെയ്‌നി എന്നിവര്‍ക്കാണ് മഹീന്ദ്രയുടെ സമ്മാനം പ്രഖ്യാപിച്ചത്. 1988-ന് ശേഷം ആദ്യമായാണ് ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ ടീം ഈ ടെസ്റ്റ് വിജയം നേടിയത്. അതേതുടര്‍ന്നാണ് താരങ്ങള്‍ക്ക് മഹീന്ദ്ര ഥാര്‍ സമ്മാനിക്കുമെന്ന് ആനന്ദ് മഹീന്ദ്ര അറിയിച്ചത്.

2020 ഒക്ടോബര്‍ രണ്ടിനാണ് മഹീന്ദ്രയുടെ പുതുതലമുറ ഥാര്‍ അവതരിപ്പിക്കുന്നത്. 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുകളാണ് ഥാറില്‍ പ്രവര്‍ത്തിക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ 150 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമേകും. മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം എല്‍.എക്സ് വേരിയന്റില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കിയിട്ടുണ്ട്.

Content Highlights: Indian Cricketer Shubman Gill Gets Mahindra Thar SUV