ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ അദ്ദേഹത്തിന്റെ യാത്രകള്‍ക്കായി ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ ഏറ്റവും മികച്ച പെര്‍ഫോമെന്‍സ് വാഹനമായ എം8 കൂപ്പെ സ്വന്തമാക്കിയിരിക്കുകയാണ്. 8 സീരീസ് ഗ്രാന്‍ കൂപ്പെയുടെ പെര്‍ഫോമെന്‍സ് മോഡലാണ് എം8. ബി.എം.ഡബ്ല്യു കൂപ്പെ നിരയിലെ ഏറ്റവും കരുത്തനായി ഈ വാഹനത്തിന് 2.17 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. 

നിരത്തുകളില്‍ അതിവേഗം കുതിക്കാനുതകുന്ന രീതിയിലാണ് ഈ വാഹനത്തിന്റെ രൂപം. പുറത്തേക്ക് തള്ളി നില്‍ക്കുന്ന കിഡ്‌നി ഷേപ്പ് ഗ്രില്ല്, കൂര്‍ത്തിരിക്കുന്ന മുന്‍വശം, എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, ബമ്പറിന്റെ രണ്ട് വശങ്ങളിലായി നല്‍കിയിട്ടുള്ള എയര്‍ വെന്റുകളും വലിയ എയര്‍ ഡാമുമാണ് ഈ വാഹനത്തെ മുഖഭാവത്തിന് സൗന്ദര്യമേകുന്നത്. സ്‌പോര്‍ട്ടി ഭാവമാണ് അലോയി വീലുകള്‍ക്ക്. റിയര്‍ സ്‌പോയിലര്‍ ലിപ്, എം സ്‌പെക് റിയര്‍ ഡിഫ്യൂസര്‍, ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ് എന്നിവ പിന്‍ഭാഗത്തെയും സ്‌പോര്‍ട്ടിയാക്കുന്നു.

പെര്‍ഫോമെന്‍സിന് പ്രാധാന്യം നല്‍കി എത്തുമ്പോഴും ഫീച്ചറുകളിലെ ആഡംബരത്തിന് തരിമ്പും കുറവ് വരുത്തിയിട്ടില്ല. എം സോപര്‍ട്ട് സീറ്റുകള്‍, 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആംബിയന്റ് ലൈറ്റിങ്ങ്, ഹര്‍മന്‍ സൗണ്ട് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, വയര്‍ലെസ് ചാര്‍ജിങ്ങ്, ബി.എം.ഡബ്ല്യു. ഡിസ്‌പ്ലേ കീ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി തുടങ്ങി നിരവധി ഫീച്ചറുകളാണ് ഈ വാഹനത്തിന്റെ അകത്തളത്തെ സമ്പന്നമാക്കുന്നത്. 

പെര്‍ഫോമെന്‍സിന് ഏറെ പ്രാധാന്യം നല്‍കി എത്തിയിട്ടുള്ള ഈ വാഹനത്തില്‍ 4.4 ലിറ്റര്‍ വി8 ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് പ്രവര്‍ത്തിക്കുന്നത്. ഈ എന്‍ജിന്‍ 592 ബി.എച്ച്.പി. പവറും 750 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് സ്റ്റെപ്പ് ട്രോണിക് ഓട്ടോമാറ്റിക്കാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്. എം സ്‌പെക്ക് ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം നല്‍കിയിട്ടുള്ള ഈ വാഹനം വെറും 3.3 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.

Content Highlights: Indian Cricketer Shikhar Dhawan Buys BMW M8 Coupe