സിനിമാതാരം എന്നതിനെക്കാള്‍ ഉപരി ജീവകാരുണ്യ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെടുന്ന ബോളിവുഡ് നടനാണ് സോനു സൂദ്. ഫാദേഴ്‌സ് ഡേയോട് അനുബന്ധിച്ച് അദ്ദേഹം തന്റെ മകന് മൂന്ന് കോടി രൂപ വില വരുന്ന മെഴ്‌സിഡീസിന്റെ പുതിയ മേബാക് ജി.എല്‍.എസ്.600 സമ്മാനിച്ചെന്ന റിപ്പോര്‍ട്ടുകളിലൂടെയാണ് അദ്ദേഹം അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത്. എന്നാല്‍, ഈ വാര്‍ത്ത തെറ്റാണെന്ന വെളിപ്പെടുത്തലുമായി സോനു സൂദ് രംഗത്തെത്തിയിരിക്കുകയാണ്.

താന്‍ മകനായി മൂന്ന് കോടി രൂപ വില വരുന്ന വാഹനം വാങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. മെഴ്‌സിഡീസ് പുറത്തിറക്കിയ ബെന്‍സ് മേബാക്ക് ജി.എല്‍.എസ്.600 ടെസ്റ്റ് ഡ്രൈവിനായി വീട്ടിലെത്തിച്ചിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. ഡീലര്‍ഷിപ്പ് ജീവനക്കാര്‍ അദ്ദേഹത്തിന് വാഹനം വിവരിച്ച് നല്‍കുന്നതിന്റെയും മറ്റും വീഡിയോയാണ് പുറത്തുവന്നത്. ഇതിനുപിന്നാലെയാണ് അദ്ദേഹം മകനായി വാഹനം വാങ്ങിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നത്.

എന്നാല്‍, ഈ സംഭവം ഫാദേഴ്‌സ് ഡേയുമായി ബന്ധിപ്പിച്ചത് സംബന്ധിച്ച് താരത്തിന് മനസറിവില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം സൂചിപ്പിക്കുന്നത്. ഫാദേഴ്‌സ് ഡേയ്ക്ക് ഞാന്‍ എന്തിന് എന്റെ മകന് കാര്‍ സമ്മാനിക്കണം? അത് എന്റെ ദിവസമാണ്, മകനാണ് എനിക്ക് എന്തെങ്കിലും സമ്മാനം നല്‍കേണ്ടതെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. മെഴ്‌സിഡീസ് ബെന്‍സ് മേബാക്ക് ജി.എല്‍.എസ്600 കഴിഞ്ഞ ദിവസമാണ് ഇന്ത്യയില്‍ എത്തിയത്. തൊട്ടടുത്ത ദിവസമാണ് ഈ വാഹനം താരത്തിന്റെ വീട്ടില്‍ എത്തിയതും. 

2.43 കോടി രൂപയാണ് മേബാക്ക് ജി.എല്‍.എസ്600 എസ്.യു.വിയുടെ ഇന്ത്യയിലെ എക്‌സ്‌ഷോറും വില. ആദ്യ ബാചില്‍ ഇന്ത്യയില്‍ എത്തിയ മേബാക്ക് ജി.എല്‍.എസ്600-ന്റെ 50 വാഹനങ്ങളും ആദ്യ ദിവസം തന്നെ വിറ്റുതീര്‍ന്നിരുന്നു. ഡിസംബര്‍ മാസം വരെ വില്‍ക്കുന്നതിനായി ഇന്ത്യയിലെത്തിയ വാഹനങ്ങളാണ് ആദ്യ ദിവസം തന്നെ വിറ്റഴിച്ചത്. ഈ വാഹനങ്ങള്‍ ഉടന്‍ കൈമാറുമെന്നും അടുത്ത ബാച്ചിന്റെ ബുക്കിങ്ങ് 2022-ല്‍ ആരംഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരുന്നത്. 

4.0 ലിറ്റര്‍ വി8 ബൈ-ടര്‍ബോ എന്‍ജിനാണ് മെഴ്‌സിഡസ് മേബാക്ക് ജി.എല്‍.എസ്.600-ല്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 542 ബി.എച്ച്.പി. പവറും 730 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 9-ജി ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇതിലെ ട്രാന്‍സ്മിഷന്‍. എന്‍ജിനൊപ്പം നല്‍കിയിട്ടുള്ള 48 വോള്‍ട്ട് ഋഝ ബൂസ്റ്റ് സിസ്റ്റം ആവശ്യമുള്ള സമയങ്ങളില്‍ 250 എന്‍.എം. അധിക ടോര്‍ക്കും 21 ബി.എച്ച്.പി. പവറും നല്‍കും.

Source: spotboye

Content Highlights: I haven’t bought Mercedes Maybach luxury SUV for my son says Sonu Sood