വനിതാ ഗുസ്തിയില്‍ ഇന്ത്യയുടെ അഭിമാനതാരം ഗീത ഫോഗട്ടിന്റെ യാത്ര ഇനി റേഞ്ച് റോവര്‍ ഇവോക്കില്‍. ഗീതയുടെ ജീവിതത്തെ ആസ്പദമാക്കി എടുത്തതാണ് ആമിർ ഖാന്റെ ദംഗൽ. ഗുസ്തിതാരം കൂടിയായ ഭര്‍ത്താവ് പവന്‍ കുമാറിനൊപ്പം ഇവോക്കിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് പുതിയ അതിഥിയെ വീട്ടിലെത്തിച്ച കാര്യം ഗീത ആരാധകരെ അറിയിച്ചത്.
കഠിനാധ്വാനത്തിന്റെ ഫലം എപ്പോഴും മികച്ച വിജയമായിരിക്കുമെന്ന കുറിപ്പോടെയാണ് ഗീത ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. 2010 ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 55 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണമണിഞ്ഞ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കായി സ്വര്‍ണം നേടുന്ന ആദ്യ വനിതാ താരമെന്ന നേട്ടം ഗീതാ ഫോഗട്ട് സ്വന്തമാക്കിയിരുന്നു. 2009, 2011 കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പിലും ഗീത സ്വര്‍ണം നേടിയിട്ടുണ്ട്.
റേഞ്ച് റോവര്‍ ഇവോക്ക് നിരയിലെ റെഡ്-ബ്ലാക്ക് നിറത്തിലുള്ള HSE വേരിയന്റാണ് ഗീത ഫോഗട്ട് സ്വന്തമാക്കിയത്, 42.36 ലക്ഷം രൂപ മുതല്‍ 56.96 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ഇഗ്നീഷ്യം എന്‍ജിനില്‍ ഇന്ത്യയിലെത്തിയ ആദ്യ റേഞ്ച് റോവര്‍ വാഹനമാണ് ഇവോക്ക്. 2.0 ലിറ്റര്‍ ഇഗ്നീഷ്യം ഡീസല്‍ എന്‍ജിന്‍ 177 ബിഎച്ച്പി കരുത്തും 430 എന്‍എം ടോര്‍ക്കുമാണ് നല്‍കുക. 9 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.
ചിത്രങ്ങള്‍: സോഷ്യല്‍മീഡിയ