ന്ത്യയുടെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ധോനിയുടെ വാഹന കമ്പം രാജ്യത്തെ എല്ലാ ക്രിക്കറ്റ് ആരാധകര്‍ക്കും വാഹനപ്രേമികള്‍ക്കും ഒരുപോലെ അറിവുള്ളതാണ്. സൂപ്പര്‍ കാറുകള്‍ക്കും സൂപ്പര്‍ ബൈക്കുകള്‍ക്കും പുറമെ, വിന്റേജ് വാഹനങ്ങള്‍ തേടിപിടിച്ച് സ്വന്തമാക്കുന്നതും ധോനിയുടെ രീതിയാണ്. ഇത്തരത്തില്‍ ധോനിയുടെ ഗ്യാരേജിലേക്ക് പഴമയുടെ തലയെടുപ്പുമായി ഒരു അതിഥി കൂടി എത്തിയിരിക്കുകയാണ്. യമഹയുടെ ആര്‍.ഡി.350 ആണ് അദ്ദേഹത്തിന്റെ ഗ്യാരേജില്‍ ഒടുവില്‍ എത്തിയിരിക്കുന്നത്. 

സയിദ് ജാദിര്‍ എന്നയാളാണ് ധോണി സ്വന്തമാക്കിയ ഈ ബൈക്കിന്റെ ചിത്രങ്ങള്‍ സമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ആര്‍.ഡി.350-യുടെ പരമ്പരാഗത ഡിസൈന്‍ നിലനിര്‍ത്തുന്നതിനൊപ്പം ഡാര്‍ക്ക് ഗ്രീന്‍ ഫിനീഷിങ്ങിലാണ് ധോനിയുടെ ഈ വാഹനം ഒരുങ്ങിയിട്ടുള്ളത്. അതേസമയം, പെട്രോള്‍ ടാങ്കില്‍ ധോനിയുടെ കൈയൊപ്പ് പതിപ്പിച്ചിട്ടുള്ള ഗോള്‍ഡന്‍ നിറത്തിലുള്ള ആര്‍.ഡി.350-യുടെ ചിത്രയും സയിദ് സമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഈ വാഹനം ധോനി ഓടിക്കുന്നതിന്റെ വീഡിയോയും കാണാം.

യമഹ മോട്ടോര്‍സൈക്കിളിന്റെ പെര്‍ഫോമെന്‍സ് വാഹനമായി 1983-ല്‍ വിപണിയില്‍ എത്തിയ വാഹനമാണ് ആര്‍.ഡി.350. രണ്ട് വേരിയന്റുകളിലാണ് ആ കാലയളവില്‍ ഈ വാഹനം വില്‍പ്പനയ്ക്ക് എത്തിയത്. എല്‍.ടി, എച്ച്.ടി. എന്നിങ്ങനെയായിരുന്നു വേരിയന്റുകള്‍. എല്‍.ടി. വേരിയന്റ് ലോവര്‍ ടോര്‍ക്ക് ഉത്പാദിപ്പിക്കുന്നത് എച്ച്.ടി. വേരിയന്റ് ഉയര്‍ന്ന ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന മോഡലുമായാണ് എത്തിയിരുന്നത്. 1990-കളോടെയാണ് യമഹ ഈ വാഹനത്തിന്റെ ഉത്പാദനം അവസാനിപ്പിച്ചത്. 

350 സി.സി. പാരലല്‍-ട്വിന്‍, ടു സ്‌ട്രോക്ക് എന്‍ജിനായിരിക്കുന്ന ഈ വാഹനത്തിന് കരുത്തേകിയിരുന്നത്. ആര്‍.ഡി.350-യുടെ എല്‍.ടി. വകഭേദം 27 ബി.എച്ച്.പി. പവറാണ് ഉത്പാദിപ്പിച്ചിരുന്നത്. അതേസമയം, എച്ച്.ടി. വേരിയന്റ് 31 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിച്ചിരുന്നു. ഇന്ത്യയില്‍ താരതമ്യേന കുറഞ്ഞ കരുത്താണ് ഈ ബൈക്ക് ഉത്പാദിപ്പിച്ചിരുന്നതെങ്കില്‍ യമഹയുടെ മാതൃരാജ്യമായ ജപ്പാനില്‍ എത്തിച്ചിരുന്ന ആര്‍.ടി.350 ബൈക്ക് 40 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിച്ചിരുന്നതായാണ് വിവരം.

1980-കാലഘട്ടത്തിലെ സൂപ്പര്‍ ബൈക്കായി വിശേഷിപ്പിച്ചിരുന്ന ഈ മോഡലിന്റെ പരമാവധി വേഗത മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ ആയിരുന്നു. അതേസമയം, എട്ട് സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും ഈ വാഹനത്തിനുണ്ടായിരുന്നു. ആറ് സ്പീഡ് ഗിയര്‍ബോക്‌സായിരുന്നു ഈ പെര്‍ഫോമെന്‍സ് ബൈക്കിന് ട്രാന്‍സ്മിഷന്‍ ഒരുക്കിയിരുന്നത്. ഡിസ്‌ക് ബ്രേക്ക് നല്‍കാതെയാണ് ഈ ബൈക്ക് എത്തിയതെങ്കിലും ഇത് രണ്ടാമത് നല്‍കാന്‍ സാധിക്കുന്നുണ്ട്.

Source: Cartoq

Content Highlights: Former Indian cricket caption MS Dhoni Buys Yamaha RD350 vintage bike, MS Dhoni, Yamaha RD350