ലയാള സിനിമയിലെ യുവതാരം ദുല്‍ഖര്‍ സല്‍മാന് സൂപ്പര്‍ ബൈക്കുകളോടും സ്‌പോര്‍ട്‌സ് കാറുകളോടും അടങ്ങാത്ത ഭ്രമമാണ്. മിനികൂപ്പര്‍, ബിഎംഡബ്യു M 3, പോളോ GT, ബിഎംഡബ്യു SLS AMG തുടങ്ങിയ ആഡംബര കാറുകളും ബിഎംഡബ്യു R 1200 GS, ട്രയംഫ് ബോണവില്ല തുടങ്ങിയ സൂപ്പര്‍ ബൈക്കുകളും ദുല്‍ഖറിന്റെ ഗാജേരില്‍ നേരത്തെ സ്ഥാനംപിടിച്ചിരുന്നു. ഇക്കൂട്ടത്തിലേക്ക് ജര്‍മന്‍ തറവാട്ടില്‍ നിന്ന് പുതിയൊരു താരം കൂടി അംഗത്വമെടുത്തു. പോര്‍ഷെയുടെ അത്യാഡംബര പനാമെര ടര്‍ബോ സെഡാനാണ് ദുല്‍ഖര്‍ തന്റെ ഗാരേജിലെത്തിച്ചത്. ദുല്‍ഖര്‍ കുടുംബത്തിലേക്ക് എത്തുന്ന ആദ്യ പോര്‍ഷെ മോഡലല്ല ഇത്. പോര്‍ഷെയുടെ കടുത്ത ആരാധകനായ അച്ഛന്‍ മെഗാസ്റ്റാര്‍ മമ്മുട്ടി പോര്‍ഷെ പനാമെര, കയേന്‍ എസ് എന്നിവ നേരത്തെ സ്വന്തമാക്കിയരുന്നു. 

ജര്‍മന്‍ വാഹന നിര്‍മാതാക്കളായ പോര്‍ഷെയുടെ രണ്ടാം തലമുറ പനമേര ടര്‍ബോ മോഡലാണ് ദുല്‍ഖര്‍ സ്വന്തമാക്കിയത്. രണ്ടു കോടി രൂപയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില. 2010-ലെത്തിയ പനാമെര ടര്‍ബോയുടെ പുതിയ ലക്ഷ്വറി പതിപ്പ് 2017 ജനീവ മോട്ടോര്‍ ഷോയിലാണ് ആദ്യമായി അവതരിപ്പിച്ചത്. തൊട്ടുപിന്നാലെ ഇന്ത്യയിലും എത്തി. പുതിയ എംഎസ്ബി പ്ലാറ്റ്‌ഫോമിന്റെ അടിസ്ഥാനത്തിലാണ് പനാമെര ടര്‍ബോയുടെ നിര്‍മാണം. 3996 സിസി പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 543 ബിഎച്ച്പി പവറും 770 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍. 8 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. 3.9 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഈ പോര്‍ഷെയ്ക്ക് സാധിക്കും. മണിക്കൂറില്‍ പരമാവധി വേഗം 306 കിലോമീറ്ററാണ്.