ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ രോഹിത്ത് ഷെട്ടിയുടെ യാത്രകള്‍ ഇനി ലംബോര്‍ഗിനി ഉറുസില്‍. ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി നിരയിലെ സൂപ്പര്‍ എസ്.യു.വി മോഡലാണിത്. വലിയ വാഹനപ്രേമിയായ രോഹിത്ത് ലംബോര്‍ഗിനി മുംബൈ ഷോറൂമില്‍ നിന്നാണ് പുതിയ ഉറുസ് എസ്.യു.വിയെ തന്റെ ഗാരേജിലെത്തിച്ചത്. 

ഏകദേശം മൂന്ന് കോടിയോളം രൂപയാണ് ഉറുസിന്റെ വില. ഇന്ത്യയില്‍ ലംബോര്‍ഗിനിയുടെ ഏറ്റവും വിജയകരമായ മോഡലുകളിലൊന്നാണ് ഉറുസ്. അമ്പതോളം ഉറൂസ് ഇതിനോടകം ലംബോര്‍ഗിനി ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ചിട്ടുണ്ട്‌. ഇതില്‍ ഭൂരിഭാഗം ഉറുസിന്റെയും ഉടമകള്‍  സിനിമHരംഗത്തും മറ്റുമുള്ള പ്രശസ്തരാണ്. അടുത്തിടെ രണ്‍വീര്‍ സിങും ഉറുസ് സ്വന്തമാക്കിയിരുന്നു. അംബാനിയാണ് ഇന്ത്യയില്‍ ഉറുസിന്റെ ആദ്യ ഉടമ. 

4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് വി8 പെട്രോള്‍ എന്‍ജിനാണ്‌ ഉറുസിന് കരുത്തേകുന്നത്. 650 പിഎസ് പവറും 850 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 8 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. മണിക്കൂറില്‍ 305 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കുന്ന സൂപ്പര്‍ എസ്.യു.വിയാണിത്. 

പുതിയ അതിഥിയായ ഉറൂസിന് പുറമേ ഫോര്‍ഡ് മസ്താങ് ജിടി, മസരെത്തി ട്രാന്‍ ടുറിസ്‌മോ സ്‌പോര്‍ട്ട്, ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍, ബിഎംഡബ്ല്യു 7 സീരീസ് തുടങ്ങിയ കാറുകള്‍ നേരത്തെ രോഹിത്ത് ഷെട്ടിയുടെ കൈവശമുണ്ട്.

Content Highlights; Director Rohit Shetty Bought New Lamborghini Urus SUV