സംവിധായകന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത്, അഭിനേതാവ് തുടങ്ങി ബോളിവുഡ് സിനിമയിലെ എല്ലാ മേഖലകളിലും കൈവെച്ചിട്ടുള്ള വ്യക്തിയാണ് കരണ്‍ ജോഹര്‍. ഹിന്ദി സിനിമയുടെ സകലകലാ വല്ലഭനായ ഇദ്ദേഹത്തിന് യാത്രയൊരുക്കാന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡിയുടെ ഫ്‌ളാഗ്ഷിപ്പ് എസ്.യു.വിയായ എ8 ലോങ്ങ് വീല്‍ബേസ് മോഡല്‍ എത്തിയിരിക്കുകയാണ്.

2020-ലാണ് ഔഡിയുടെ എ8 ഇന്ത്യയില്‍ അവതരിപ്പിച്ചത്. ആഗോള നിരത്തുകളില്‍ എ8 റെഗുലര്‍ മോഡല്‍ എത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ലോങ്ങ് വീല്‍ബേസ് മോഡലാണ് അവതരിപ്പിച്ചിട്ടുള്ളത്. നിരവധി ആഡംബര ഫീച്ചറുകള്‍ക്കൊപ്പം അമ്പരപ്പിക്കുന്ന കരുത്തുമായാണ് ഈ വാഹനം എത്തിയിട്ടുള്ളത്. 1.60 കോടി രൂപയോളമാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറും വില.

ഔഡി സ്പേസ്ഫ്രെയിം പ്ലാറ്ഫോമില്‍ ഒരുങ്ങിയിട്ടുള്ള മോഡലാണ് എ8. സിംഗിള്‍ ഫ്രെയിം ഗ്രില്ല്, ലേസര്‍ ലൈറ്റോട് കൂടിയ എച്ച്ഡി മാട്രിക്സ് എല്‍.ഇ.ഡി ഹെഡ്ലൈറ്റ്, ഒ.എല്‍.ഇ.ഡി കോമ്പിനേഷന്‍ റിയര്‍ ലൈറ്റുകള്‍, കോണ്‍ട്രാസ്റ്റിംഗ് ഗ്രേ ഫിനീഷിലുള്ള അഞ്ച് സ്പോക് 19 ഇഞ്ച് കാസ്റ്റ് അലൂമിനിയം വീലുകള്‍ തുടങ്ങിയവയാണ് എ8-ന്റെ പുറംമോടിക്ക്'സ്‌പോര്‍ട്ടി ലുക്ക്' സമ്മാനിക്കുന്നത്. 

വെര്‍ച്വല്‍ കോക്പിറ്റ് ഇന്റീരിയറുമായാണ് ഈ വാഹനം എത്തിയിട്ടുള്ളത്. ഡ്യുവല്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിയര്‍ സീറ്റ് എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റം, മസാജിങ്ങ് സംവിധാനമുള്ള സീറ്റുകള്‍, കണക്ടഡ് കാര്‍ ഫീച്ചറുകള്‍, പനോരമിക് സണ്‍റൂഫ് തുടങ്ങി നിരവധി ആഡംബര ഫീച്ചറുകളാണ് ഈ വാഹനത്തിന്റെ അകത്തളത്തില്‍ ഒരുക്കിയിട്ടുള്ളത്. 

3.0 ലിറ്റര്‍ വി6 പെട്രോള്‍ എന്‍ജിനാണ് എ8-ന്റെ ഹൃദയം. 2995 സിസിയില്‍ 336 ബിഎച്ച്പി പവറും 500 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ഔഡിയുടെ എട്ട് സ്പീഡ് ടിപ്ട്രോണിക് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 5.7 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന എ8-ന്റെ പരമാവധി വേഗം മണിക്കൂറില്‍ 210 കിലോമീറ്ററാണ്.

Content Highlights: Director Karan Johar Buys Audi A8 Long wheelbase Model