ന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോനി പുതിയ കാര്‍ സ്വന്തമാക്കി. അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പിന്റെ ഗ്രാന്റ് ചെറോക്കി ട്രാക്ക്‌ഹോക്ക് മോഡലാണ് ധോനി സ്വന്തമാക്കിയത്. ഏകദേശം 1.12 കോടി രൂപയാണ് വാഹനത്തിന്റെ വില. ഇന്‍സ്റ്റാഗ്രാമിലൂടെ ഭാര്യ സാക്ഷിയാണ് കാറിന്റെ ചിത്രം സഹിതം വീട്ടിലേക്കെത്തിയ പുതിയ അതിഥിയുടെ കാര്യം ആരാധകരെ അറിയിച്ചത്. നിലവില്‍ കാശ്മീരില്‍ സൈനിക സേവനത്തിലാണ് ധോനി. 

പെര്‍ഫോമെന്‍സ് എസ്.യു.വിയായ ചെറോക്കി ട്രാക്ക്‌ഹോക്കിന്റെ ഇന്ത്യയിലെ ആദ്യ മോഡലാണ് ധോനി പുതുതായി തന്റെ ഗ്യാരേജിലെത്തിച്ചത്. ഇന്ത്യയില്‍ വില്‍പനയ്ക്കില്ലാത്ത ഈ മോഡല്‍ ധോനിക്ക് വേണ്ടി ഇറക്കുമതി ചെയ്തതാണ്. മാസീവ് 6.2 ലിറ്റര്‍ വി8 എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 707 ബിഎച്ച്പി പവറും 875 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. ജീപ്പ് നിരയിലെ ഏറ്റവും കരുത്തുറ്റതും ഏറ്റവും വേഗമേറിയ എസ്.യു.വിയും ഇതാണ്. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗതയിലെത്താന്‍ 3.62 സെക്കന്‍ഡ് മതി ചെറോക്കി ട്രാക്ക്‌ഹോക്കിന്. 8 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. 

ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ ലഭ്യമായ ഗ്രാന്റ് ചെറോക്കി എസ്ആര്‍ടി മോഡലിന് സമാനമാണ് ചെറോക്കി ട്രാക്ക്‌ഹോക്ക്. കടുത്ത വാഹന പ്രേമികൂടിയായ ധോനിയുടെ ഗ്യാരേജില്‍ ഇതുകൂടാതെ നിരവധി വാഹനങ്ങളുടെ ശേഖരമുണ്ട്. ഫെരാറി 599, ഹമ്മര്‍ ജി2, ഔഡി ക്യൂ7 തുടങ്ങിയ ഫോര്‍ വീല്‍ മോഡലുകളും കവസാക്കി നിഞ്ച എച്ച്2, ഹെല്‍കാറ്റ്, സുസുക്കി ഹയാബുസ തുടങ്ങിയ നിരവധി ഇരുചക്ര വാഹനങ്ങളും ധോനിയുടെ പക്കലുണ്ട്.

Content Highlights; dhoni bought indias first ever jeep grand cherokee srt trackhawk, ms dhoni new cherokee srt