ബോളിവുഡ് സിനിമയിലെ നിറസാന്നിധ്യം, നിര്‍മാതാവ്, രാഷ്ട്രീയ പ്രവര്‍ത്തകന്‍ തുടങ്ങി നിരവധി മേഖലകളില്‍ തിളങ്ങുന്ന താരമാണ് ധര്‍മേന്ദ്ര. എന്നാല്‍, കഴിഞ്ഞ ദിവസം അദ്ദേഹം ഇന്റസ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. 1960-ല്‍ ധര്‍മേന്ദ്ര ഏറെ ആഗ്രഹിച്ച് ആദ്യമായി സ്വന്തമാക്കിയ വാഹനത്തിന്റെ വിശേഷങ്ങളാണ് വീഡിയോയും ചിത്രങ്ങളും ഉള്‍പ്പെടെ അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. 

1960 മോഡല്‍ ഫിയറ്റ് കാറാണ് അദ്ദേഹം ആദ്യമായി സ്വന്തമാക്കിയത്. എന്നാല്‍, അന്ന് അദ്ദേഹം അതിനായി ചzലവാക്കിയ പണമാണ് ആളുകളില്‍ കൗതുകം നിറയ്ക്കുന്നത്. 18,000 രൂപയ്ക്കാണ് താന്‍ ഈ വാഹനം സ്വന്തമാക്കിയതെന്നും അദ്ദേഹത്തിന്റെ പോസ്റ്റില്‍ പറയുന്നു. എന്നാല്‍, അക്കാലത്ത് 18,000 രൂപ വലിയ ഒരു സംഖ്യയായിരുന്നു എ്ന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. വളരെ മനോഹരമായാണ് അദ്ദേഹം ആ വാഹനം പരിപാലിക്കുന്നത്. 

ഇതാണ് എന്റെ ആദ്യ വാഹനം, 18,000 രൂപയ്ക്ക് ഞാന്‍ വാങ്ങിയ കാര്‍. ഞാന്‍ ഇത് ശ്രദ്ധയോടെ പരിപാലിക്കുന്നു. ഇത് എപ്പോഴും എനിക്കൊപ്പമുണ്ടാകും. പോരാളിക്ക് ദൈവം നല്‍കിയ ഏറ്റവും വലിയ അനുഗ്രഹം എന്നാണ് ഞാന്‍ ഈ വാഹനത്തെ വിശേഷിപ്പിക്കുന്നത് എന്നാണ് അദ്ദേഹം വീഡിയോയില്‍ പറയുന്നത്. എന്റെ ആദ്യ വാഹനം, എന്റെ ഏറ്റവും പ്രിയപ്പെട്ട കുഞ്ഞ് എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

Content Highlights: Dharmendra Shows Us His First Car, 1960 Model Fiat