പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റെണാള്‍ഡോയുടെ ഗാരേജിലേക്ക് പുതിയ അതിഥിയെത്തി. സൂപ്പര്‍ കാറുകളില്‍ മുന്‍നിരയിലുള്ള ഇറ്റാലിയന്‍ കമ്പനിയായ ഫെരാരിയുടെ F12 TDf മോഡലാണ് ക്രിസ്റ്റിയാനോ സ്വന്തമാക്കിയത്. മൂന്നര ലക്ഷം ബ്രിട്ടീഷ് പൗണ്ടാണ് (ഏകദേശം 3 കോടി രൂപ) ഈ ഫെരാരിയുടെ വില. തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഫെരാരിയുടെ പുതിയ വേഗരാജാവിനെ സ്വന്തമാക്കിയ വിവരം താരം ആരാധകരെ അറിയിച്ചത്.  F12 TDf-ന്റെ 799 യൂണിറ്റുകള്‍ മാത്രമാണ് ഫെരാരി പുറത്തിറക്കിയിട്ടുള്ളത്. ഇതില്‍ ഒന്നിലാണ് ഇനി ക്രിസ്റ്റിയാനോയുടെ യാത്ര.

770 ബിഎച്ച്പി പവറും 705 എന്‍എം ടോര്‍ക്കുമേകുന്ന 6.3 ലിറ്റര്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. മണിക്കൂറില്‍ പരമാവധി 340 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാന്‍ ഈ ഫെരാരിക്ക് സാധിക്കും. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 2.9 സെക്കന്‍ഡ് സമയം മതി. നിലവില്‍ റോള്‍സ് റോയ്സ് ഗോസ്റ്റ്, ബുഗാട്ടി വെയ്റോണ്‍, ബെന്റെലി ജിടി സ്പീഡ്, ആസ്റ്റര്‍ മാര്‍ട്ടിന്‍ ഡിബി 9, മാസെരാട്ടി ഗ്രാന്‍ കാബ്രിയൊ, ലംബോര്‍ഗിനി അവന്റഡോര്‍ തുടങ്ങീ നിരവധി കാറുകള്‍ ക്രിസ്റ്റ്യാനോയുടെ ഗാരേജിലുണ്ട്.