ബിഎംഡബ്ല്യു വാഹനങ്ങളുടെ കടുത്ത ആരാധകനാണ് ക്രിക്കറ്റ് താരം യുവരാജ് സിങ്. ബിഎംഡബ്ല്യു എക്‌സ്-6 എം, ബിഎംഡബ്ല്യു 3 സീരീസ്, ഇ46 ബിഎംഡബ്ല്യു എം3 എന്നിങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ ബിഎംഡബ്ല്യു വാഹനങ്ങളുടെ കളക്ഷന്‍. ഈ കളക്ഷനിലേക്ക് അടുത്തിടെ പുറത്തിറങ്ങിയ ജി 310 ആര്‍ ബൈക്ക് കൂടി എത്തിച്ചിരിക്കുകയാണ് അദ്ദേഹം.

കടുത്ത വാഹന പ്രേമിയായ യുവരാജിന് കാര്‍ കളക്ഷന്‍ പോലെ തന്നെ ബൈക്കുകളുടെ കളക്ഷനുമുണ്ട്. ക്രിക്കറ്റ് മാച്ചുകളില്‍ നിന്ന് സമ്മാനമായി ലഭിച്ചതിന് പുറമെ അദ്ദേഹം സ്വന്തമാക്കിയ ബൈക്കുകളും ഇതിലുണ്ട്. സിബിഇസ്ഡ് എക്‌സ്ട്രീം മുതല്‍ കെടിഎം ഡ്യൂക്ക് വരെ ഇതിലുണ്ട്.

പ്രത്യേകം മോഡിഫൈ ചെയ്ത കെടിഎം ഡ്യൂക്ക് 390 ആയിരുന്നു അദ്ദേഹത്തിന്റെ ഇഷ്ട ബൈക്ക്. 2015-ലാണ് യുവരാജ് ഈ ബൈക്ക് സ്വന്തമാക്കുന്നത്. ഇതിനൊപ്പമാണ് ഇപ്പോള്‍ ജി 310 ആറും അദ്ദേഹം തന്റെ ഗ്യാരേജില്‍ എത്തിച്ചിരിക്കുന്നത്. ബിഎംഡബ്ല്യുവിന്റെ ടു വീലര്‍ വിഭാഗമായ മോട്ടറാഡിന്റെ ഇന്‍സ്റ്റാഗ്രാമിലാണ് ഇക്കാര്യം അറിയിച്ചത്.

ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു ആദ്യമായി ഇന്ത്യയില്‍ നിര്‍മിച്ച ബൈക്കാണിത്. നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ വിഭാഗത്തില്‍ പുറത്തിറക്കുന്ന ഈ വാഹനത്തിന് 2.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. 

ആറ് സ്പീഡ് ഗിയര്‍ ബോക്‌സില്‍ സിംഗിള്‍ സിലണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനിലാണ് ജി 310 ആര്‍ പുറത്തിറക്കിയിരിക്കുന്നത്. 313 സിസി ശേഷിയുള്ള എന്‍ജിന്‍ 34 ബിഎച്ച്പി കരുത്തും 28 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.