ര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡിയുമായുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വീരാട് കോഹ്‌ലിയുടെ സഹകരണം തുടരുമെന്ന് റിപ്പോര്‍ട്ട്. ഔഡി വാഹനങ്ങളുടെ മാര്‍ക്കറ്റിങ്ങിന്റെയും സോഷ്യല്‍ മീഡിയ ക്യാംപയിനുകളുടെയും കോഹ്‌ലിയുടെ സഹകരണം ഉറപ്പാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2015 മുതല്‍ ഔഡി ഇന്ത്യയുമായി വിരാട് കോഹ്‌ലി സഹകരിക്കുന്നുണ്ട്.

2012-ലാണ് അദ്ദേഹം തന്റെ ആദ്യ ഔഡി വാഹനം സ്വന്തമാക്കുന്നത്. ആര്‍8 ആയിരുന്നു കോഹ്‌ലി സ്വന്തമാക്കിയ ആദ്യ ഔഡി മോഡല്‍. ഔഡിയുടെ പ്രിയ സുഹൃത്തായാണ് കോഹ്‌ലിയെ കണക്കാക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ അഭിപ്രായപ്പെടുന്നത്. കമ്പനിയുടെ പരസ്യത്തിനും സോഷ്യല്‍ മീഡിയ ഇടപെടലിനും മറ്റും അദ്ദേഹത്തിന്റെ മികച്ച സേവനം ലഭിക്കുന്നുണ്ടെന്നും ഔഡി അറിയിച്ചു.

സ്റ്റിയറിങ്ങ് വീലിന് പിന്നിലും ബാറ്റുമായി പിച്ചില്‍ നിന്നാലും പ്രകടനം, സാങ്കേതികത തുടങ്ങിയ കാര്യങ്ങളാണ് പൂര്‍ണതയെ തെളിയിക്കുന്നത്. ഔഡിയുമായുള്ള സഹകരണത്തിന് മുമ്പുതന്നെ ഞാന്‍ ഔഡിയുടെ ആരാധകനാണ്. ഈ വാഹനത്തിന്റെ പ്രകടനവും മറ്റും എന്റെ വ്യക്തിത്വവുമായി ചേര്‍ന്ന് നില്‍ക്കുന്നതാണ്, ഈ ബന്ധം തുടരുന്നതില്‍ സന്തോഷമുണ്ടെന്നും കോഹ്‌ലിയും അറിയിച്ചു. 

വര്‍ഷങ്ങളായി നിരവധി ക്രിക്കറ്റ് താരങ്ങളുമായി ഔഡിക്ക് ബന്ധമുണ്ട്. എന്നാല്‍, വിരാട് കോഹ്‌ലിയുമായി സഹകരണം തുടരുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ആറ് വര്‍ഷത്തോളമായി ഔഡിയുടെ ഭാഗമായി അദ്ദേഹം ബ്രാന്റിന് ഏറെ ചേര്‍ന്ന വ്യക്തിത്വമാണ്. ഔഡിയും കോഹ്‌ലിയും അവരുടെ പ്രകടനത്തിലെ മികവ് കൊണ്ട് ശ്രദ്ധിക്കപ്പെടുന്നവരാണെന്ന് ഔഡി ഇന്ത്യയുടെ മേധാവി അഭിപ്രായപ്പെട്ടു.

ഔഡിയുടെ ബ്രാന്റ് അംബാസിഡര്‍ എന്നതിലുപരി വലിയ ഔഡി ശേഖരത്തിന്റെ ഉടമയുമാണ് കോഹ്‌ലി. ഔഡിയുടെ ഒന്നാം തലമുറ ആര്‍8, ആര്‍8 എല്‍.എം. എക്‌സ്, എ8 എല്‍ ഡബ്ല്യു12 മുന്‍ തലമുറ മോഡല്‍, ഔഡി ക്യൂ7, എസ്6, അദ്ദേഹം ഏറ്റവുമൊടുവില്‍ സ്വന്തമാക്കിയ ഔഡി മോഡലായ ക്യു8 കൂപ്പെ എസ്.യു.വി. തുടങ്ങിയ ഔഡി വാഹനങ്ങളാണ് അദ്ദേഹത്തിന്റെ ഗ്യാരേജിലുള്ളത്.Source; Car And Bike

Content Highlights: Cricketer Virat Kohli And Audi India To Continue Association