ദുബായിയിലെ തന്റെ ഷൂട്ടിങ് ഇടവേളകളില്‍ ലോകത്തിലെ തന്നെ ഏറ്റവും കരുത്തനായ ഓഫ് റോഡ് വാഹനത്തെ കൈപിടിയില്‍ ഒതുക്കിയിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍ സ്റ്റാറായ സല്‍മാന്‍ ഖാന്‍. 

പൊളാരിസിന്റെ ആര്‍.ഇസഡ്.ആര്‍ 1000 എന്ന ഓഫ് റോഡ് വാഹനത്തിന്റെ ഡ്രൈവിങ് സീറ്റില്‍ സല്‍മാന്‍ ഖാന്‍ ഇരിക്കുന്നതിന്റെ ചിത്രങ്ങള്‍ പൊളാരിസ് ഇന്ത്യയുടെ എംഡി പങ്കജ് ദുബെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

ദുബായിയിലെ അല്‍ എയ്ന്‍ പ്രദേശത്ത് കൂടെയാണ് സല്‍മാന്‍ ഖാന്‍ വാഹനം ഓടിച്ചെന്നാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നത്. വാഹനങ്ങളെ കുറിച്ച് നല്ല അറിവുള്ള വ്യക്തിയാണ് സല്‍മാന്‍ ഖാനെന്നും ദുബെയുടെ പോസ്റ്റില്‍ പറയുന്നു.

അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ പൊളാരിസ് പുറത്തിറക്കുന്ന വൈറ്റ് ലൈറ്റിനിങ് മോഡല്‍ ആര്‍.ഇസഡ്.ആര്‍ 1000 ഓഫ് റോഡ് വാഹനത്തില്‍ സല്‍മാന്‍ ഖാന്‍ ഇരിക്കുന്നതിന്റെ ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്.

ഫോര്‍ വീല്‍, ടൂ വീല്‍ ഡ്രൈവ് മോഡുകളുള്ള ഈ വാഹനത്തിന് 999 സിസി കരുത്തില്‍ 110 എച്ച്പി പവര്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. 343 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുള്ള ഈ വാഹനത്തിന് 631 കിലോ ഭാരമുണ്ട്.