അമിതാഭ് ബച്ചനും, ഹൃത്വിക് റോഷനും പിന്നാലെ ആഡംബര എം.പി.വി മെഴ്‌സിഡസ് ബെന്‍സ് വി ക്ലാസ് സ്വന്തമാക്കി ബോളിവുഡ് താരസുന്ദരി ശില്‍പ ഷെട്ടി. വി-ക്ലാസിന്റെ അടിസ്ഥാന വേരിയന്റായ എക്‌സ്പ്രഷനാണ് താരം സ്വന്തം ഗ്യാരേജില്‍ എത്തിച്ചിരിക്കുന്നത്. 86.16 ലക്ഷം രൂപയാണ് ഈ ആഡംബര എം.പി.വിയുടെ മുംബൈയിലെ ഓണ്‍റോഡ് വില. 71.1 ലക്ഷം രൂപ മുതല്‍ 1.46 കോടി രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വില.
എക്‌സ്പ്രഷന്‍ വേരിന്റിന്റെ ലോങ്ങ് വീല്‍ബേസ് പതിപ്പാണ് ശില്‍പ്പ ഷെട്ടി സ്വന്തമാക്കിയത്. മാര്‍ക്കോ പോളോ, മാര്‍ക്കോ പോളോ ഹോറിസോണ്‍, എക്‌സ്‌ക്ലൂസീവ് എന്നീ വേരിയന്റുകള്‍ ആറ് സീറ്ററാണെങ്കിലും ലോങ്ങ് വീല്‍ ബേസ് മോഡലില്‍ ഏഴ് സീറ്റുകള്‍ ഒരുക്കിയിട്ടുണ്ട്. ഈ പതിപ്പിന് 5370 എം.എം. നീളവും 3430 എം.എം. വീല്‍ബേസുമാണുള്ളത്. അതേസമയം, റെഗുലര്‍ പതിപ്പിന് 5140 എം.എം. നീളവും 3200 എം.എം. വീല്‍ബേസുമാണ് നല്‍കിയിട്ടുള്ളത്.
2014 മുതല്‍ വിദേശ വിപണികളില്‍ വി-ക്ലാസ് എത്തുന്നുണ്ടെങ്കിലും ഇന്ത്യയില്‍ 2019 ജനുവരിയിലാണ് ഈ വാഹനം എത്തിയത്. വി-ക്ലാസിന്റെ മൂന്നാം തലുറയാണ് ബെന്‍സ് ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. ഇലക്ട്രിക് സ്ലൈഡിങ് ഡോര്‍, പനോരമിക് സണ്‍റൂഫ്, തെര്‍മോട്രോണിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, കമാന്റ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയ നിരവധി സംവിധാനങ്ങളാണ് ഈ വാഹനത്തിന് ആഡംബര ഭാവം ഒരുക്കുന്നത്.
ബിഎസ്-6 നിലവാരത്തിലുള്ള 2.1 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 161 ബിഎച്ച്പി പവറും 380 എന്‍എം ടോര്‍ക്കുമേകും. വേരിന്റുകള്‍ക്ക് അനുസരിച്ച് ഏഴ് സ്പീഡ് ഓട്ടോമാറ്റിക്, 9ജി ട്രോണിക് ഓട്ടോമാറ്റിക് എന്നീ ഗിയര്‍ബോക്‌സുകള്‍ ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കും. എലൈറ്റ് വേരിയന്റിലാണ് 9ജി ട്രോണിക് ഓട്ടോമാറ്റിക് നല്‍കിയിട്ടുള്ളത്. 10.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാനും ഈ വാഹനത്തിന് കഴിയും.
Content Highlights: Bollywood Actress Shilpa Shetty Buys Mercedes Benz V Class