ബോളിവുഡിലെ മിന്നുംതാരമായിരുന്നെങ്കിലും മേഘം, ചന്ദ്രലേഖ, ദൈവത്തിന്റെ മകന്‍ തുടങ്ങിയ സിനിമകളിലൂടെ മലയാളി മനസില്‍ ഇടംനേടിയ താരറാണിയാണ് പൂജ ബത്ര. വെള്ളിത്തിരയിലെ അസാന്നിധ്യത്തിലും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന പൂജ തന്റെ പുതിയ വാഹനത്തിന്റെ വിശേഷം ആരാധകരുമായി പങ്കുവെക്കുകയാണ്. 

ഇലക്ട്രിക് കാറുകളുടെ രാജാക്കന്‍മാര്‍, വാഹന സുരക്ഷയിലെ അവസാന വാക്ക് തുടങ്ങിയ വിശേഷണങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ടെസ്‌ലയുടെ മോഡല്‍-3 എന്ന ഇലക്ട്രിക് സെഡാനാണ് ഇപ്പോള്‍ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ താമസമാക്കിയിട്ടുള്ള പൂജ സ്വന്തമാക്കിയിരിക്കുന്നത്. 

ലൗ മൈ കാര്‍ എന്ന കുറിപ്പോടെ പൂജ തന്നെയാണ് പുതിയ കാറിന്റെ വിശേഷം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ടെസ്‌ലയില്‍ നിന്ന് ഇന്ത്യയില്‍ എത്തുന്ന ആദ്യ വാഹനമായിരിക്കും മോഡല്‍-3 എന്നാണ് മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍, ഇലക്ട്രിക് വാഹനങ്ങള്‍ സജീവമായശേഷം മാത്രം ഈ വാഹനത്തെ പ്രതീക്ഷിച്ചാല്‍ മതി.

ബിഎംഡബ്ല്യു ത്രീ സീരീസ്, മെഴ്‌സിഡീസ് സി-ക്ലാസ് ബെന്‍സ്, ജാഗ്വാര്‍ എക്‌സ്‌സി തുടങ്ങിയ ആഡംബര വാഹനങ്ങളുമായി മത്സരിക്കാനായിരിക്കും ടെസ്‌ല മോഡല്‍-3 ഇന്ത്യയിലെത്തുക. 70 ലക്ഷം രൂപയായിരിക്കും ഈ വാഹനം ഇന്ത്യയിലെത്തുമ്പോഴുള്ള വിലയെന്നും സൂചനകളുണ്ട്.

ടെസ്‌ലയില്‍ നിന്ന് പുറത്തിറങ്ങുന്ന ഏറ്റവും വില കുറഞ്ഞ വാഹനമാണ് മോഡല്‍ 3. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷിയാണ് ഈ വാഹനത്തിനുള്ളത്. 238 ബിഎച്ച്പി മുതല്‍ 450 ബിഎച്ച്പി വരെ ഉത്പാദിപ്പിക്കുന്ന മോട്ടോറുകള്‍ ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: Bollywood Actress Pooja Batra Bought New Tesla Model-3 Electric Sedan