ഡംബര വാഹനങ്ങളിലെ അഴകിന്റെ പ്രതീകമെന്ന് വിശേഷിപ്പിക്കാവുന്ന വാഹനമാണ് ഔഡി എ8 എന്ന ലക്ഷ്വറി സെഡാന്‍. ഈ അഴകിനെ സ്വന്തമാക്കിയിരിക്കുകയാണ് എം.എസ്.ധോണി ആന്‍ അണ്‍ ടോൾഡ് സ്‌റ്റോറി എന്ന സിനിമയിലൂടെ ശ്രദ്ധേയമായ ബോളിവുഡ് താരസുന്ദരി കിയാര അദ്വാനി. ഔഡി ഇന്ത്യയുടെ ഔദ്യോഗിക സാമൂഹിക മാധ്യമങ്ങളിലൂടെയാണ് താരം ഈ വാഹനം സ്വന്തമാക്കിയ വിവരം പങ്കുവെച്ചിരിക്കുന്നത്. 

പുരോഗതിയും സര്‍ഗാത്മഗതയും ഒരുമിച്ച് കൈകോര്‍ക്കുന്നു. ഔഡിയിലേക്ക് കിയാര അദ്വാനിയെ സ്വാഗതം ചെയ്യുന്നു. എന്ന തലക്കെട്ടോടെയാണ് താരത്തിന് വാഹനം കൈമാറുന്നതിന്റെ ചിത്രങ്ങള്‍ ഔഡി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഔഡി ഇന്ത്യയുടെ മേധാവി ബല്‍ബീര്‍ സിങ്ങ് ദില്ലാണ് താരത്തിന് വാഹനം കൈമാറിയത്. ഔഡി എ8 ലോങ്ങ് വീല്‍ബേസ് മോഡലാണ് കിയാരയുടെ ഗ്യാരേജിലേക്ക് എത്തിയിട്ടുള്ള മോഡല്‍.

ഏകദേശം 1.60 കോടി രൂപയാണ് ഈ ആഡംബര വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ഔഡി സ്‌പേസ്‌ഫ്രെയിം പ്ലാറ്റ്ഫോമില്‍ ഒരുങ്ങിയിട്ടുള്ള മോഡലാണ് എ8. സിംഗിള്‍ ഫ്രെയിം ഗ്രില്ല്, ലേസര്‍ ലൈറ്റോട് കൂടിയ എച്ച്ഡി മാട്രിക്‌സ് എല്‍.ഇ.ഡി ഹെഡ്‌ലൈറ്റ്, ഒ.എല്‍.ഇ.ഡി കോമ്പിനേഷന്‍ റിയര്‍ ലൈറ്റുകള്‍, കോണ്‍ട്രാസ്റ്റിംഗ് ഗ്രേ ഫിനീഷിലുള്ള അഞ്ച് സ്‌പോക് 19 ഇഞ്ച് കാസ്റ്റ് അലൂമിനിയം വീലുകള്‍ എന്നിവയാണ് എ8-ന്റെ 'സ്പോര്‍ട്ടി ലുക്ക്' സമ്മാനിക്കുന്നത്. 

വെര്‍ച്വല്‍ കോക്പിറ്റ് ഇന്റീരിയറുമായാണ് ഈ വാഹനം എത്തിയിട്ടുള്ളത്. ഡ്യുവല്‍ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിയര്‍ സീറ്റ് എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റം, മസാജിങ്ങ് സംവിധാനമുള്ള സീറ്റുകള്‍, കണക്ടഡ് കാര്‍ ഫീച്ചറുകള്‍, പനോരമിക് സണ്‍റൂഫ് തുടങ്ങി നിരവധി ആഡംബര ഫീച്ചറുകളാണ് ഈ വാഹനത്തിന്റെ അകത്തളത്തില്‍ ഒരുക്കിയിട്ടുള്ളത്. 

3.0 ലിറ്റര്‍ വി 6 പെട്രോള്‍ എന്‍ജിനാണ് എ 8- സെഡാന്റെ ഹൃദയം. 2995 സി.സി.യില്‍ 336 ബി.എച്ച്.പി പവറും 500 എന്‍.എം ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ഔഡിയുടെ എട്ട് സ്പീഡ് ടിപ്‌ട്രോണിക് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 5.7 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന എ8-ന്റെ പരമാവധി വേഗം മണിക്കൂറില്‍ 210 കിലോമീറ്ററാണ്.

Content Highlights: Bollywood actress Kiara Advani buys new Audi A8 L, Kiara Advani, Audi India