വെള്ളിത്തിരയില്‍ വ്യത്യസ്ത വേഷങ്ങള്‍ പകര്‍ന്നാടുന്ന താരമാണ് രണ്‍ദീപ് ഹൂഡ. കഥാപാത്രങ്ങള്‍ പോലെ തന്നെ വാഹനങ്ങളോടുള്ള അദ്ദേഹത്തിന്റെ കമ്പവും അല്‍പ്പം വേറിട്ടതാണ്. ബോളിവുഡിന്റെ തന്റെ സഹതാരങ്ങള്‍ മെഴ്‌സിഡസ്, ബി.എം.ഡബ്ല്യു, റോള്‍സ് റോയിസ് തുടങ്ങിയ ആഡംബര ഭീമന്മാരുടെ പിന്നാലെ പോകുമ്പോള്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള 4x4 വില്ലീസ് ജീപ്പാണ് രണ്‍ദീപ് ആഗ്രഹിച്ച് സ്വന്തമാക്കിയ തന്റെ സ്വപ്‌ന വാഹനം.

രണ്‍ദീപ് തന്നെയാണ് താന്‍ സ്വന്തമാക്കിയിട്ടുള്ള സ്വപ്‌നവാഹനത്തിന്റെ വിശേഷം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. പഞ്ചാബിലെ മോഗയിലുള്ള ഷൂട്ടിങ്ങ് സെറ്റില്‍ തന്റെ വിന്റേജ് വാഹനവുമായി എത്തിയതിന്റെ വീഡിയോയാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുള്ളത്. ഒറിജിനല്‍ ക്യാമല്‍ ബേജ് നിറം നല്‍കി മികച്ച രീതിയല്‍ റീസ്റ്റോര്‍ ചെയ്താണ് അദ്ദേഹം ഈ വാഹനം നിലനിര്‍ത്തിയിരിക്കുന്നത്. ഓപ്പണ്‍ റൂഫ് മോഡലാണ് ഈ വില്ലീസ്.

വിന്റേജ് ലുക്ക് നിലനിര്‍ത്തുന്നതിനായി നിരവധി ഘടകങ്ങളാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. ട്രഡീഷണല്‍ വാര്‍ ഡീക്കല്‍സ്, എക്‌സ്ട്രാ ലൈറ്റുകള്‍, ബമ്പറില്‍ നല്‍കിയിട്ടുള്ള പുള്ളിങ്ങ് റോപ്പ്, ഓഫ് റോഡ് വീലുകള്‍, സൈഡ് ബോഡിയില്‍ നല്‍കിയിട്ടുള്ള ഷൗവ്വലും മഴുവും, ഫുട്ട് സ്റ്റൈപ്പ്, വാഹനത്തിന്റെ നിറത്തിന് ഇണങ്ങുന്ന സീറ്റ് കവര്‍ എന്നിവ നല്‍കിയാണ് റണ്‍ദീപ് തന്റെ വില്ലീസിന്റെ വിന്റേജ് രൂപം നിലനിര്‍ത്തിയിട്ടുള്ളത്. 

ചെറുപ്പകാലം മുതലുള്ള സ്വപ്‌ന സാക്ഷാത്കാരമാണ് ഈ വീല്ലീസ് എന്നാണ് താരം പറയുന്നത്. കഴിഞ്ഞ 30 വര്‍ഷമായി താന്‍ ഈ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ചെറുപ്പകാലത്ത് ഉണ്ടായിരുന്ന മിലിറ്ററി വാഹനങ്ങളുടെ മാതൃകയിലുള്ള കളിപ്പാട്ട വാഹനങ്ങളാണ് വില്ലീസ് ജീപ്പിനോടുള്ള ആഗ്രത്തിന് പിന്നിലെന്നുമാണ് അദ്ദേഹം പറയുന്നത്. ഈ വാഹനത്തിന്റെ ഡിസൈന്‍, ദൃഢത, കരുത്ത് തുടങ്ങിയ ഘടകങ്ങള്‍ ഈ വാഹനത്തിലേക്ക് ആകര്‍ഷിച്ചിട്ടുള്ളവയാണ്.

തന്റെ ബന്ധുക്കളുടെയോ സുഹൃത്തുകളുടെയോ കൈവശം ഇത്തരത്തിലുള്ള വാഹനമില്ലെന്നതും ഈ വാഹനം സ്വന്തമാക്കാനുള്ള പ്രേരണയായിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഈ വാഹനത്തിലുള്ള ആദ്യ ദീര്‍ഘദൂര യാത്രയാണ് ഷൂട്ടിങ്ങിനായി പഞ്ചാബിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്. അവധി ദിവസങ്ങളിലെ ചെറിയ യാത്രകള്‍ക്കാണ് അദ്ദേഹം വില്ലീസ് സാധാരണയായി ഉപയോഗിക്കുന്നത്. മെഴ്‌സിഡസ് ബെന്‍സ് ജി.എല്‍.എസ്. ആണ് അദ്ദേഹത്തിന്റെ മറ്റൊരു വാഹനം.

Source: Cartoq

Content Highlights: Bollywood actor Randeep Hooda Buys Vintage Willys jeep, willys jeep, vintage vehicles