ഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡസ് അടുത്തിടെ ഇന്ത്യയില്‍ എത്തിച്ച അത്യാഡംബര മോഡലാണ് മേബാക്ക് ജി.എല്‍.എസ് 600 എന്ന എസ്.യു.വി. വെറും 50 എണ്ണം മാത്രമെത്തിയിട്ടുള്ള ഈ വാഹനം സ്വന്തമാക്കാന്‍ മത്സരിച്ചാണ് ബെന്‍സ് ആരാധകര്‍ രംഗത്തെത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് സെലിബ്രറ്റികളുടെ ഇഷ്ടവാഹനമായ ഈ മോഡല്‍ ഔറംഗസേബ്, ടൂ സ്റ്റേറ്റ്സ്, ഹാഫ് ഗേള്‍ഫ്രണ്ട്, പാനിപത് തുടങ്ങിയ സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ കപൂറും സ്വന്തമാക്കിയിരിക്കുകയാണ്.

മെഴ്‌സിഡസിന്റെ മുംബൈയിലെ ഷോറൂമില്‍ നിന്നാണ് അദ്ദേഹം തന്റെ ഇഷ്ട വാഹനം സ്വന്തമാക്കിയത്. അത്യാഡംബര സംവിധാനങ്ങളുടെ അകമ്പടിയില്‍ എത്തിയിട്ടുള്ള മേബാക്ക് ജി.എല്‍.എസ് 600 എസ്.യു.വിക്ക് 2.43 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. 2021-ല്‍ മാത്രം അര്‍ജുന്‍ കപൂറിന്റെ ഗ്യാരേജിലെത്തുന്ന രണ്ടാമത്തെ എസ്.യു.വിയാണ് മേബാക്ക് ജി.എല്‍.എസ് 600. റേഞ്ച് റോവര്‍ ഡിഫന്‍ഡര്‍ 110 ആണ് ഇതിനുമുമ്പ് അദ്ദേഹം സ്വന്തമാക്കിയ എസ്.യു.വി. 

Mercedes Maybac

പുറംമോടിയിലെ സൗന്ദര്യത്തെക്കാള്‍ ഉപരി അകത്തളത്തില്‍ ഒരുക്കിയിട്ടുള്ള കണ്ണഞ്ചിപ്പിക്കുന്ന ആഡംബരമാണ് മേബാക്ക് ജി.എല്‍.എസ് 600 എസ്.യു.വിയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. 4-5 സീറ്റിങ്ങ് ഓപ്ഷനുകളില്‍ ഇത് എത്തുന്നുണ്ട്. സ്ലൈഡ് ചെയ്യാനും ടില്‍റ്റ് ചെയ്യാനും സാധിക്കുന്ന പനോരമിക് സണ്‍റൂഫ്, ആള്‍ട്ര കംഫോര്‍ട്ടബിള്‍ ബ്ലോസ്റ്റേഡ് വെന്റിലേറ്റഡ്, മസാജിങ് സീറ്റുകള്‍, പീന്‍ സീറ്റ് യാത്രക്കാര്‍ക്കാര്‍ ഡിസ്പ്ലേ സ്‌ക്രീനുകള്‍ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. 

4.0 ലിറ്റര്‍ വി 8 ബൈ-ടര്‍ബോ എന്‍ജിനാണ് മെഴ്സിഡസ് മേബാക്ക് ജി.എല്‍.എസ്.600-ല്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 542 ബി.എച്ച്.പി. പവറും 730 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 9-ജി ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇതിലെ ട്രാന്‍സ്മിഷന്‍. എന്‍ജിനൊപ്പം നല്‍കിയിട്ടുള്ള 48 വോള്‍ട്ട് EQ ബൂസ്റ്റ് സിസ്റ്റം ആവശ്യമുള്ള സമയങ്ങളില്‍ 250 എന്‍.എം. അധിക ടോര്‍ക്കും 21 ബി.എച്ച്.പി. പവറും നല്‍കും. 4.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും ഈ വാഹനത്തിനുണ്ട്.

Mercedes Maybach GLS600

ബോളിവുഡ് സിനിമയിലെ കടുത്ത വാഹനപ്രേമികളുടെ പട്ടികയില്‍ ഇടംനേടിയിട്ടുള്ള താരമാണ് അര്‍ജുന്‍ കപൂറും. 2.43 കോടി രൂപ വിലയുള്ള മേബാക്ക് ജി.എല്‍.എസ് 600-നൊപ്പം, 1.13 കോടി രൂപയുടെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡന്‍ 110, 1.65 കോടി രൂപ എക്‌സ്‌ഷോറൂം വില മസൊരാറ്റി ലെവാന്റെ, ഔഡി Q5, ഹോണ്ട് സി.ആര്‍.വി. തുടങ്ങിയ വാഹനങ്ങളും അദ്ദേഹത്തിന്റെ ഗ്യാരേജിലുണ്ട്.

Content Highlights: Bollywood Actor Arjun Kapoor Buys Mercedes-Maybach GLS 600 SUV