കോടികള്‍ വിലയുള്ള വാഹനങ്ങള്‍ അരങ്ങ് തകര്‍ക്കുന്ന അമിതാഭ് ബച്ചന്റെ ഗ്യാരേജിലേക്ക് ടൊയോട്ടയുടെ എം.പി.വി. മോഡലായ ഇന്നോവ ക്രിസ്റ്റയുടെ പുതിയ പതിപ്പും എത്തി. കഴിഞ്ഞ മാസം ടൊയോട്ട അവതരിപ്പിച്ച ഇന്നോവ ക്രിസ്റ്റയുടെ മുഖം മിനുക്കിയ മോഡലാണ് ബിഗ് ബിയുടെ ഗ്യാരേജിലെ പുത്തന്‍ അഥിതിയായി എത്തിയത്. 

ടൊയോട്ട ഡീലര്‍ഷിപ്പ് ഉദ്യോഗസ്ഥര്‍ അമിതാഭ് ബച്ചന് വാഹനം കൈമാറുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, ക്രിസ്റ്റയുടെ ഏത് വേരിയന്റാണ് അദ്ദേഹം വാങ്ങിയതെന്ന് വ്യക്തമായിട്ടില്ല. 16.26 ലക്ഷം രൂപ മുതല്‍ 24.33 ലക്ഷം രൂപ വരെയാണ് മുഖം മിനുക്കിയ ക്രിസ്റ്റയുടെ ഇന്ത്യയിലെ എക്‌സ്‌ഷോറും വില.

ട്രെപ്സോയിഡല്‍ പിയാനോ ബ്ലാക്ക് ഗ്രില്ല്, കൂര്‍ത്ത മുനയുള്ള പുതിയ ബംമ്പര്‍, പുതിയ ഡിസൈനിലുള്ള ഡയമണ്ട് കട്ട് അലോയി വീലുകള്‍ എന്നിവയാണ് ഇന്നോവ ക്രിസ്റ്റയില്‍ വരുത്തിയിട്ടുള്ള പുതുമകള്‍. കണക്ടഡ് കാര്‍ സാങ്കേതികവിദ്യയിലുള്ള ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ വാഹനത്തിന്റെ സാങ്കേതിക മികവ്‌ തെളിയിക്കുന്നു. 

2.7 പെട്രോള്‍ എന്‍ജിനിലും 2.4 ഡീസല്‍ എന്‍ജിനിലുമാണ് ഇന്നോവ ക്രിസ്റ്റ വിപണിയില്‍ എത്തിയിട്ടുള്ളത്. പെട്രോള്‍ എന്‍ജിന്‍ 164 ബി.എച്ച്.പി പവറും 245 എന്‍.എം ടോര്‍ക്കും ഡീസല്‍ എന്‍ജിന്‍ 148 ബി.എച്ച്.പി പവറും 343 എന്‍.എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍.

ആഡംബര വാഹനങ്ങളുടെ നീണ്ട നിരയാണ് ബിഗ് ബിയുടെ ഗ്യാരേജിലുള്ളത്. മെഴ്‌സിഡീസ് ബെന്‍സ് എസ്-ക്ലാസ്, വി-ക്ലാസ്, റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി, ലെക്‌സസ് എല്‍.എക്‌സ്570, ബെന്റ്‌ലി കോണ്ടിനെന്റല്‍ ജി.ടി, പോര്‍ഷെ കയേന്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ വാഹനശേഖരത്തിലെ വമ്പന്‍മാര്‍.

Content Highlights: Bollywood Actor Amitabh Bachchan Bought Toyota Innova Crysta