ലാന്‍ഡ് റോവര്‍ ഇന്ത്യയിലെത്തിച്ച ഏറ്റവും പുതിയ വാഹനമായ ഡിഫന്‍ഡര്‍ സ്വന്തമാക്കി ലൗയാത്രി എന്ന സിനിമയിലൂടെ ബോളിവുഡിൽ ശ്രദ്ധേയനായ ആയുഷ് ശര്‍മ, . ഈ എസ്.യു.വിയുടെ അഞ്ച് ഡോര്‍ പതിപ്പായ ഡിഫന്‍ഡര്‍ 110 ആണ് ആയുഷ് ശര്‍മ സ്വന്തമാക്കിയത്. 79.94 ലക്ഷം രൂപ മുതല്‍ 89.63 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

ഡിഫന്‍ഡറിന്റെ സാന്റോറിനി ബ്ലാക്ക് നിറത്തിലുള്ള വാഹനമാണ് ആയുഷ് തന്റെ ഗ്യാരേജില്‍ എത്തിച്ചിരിക്കുന്നത്. വാഹനത്തിന്റെ ഒപ്പമുള്ള ഫോട്ടോ അദ്ദേഹം തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ത്രീ ഡോര്‍, ഫൈവ് ഡോര്‍ മോഡലുകള്‍ ഇന്ത്യയില്‍ എത്തുന്നുണ്ടെങ്കിലും ഫൈവ് ഡോര്‍ മോഡലിന്റെ ഡെലിവറിയാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. 

ലാന്‍ഡ് റോവറിന്റെ പുതുതലമുറ ഡി7എക്‌സ് ആര്‍ക്കിടെക്ച്ചറില്‍ മോണോകോക്ക് ഷാസിയിലാണ് ഡിഫന്‍ഡര്‍ എത്തിയിട്ടുള്ളത്. ത്രീ ഡോര്‍, ഫൈവ് ഡോര്‍ പതിപ്പുകളിലായി ബെയ്‌സ്, എസ്, എസ്.ഇ, എച്ച്.എസ്.ഇ, ഫസ്റ്റ് എഡിഷന്‍ എന്നീ അഞ്ച് വകഭേദങ്ങളിലാണ് ഈ വാഹനം പുറത്തിറങ്ങിയിട്ടുള്ളത്. ഒക്ടോബര്‍ 15-നാണ് ഈ വാഹനം ഇന്ത്യയില്‍ അവതരിപ്പിച്ചത്. 

മുന്‍ മോഡലിലെ ബോക്‌സി രൂപം നിലനിര്‍ത്തി പുതിയ ഡിസൈന്‍ ശൈലികള്‍ നല്‍കിയാണ് പുതുതലമുറ ഡിഫന്‍ഡര്‍ എസ്.യു.വി ലാന്‍ഡ് റോവര്‍ നിരത്തുകളിലെത്തിക്കുന്നത്. ലാന്‍ഡ് റോവറിന്റെ ഡി.സി 100 കണ്‍സെപ്റ്റില്‍ മോഡലിനോടും സാമ്യം തോന്നുന്ന ഡിസൈനാണ്. 5018 എം.എം നീളവും 2105 എം.എം വീതിയും 1967 എം.എം ഉയരവും 3022 എം.എം. വീല്‍വേസുമാണ് ഡിഫന്‍ഡറിലുള്ളത്. 

2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലാണ് ഡിഫന്‍ഡര്‍ ഇന്ത്യന്‍ നിരത്തിലെത്തിയിട്ടുള്ളത്. ഇത് 292 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കുമേകും. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലെത്തുന്ന ഈ വാഹനത്തില്‍ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും ഒരുക്കും. 145 ഡിഗ്രി വരെ ചെരിവുള്ള പ്രതലത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ടെറൈന്‍ റെസ്പോണ്‍സ് സംവിധാനവും ഇതിലുണ്ട്.

Content Highlights: Bollywood Actor Aayush Sharma Bought Land Rover Defender 110