ബാഹുബലി എന്ന ചിത്രത്തിലെ അമാനുഷിക പ്രകടനത്തിലൂടെ ശ്രദ്ധേയനായ താരമാണ് പ്രഭാസ്. സൂപ്പര്‍ കാറുകളുടെ ആരാധകനായ ഈ സൂപ്പര്‍ സ്റ്റാര്‍ ലംബോര്‍ഗിനിയുടെ ഏറ്റവും വില കൂടിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. ലംബോര്‍ഗിനിയുടെ സ്‌പോര്‍ട്‌സ് കാറുകളില്‍ കേമനായ അവന്റഡോര്‍ എസ് റോഡ്‌സ്റ്റര്‍ എന്ന മോഡലാണ് താരത്തിന്റെ സൂപ്പര്‍ കാറുകളിലെ ഏറ്റവും പുതിയ താരം.

ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ അള്‍ട്ര ലക്ഷ്വറി സൂപ്പര്‍ കാറാണ് അവന്റഡോര്‍ എസ് റോഡ്‌സ്റ്റര്‍. ഇന്ത്യയില്‍ ഏകദേശം ആറ് കോടി രൂപയോളമാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വില. ഇന്ത്യന്‍ സിനിമതാരങ്ങളില്‍ അവന്റഡോര്‍ എസ് റോഡ്‌സ്റ്റര്‍ സൂപ്പര്‍ കാര്‍ സ്വന്തമാക്കിയിട്ടുള്ള ഏക സിനിമതാരം പ്രഭാസാണെന്നാണ് സൂചന. 

അരാന്‍സിയോ അര്‍ഗോസ് നിറത്തിലുള്ള വാഹനമാണ് പ്രഭാസിന്റെ ഗ്യാരേജില്‍ എത്തിയിട്ടുള്ളത്. പുതുതായെത്തിയ ലംബോര്‍ഗിനി അവന്റഡോര്‍ എസ് റോഡ്‌സ്റ്ററിന് പുറമെ, റോള്‍സ് റോയിസ് ഫാന്റം, ബി.എം.ഡബ്ല്യു എക്‌സ്3, ജഗ്വാര്‍ എക്‌സ്.ജെ.ആര്‍. തുടങ്ങിയ ആഡംബര വാഹനങ്ങളും അദ്ദേഹത്തിന്റെ ഗ്യാരേജിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

6.5 ലിറ്റര്‍ വി12 എന്‍ജിനാണ് ലംബോര്‍ഗിനി അവന്റഡോര്‍ സൂപ്പര്‍ കാറിന് കരുത്തേകുന്നത്. ഈ എന്‍ജിന്‍ 730 ബി.എച്ച്.പി പവറും 690 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാന്‍സ്മിഷന്‍. 2.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ സൂപ്പര്‍ കാറിന്റെ പരമാവധി വേഗത 350 കിലോമീറ്ററാണ്.

Content Highlights: Baahubali Actor Prabhas Buys Lamborghini Aventador S Roadster