രു കരുത്തനെ മെരുക്കിയെടുക്കാന്‍ തയ്യാറായാണ് അനുമോള്‍ മഹീന്ദ്ര താര്‍ സി.ആര്‍.ഡി.ഇ 4x4-ന്റെ ഡ്രൈവിങ് സീറ്റിലിരുന്നത്. മഴനൂലുകള്‍ നൃത്തം വെക്കുന്ന പ്രഭാതത്തില്‍ കൊച്ചി നഗരത്തിരക്കിലൂടെ ഡ്രൈവ് ചെയ്ത് ഫോര്‍ട്ട് കൊച്ചിയിലേക്കും മട്ടാഞ്ചേരിയിലേക്കും ഒരു യാത്ര. സ്ഥിരം ഹ്യൂണ്ടായി ഐ10 ഡ്രൈവ് ചെയ്ത് എല്ലായിടത്തും കറങ്ങുന്ന അനുവിന് ഡ്രൈവിങ് ക്രേസാണ്. അതിനാല്‍ ഡ്രൈവ് ചെയ്ത് ഒരു യാത്രയെന്ന് കേട്ടപ്പോള്‍ ഡബിള്‍ഹാപ്പി. 

"ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ഒരു ക്രിസ്മസ് വെക്കേഷനിലാണ് ഞാന്‍ ആദ്യമായി ജീപ്പോടിച്ചത്. അങ്ങാടിപ്പുറത്തെ വലിയച്ഛനാണ് ആദ്യമായി സ്റ്റിയറിങ് തന്നത്."

സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ക്കേ ജീപ്പിന്റെ സ്റ്റിയറിങ്ങ് പിടിച്ചു തുടങ്ങിയതാണ് അനു. അതുകൊണ്ടാണ് യാത്ര ജീപ്പിലാക്കിയത്. "നാഗര്‍കോവില്‍ നിന്ന് വൈകീട്ട് ആറരയ്ക്ക് പുറപ്പെട്ട് വെളുപ്പിന് ഒരു മണിക്ക് കൊച്ചിയില്‍, പട്ടാമ്പി നടുവട്ടത്തില്‍ നിന്ന് രാവിലെ നാലു മണിക്ക് പുറപ്പെട്ട് മൂന്നര മണിക്കൂറിനുള്ളില്‍ കൊച്ചിയില്‍... ഇങ്ങനെ ദീര്‍ഘദൂര ഡ്രൈവിങ്ങ് ചെയ്തിട്ടുള്ളതിനാല്‍ ഈ താര്‍ 4x4 ല്‍ ഒരു ദീര്‍ഘദൂരയാത്ര നടത്താനൊരു മോഹം" ജീപ്പിന്റെ ആക്‌സിലേറ്ററില്‍ കാല്‍ അമര്‍ത്തുന്നതിനുമുമ്പ്, സ്റ്റിയറിങ്ങില്‍ തൊട്ട് വന്ദിച്ചു അനു പറഞ്ഞു. 

Anumol Driving
ഫോട്ടോ; ജമേഷ് കോട്ടക്കല്‍

ഒരു എക്‌സ്‌പെര്‍ട്ട് ഡൈവറുടെ കയ്യടക്കത്തോടെ അനു മുന്നോട്ടു നീങ്ങി ഹൈറേഞ്ചിലും വനപാതകളിലും സുഗമമായ യാത്രയ്ക്ക് ഉപയോഗിക്കുന്ന ഇവനെ ഈ പെണ്‍കുട്ടി എങ്ങോട്ടാണ് കൊണ്ടു പോകുന്നതെന്ന ചോദ്യമായിരുന്നു റോഡരികിലും മറ്റു വാഹനങ്ങളിലുമുള്ളവരുടെ നോട്ടത്തില്‍. 'ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ഒരു ക്രിസ്മസ് വെക്കേഷനിലാണ് ഞാന്‍ ആദ്യമായി ജീപ്പോടിച്ചത്. അങ്ങാടിപ്പുറത്തെ വലിയച്ഛനാണ് ആദ്യമായി സ്റ്റിയറിങ് തന്നത്. ആ വേക്കേഷന്‍ കാലത്ത് 10 ദിവസത്തില്‍ എട്ടു ദിവസം കൊണ്ട് ഞാന്‍ ഡ്രൈവിങ് പഠിച്ചു. എന്റെ വീട്ടിലും ജീപ്പുണ്ടായിരുന്നു. അതിനാല്‍ ആദ്യത്തെ ഡ്രൈവിങ് അഭ്യാസമൊക്കെ ജീപ്പിലായിരുന്നു." ഡ്രൈവിങ്ങിന്റെ സൂക്ഷ്മത കൈവിടാതെ അനു സംസാരത്തിലേക്ക്..

Anumol
ഫോട്ടോ; ജമേഷ് കോട്ടക്കല്‍

മരട് പാലത്തില്‍ ജീപ്പെത്തിയപ്പോള്‍ ബൈക്കിലെത്തിയ കുറച്ചു ചെറുപ്പക്കാര്‍ അനുവിനെ തിരിച്ചറിഞ്ഞു: 'ഈ ഡ്രൈവര്‍ കൊള്ളാമല്ലോ. ഞങ്ങള്‍ക്ക് സൈഡ് തരാതെ എങ്ങോട്ടാണ് യാത്ര?' മറുപടി അനു ചിരിയില്‍ ഒതുക്കി. "വീട്ടില്‍ ജീപ്പുള്ളതിനാല്‍ കുട്ടിയായിരുന്നപ്പോള്‍, എല്‍.കെ.ജി മുതല്‍ ഞാന്‍ ഡ്രൈവറുടെ മടിത്തട്ടിലിരുന്നാണ് പോവുക. അതു കൊണ്ട് എല്ലാ കാലത്തും ഞാന്‍ ഡ്രൈവിങ് സീറ്റിലാണ്. അവിടുന്ന് മാറിയിരിക്കാനുള്ള പ്രായമായപ്പോഴേക്കും ഞാന്‍ ഡ്രൈവിങ്ങുംപഠിച്ചു."

മഴ അല്പം മാറിയതിനാല്‍  മരട് പാലത്തിനു കീഴെ ചൂണ്ടയില്‍ മീന്‍ പിടിക്കുന്നവരുടെ വലിയൊരു സംഘമുണ്ട്. അനു അവരുടെ അടുത്ത് നിര്‍ത്തി. പാലത്തിന്റെ തൂണിലിരുന്ന ചൂണ്ടക്കാര്‍ തങ്ങളുടെ അടുത്തേക്ക് ഒരു ജീപ്പ് വരുന്നതു കണ്ടപ്പോള്‍ ഒന്നു പകച്ചു. കുഴപ്പക്കാരൊന്നുമല്ലെന്ന് മനസിലായപ്പോള്‍ അവരില്‍ പലരും കുശലാന്വേഷണത്തിനെത്തി. 

anumol
ഫോട്ടോ; ജമേഷ് കോട്ടക്കല്‍

"ഞാന്‍ ഇപ്പോള്‍ അഞ്ചു വര്‍ഷത്തിനു ശേഷം ജീപ്പോടിക്കുകയാണ്. വലിയ സ്‌പേസുള്ളതിനാല്‍ ഓപ്പണ്‍നെസ് ഫീല്‍ ചെയ്യുന്ന വാഹനമാണിത്. ഡോറില്ലാത്ത ജീപ്പിലേക്ക് എല്ലാ ഭാഗത്തു നിന്നും കാറ്റ് വരുമ്പോള്‍ നമ്മള്‍ക്ക് പറക്കുന്ന അനുഭവമാണ്". തനിക്ക് കിട്ടിയ പുതിയ കൂട്ടുകാരന്‍ താര്‍ 4x4 നൊപ്പം കുറച്ചു ഫോട്ടോകള്‍ക്ക് പോസ് ചെയ്ത് അനു വീണ്ടും ഡ്രൈവിങ് സീറ്റില്‍ കയറി. പാലത്തിനു കീഴെയുള്ള ചെളി പുതഞ്ഞ ചെമ്മണ്ണ് റോഡില്‍ നിന്ന് മുകളിലെ റോഡിലേക്ക് കയറുമ്പോള്‍ താര്‍4x4 ഒന്നു മുരണ്ടു. ഫോര്‍വീലര്‍ ജീപ്പായതിനാല്‍ നിഷ്പ്രയാസം ഗിയര്‍ ചെയ്ഞ്ച് ചെയ്ത് അവനെ വരുതിയിലാക്കി അനു. 

Star And Style
പുതിയ ലക്കം
സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍
വാങ്ങാം

"കൊച്ചിയുടെ ട്രാഫിക്കാണ് നമ്മുടെ സമയം അപഹരിച്ചത്. വാഹനങ്ങള്‍ കുറവാണെങ്കില്‍ 30 മിനുട്ടിനുള്ളില്‍ ഫോര്‍ട്ട് കൊച്ചി പിടിക്കാം. എനിക്ക് ആദ്യം വീട്ടില്‍ നിന്ന് വാങ്ങിച്ചു തന്നത് മാരുതി 800 ആണ്. ഞാന്‍ ജീപ്പോടിച്ചു നടക്കുന്നതു കണ്ടിട്ട്, 'പെണ്‍കുട്ടിയല്ലേ ജീപ്പോടിച്ച് നടക്കുന്നതെന്ന' ആള്‍ക്കാരുടെ ചോദ്യം കേട്ടിട്ടാണ് മാരുതി വാങ്ങി തന്നത്. പിന്നെ ഒരു ആള്‍ട്ടോ കിട്ടി. ഇപ്പോള്‍ ഹ്യൂണ്ടായി ഐ 10 നും" ഫോര്‍ട്ട് കൊച്ചിയിലെ ലക്ഷ്യമാക്കി സാമാന്യം സ്പീഡില്‍ പോകുമ്പോള്‍ വഴിയില്‍ ട്രാഫിക് പോലീസിന്റെ ചെക്കിങ്. ഹെവി വെഹിക്കിള്‍ മാത്രമേ അവര്‍ ചെക്ക് ചെയ്യുന്നുള്ളൂ. അതിനാല്‍ മുന്നോട്ടു പോകാനുള്ള സിഗ്നല്‍ എളുപ്പം കിട്ടി. അപ്പോഴേക്കും മഴ വീണ്ടും കനത്തു. 

വെള്ളത്തുള്ളികള്‍ ജീപ്പിന്റെ മുകളില്‍ താളമിട്ടു. വൈപ്പര്‍ മഴത്തുള്ളികളെ തുടച്ചെടുത്ത് മുന്നോട്ട് വഴികാട്ടിയായി. "എന്റെ ലോങ്ഡ്രൈവ് അധികവും രാത്രിയിലാണ്. അപ്പോള്‍ മഴ കൂടിയുണ്ടെങ്കില്‍ അതില്‍ പരം സന്തോഷം വേറെയില്ല, അപ്പോള്‍ എന്റെ കൂടെയിരിക്കുന്ന അമ്മ മഴയെ പ്രാകുകയായിരിക്കും. രാത്രി ഡ്രൈവ് ചെയ്യുമ്പോള്‍ എന്‍ജോയ്‌ചെയ്ത് ഡ്രൈവ് ചെയ്യുന്നതിനാല്‍ ഞാന്‍ ഉറങ്ങുകയില്ലെന്നാണ് എന്റെ വിശ്വാസം."

Anumol
ഫോട്ടോ; ജമേഷ് കോട്ടക്കല്‍

ഫോര്‍ട്ട് കൊച്ചിയിലെത്താറായപ്പോള്‍ മഴമാറി മാനം തെളിഞ്ഞിരുന്നു. അനു ജീപ്പ് സെന്റ് ഫ്രാന്‍സിസ് സി.എസ്.ഐ ചര്‍ച്ചിനു മുന്നില്‍ നിര്‍ത്തി. ഫോര്‍ട്ട് കൊച്ചിയിലെ പ്രാചീനമായ പോര്‍ച്ചുഗീസ് ചര്‍ച്ചാണിത്. വാസ്‌കോഡഗാമയുടെ ഓര്‍മ്മകള്‍ നിലനിര്‍ത്തുന്ന ചരിത്രത്തിന്റെ അവശേഷിപ്പുകളില്‍ ഒന്ന്. "ഞാന്‍ ഇവിടെ ആദ്യം വന്നത് അന്നയും റസൂലിന്റെയും ഷൂട്ടിങ്ങ് സമയത്താണ്. ചിത്രത്തില്‍ ഞാന്‍ വേഷമിട്ടില്ലെങ്കിലും ആ ക്രൂവിനൊപ്പം കുറേ ദിവസങ്ങള്‍ ഞാന്‍ ചെലവഴിച്ചിരുന്നു." തൊട്ടടുത്തുള്ള വഴിയോരക്കച്ചവടങ്ങള്‍ക്കിടയില്‍ കണ്ണുകളുടക്കിയ അനു ഒരു ചിത്രത്തുന്നലുള്ള ഒരു ബാഗ് വാങ്ങി, വീണ്ടു ജീപ്പ് ഡ്രൈവറായി ഫോര്‍ട്ട് കൊച്ചിയിലെ വിവിധ ടൂറിസറ്റ് ഡെസ്റ്റിനേഷനുകളിലേക്ക്...

'നല്ല വിശപ്പ്, നമുക്ക് ഭക്ഷണം കഴിക്കാന്‍ 'കയീസി'ല്‍ പോയാലോ. എം.എഫ് ഹുസൈനെപ്പോലുള്ള കലാകാരന്‍മാര്‍ വന്ന് ഭക്ഷണം കഴിച്ച സ്ഥലമല്ലേയെന്ന്' പറഞ്ഞ് നേരെ ഹോട്ടല്‍ കയീസിലേക്ക്. ഭക്ഷണം കഴിച്ചതിനു ശേഷം പിന്നീടുള്ള യാത്ര മട്ടാഞ്ചേരിക്കായിരുന്നു. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് മട്ടാഞ്ചേരിക്കുള്ള ഷോര്‍ട്ട് കട്ടായ ഇടുങ്ങിയ വഴിയിലേക്ക് കറിയപ്പോള്‍ അനുവിന് സ്പീഡ് നന്നായി കുറയ്‌ക്കേണ്ടി വന്നു. "എന്റെ മൂഡിനനുസരിച്ചാണ് ഞാന്‍ ഡ്രൈവിങ്ങിന്റെ സ്പീഡ് കൂട്ടുന്നത്. നല്ല ദേഷ്യത്തിലാണെങ്കില്‍ ഡ്രൈവിങ്ങിന് സ്പീഡ് കൂടും. ഒരിക്കല്‍ നടുവട്ടത്തിലെ വീട്ടില്‍ നിന്ന് രണ്ടു മണിക്കൂറും അഞ്ച് മിനുട്ടും കൊണ്ട്  ഏറണാകുളത്തെത്തിയിട്ടുണ്ട്. അതൊരു റെക്കോഡ് സ്പീഡാണ്."

Anumol
ഫോട്ടോ; ജമേഷ് കോട്ടക്കല്‍

വൈകിട്ട് നാലിന് മട്ടാഞ്ചേരിയിലെ ജൂതത്തെരുവിലെത്തിയപ്പോഴേക്കും മഴ വീണ്ടും. ആന്റിക് ഷോപ്പിനടുത്ത് ജീപ്പ് പാര്‍ക്കുചെയ്തു ഒരു കുടയുമായി അനു പുറത്തിറങ്ങി. "ഈ കുട കൊച്ചിന്‍ മീഡിയ സ്‌കൂളിന്റേതാണ്. ഞാന്‍ അതിന്റെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറാണ്." .മഴയ്ക്ക് ശക്തി കൂടിയതോടെ അനു വീണ്ടും ജീപ്പിലേക്ക്...

മട്ടാഞ്ചേരിയില്‍ നിന്ന് തിരിച്ചുള്ള യാത്ര. "എന്റെ ആദ്യത്തെ ദീര്‍ഘദൂര ഡ്രെവിങ് പട്ടാമ്പിയില്‍ നിന്ന് പഴനിയിലേക്കാണ്. അതിനു മുമ്പ് നടുവട്ടത്തില്‍ നിന്ന് ഗുരുവായൂരമ്പലത്തിലേക്ക് പോകുന്നതായിരുന്നു എന്റെ ദീര്‍ഘദൂരഡ്രൈവിങ്ങ്".

Anumol
ഫോട്ടോ; ജമേഷ് കോട്ടക്കല്‍

വില്ലിങ്ടണ്‍ ഐലന്റ് റോഡിലെത്തിയതോടെ സ്ട്രെയ്റ്റ് റോഡ്. അനു ആക്‌സലേറ്ററില്‍ കാല്‍ അമര്‍ത്തുന്നതനുസരിച്ച് താര്‍ 4x4ന്റെ സ്പീഡ് മീറ്ററില്‍ 70 കിലോമീറ്റര്‍ സ്പീഡ്. എതിര്‍ ദിശയില്‍ നിന്ന ഒരു കണ്ടെയ്‌നര്‍ ട്രെയ്‌ലര്‍ വന്നപ്പോള്‍ സ്പീഡ് കുറച്ചു. സ്പീഡ് കൂട്ടിയും കുറച്ചുമുള്ള ഡ്രൈവിങ്ങില്‍ നഗരത്തിരക്കിലേക്ക് കടന്നതോടെ താര്‍ 4x4-ന് ഇഴഞ്ഞു നീങ്ങേണ്ടി വന്നു. മരടിലെ ടി.വി.സുന്ദരം അയ്യങ്കാര്‍ ആന്റ് സണ്‍സില്‍ താര്‍ 4x4 നെ തിരിച്ചേല്പിക്കുമ്പോള്‍ സമയം ഏഴുമണി. "എനിക്ക് അമ്മ ഇന്ന് 8.00 മണി വരെ പെര്‍മിഷന്‍ തന്നതാണ്, താര്‍4x4നെ ഓടിച്ച് കൊതി തീര്‍ന്നിട്ടില്ല. പക്ഷേ, ഇവനെ തിരിച്ചേല്പിക്കണമല്ലോ, ഇപ്പോള്‍ എനിക്ക് ഒരു ജീപ്പ് വാങ്ങിയാലോ എന്നൊരു മോഹം. - "തന്റെ സന്തതസഹചാരിയായ ഹ്യൂണ്ടായ് ഐ 10 നിലേക്ക് കയറുന്നതിനിടെ അനു.

Anumol
ഫോട്ടോ; ജമേഷ് കോട്ടക്കല്‍

(2013 സെപ്തംബര്‍ ലക്കം സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലില്‍ പ്രസിദ്ധീകരിച്ചത്)