ഹീന്ദ്രയുടെ പുതിയ ആള്‍ട്ടുറാസ് ജി4 എസ്.യു.വി സ്വന്തമാക്കി മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. 27 ലക്ഷം രൂപ മുതല്‍ 30 ലക്ഷം വരെയാണ് ഇന്ത്യയില്‍ ആള്‍ട്ടുറാസിന്റെ എക്സ്ഷോറൂം വില. മഹീന്ദ്രയുടെ ഏറ്റവും വില കൂടിയ ഫ്‌ളാഗ്ഷിപ്പ് മോഡലും ഇതാണ്. ആനന്ദ് മഹീന്ദ്രയുടെ കൈവശമുള്ള മഹീന്ദ്രയുടെ തന്നെ ടിയുവി 300, എക്സ് യുവി 500 തുടങ്ങിയ നിരവധി മോഡലുകളുടെ കൂട്ടത്തിലേക്കാണ് പുതിയ ആള്‍ട്ടൂറാസും എത്തിയത്‌. 

ആള്‍ട്ടൂറാസ് സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച്‌ വാഹനത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങുന്ന ചിത്രം ട്വിറ്ററില്‍ ആനന്ദ് മഹീന്ദ്ര പോസ്റ്റ് ചെയ്തിട്ടുമുണ്ട്. നേരത്തെ തന്റെ യാത്രകളില്‍ കൂട്ടായിരുന്ന ടിയുവി 300-നെ ഗ്രേ ഗോസ്റ്റ് എന്നാണ് ആനന്ദ് മഹീന്ദ്ര വിശേഷിപ്പിച്ചിരുന്നത്. അതുപോലെ പുതിയ മോഡലിന് ആകര്‍ഷകമായ ഒരു പേര് നിര്‍ദേശിക്കാനും ട്വിറ്ററിലൂടെ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുക്കുന്ന പേര് നിര്‍ദ്ദേശിച്ചയാള്‍ക്ക് രണ്ട് മഹീന്ദ്ര സ്‌കെയില്‍ മോഡല്‍ സമ്മാനമായി നല്‍കുമെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററിലൂടെ വ്യക്തമാക്കി. 

2.2 ലിറ്റര്‍ നാല് സിലണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ആള്‍ടുറാസ് ജി4-ന് കരുത്തേകുക. 178 ബിഎച്ച്പി പവറും 420 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ നല്‍കുക. ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്. ടൂ വീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് എന്നീ രണ്ട് വകഭേദങ്ങളിലാണ് ഈ എസ്‌യുവി ലഭ്യമാകുക. ഒമ്പത് എയര്‍ബാഗ്, എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ തുടങ്ങി സെഗ്മെന്റ് ലീഡിങ്ങായി നിരവധി സുരക്ഷാ സംവിധാനങ്ങളും ആള്‍ട്ടുറാസിലുണ്ട്. 

Content Highlights; Anand Mahindra Purchases A New Mahindra Alturas G4 SUV