ഹീന്ദ്രയുടെ പുതുതലമുറ ഥാര്‍ വിപണിയില്‍ അവതരിപ്പിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓസ്‌ട്രേലിയയില്‍ ചരിത്ര വിജയം സ്വന്തമാക്കുന്നത്. ഈ വിജയ ശില്‍പ്പികളെ ആദരിക്കുന്നതിന്റെ ഭാഗമായി ആറ് താരങ്ങള്‍ക്ക് മഹീന്ദ്ര ഥാര്‍ സമ്മാനിക്കുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര പ്രഖ്യാപിക്കുകയായിരുന്നു. മാസങ്ങള്‍ക്കിപ്പുറം ഈ സമ്മാനം തേടി എത്തിയതിന്റെ സന്തോഷത്തിലാണ് ക്രിക്കറ്റ് താരങ്ങളായ ടി.നടരാജനും, ഷാര്‍ദുല്‍ താക്കൂറും. 

സമ്മാനം കൈപ്പറ്റിയ വിവരം താരങ്ങള്‍ തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. ആനന്ദ് മഹീന്ദ്രയ്ക്ക് നന്ദി അറിയിച്ചാണ് രണ്ട് താരങ്ങളും ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. പുതിയ ഥാര്‍ ഇന്ന് വീട്ടില്‍ എത്തി. ആനന്ദ് മഹീന്ദ്രയുടെ ഈ അംഗീകാരത്തിനും അഭിനന്ദനത്തിനും നന്ദി പറയുന്നതായും താങ്കള്‍ക്ക് ക്രിക്കറ്റിനോടുള്ള സ്‌നേഹമാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നും നടരാജന്‍ ട്വിറ്ററില്‍ കുറിച്ചു. 

പുതിയ മഹീന്ദ്ര ഥാര്‍ എത്തി. ഏറ്റവും മികച്ച വാഹനമായാണ് മഹീന്ദ്ര ഥാറിനെ ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ യുവാക്കള്‍ ഉറ്റുനോക്കുന്ന ഈ വാഹനം ഓടിക്കാന്‍ കഴിഞ്ഞതില്‍ തന്നെ ഞാന്‍ ഏറെ സന്തോഷവാനാണ്. ഓസ്‌ട്രേലിയയിലെ ഞങ്ങളുടെ വിജയത്തിന് നല്‍കിയ ഈ അംഗീകാരത്തിന് ആനന്ദ് മഹീന്ദ്രയോട് നന്ദി അറിയിക്കുന്നതായും ഷാര്‍ദുല്‍ താക്കൂറും ട്വിറ്ററില്‍ കുറിച്ചു. ഇനി നാല് താരങ്ങള്‍ക്ക് കൂടിയാണ് ഥാര്‍ കൈമാറാനുള്ളത്. 

ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് സീരീസില്‍ ഇന്ത്യയുടെ വിജയത്തിന് നെടുംതൂണായി പ്രവര്‍ത്തിച്ച ടീം അംഗങ്ങളായ മുഹമ്മദ് സിറാജ്, ടി.നടരാജന്‍, ഷാര്‍ദുല്‍ താക്കൂര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ശുബ്മാന്‍ ഗില്‍, നവദീപ് സെയ്നി എന്നിവര്‍ക്കാണ് മഹീന്ദ്രയുടെ സമ്മാനം പ്രഖ്യാപിച്ചത്. 1988-ന് ശേഷം ആദ്യമായാണ് ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടീം ഈ ടെസ്റ്റ് വിജയം നേടിയത്. അതേതുടര്‍ന്നാണ് താരങ്ങള്‍ക്ക് മഹീന്ദ്ര ഥാര്‍ സമ്മാനിക്കുമെന്ന് ആനന്ദ് മഹീന്ദ്ര അറിയിച്ചത്.

2020 ഒക്ടോബര്‍ രണ്ടിനാണ് മഹീന്ദ്രയുടെ പുതുതലമുറ ഥാര്‍ അവതരിപ്പിക്കുന്നത്. 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുകളാണ് ഥാറില്‍ പ്രവര്‍ത്തിക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ 150 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമേകും. മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം എല്‍.എക്‌സ് വേരിയന്റില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കിയിട്ടുണ്ട്.

Content Highlights: Anand Mahindra Gives New Mahindra Thar SUV To Cricket Players Natarajan and Shardul Thakur