ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ ചരിത്ര വിജയം നേടി ഇന്ത്യന്‍ ക്രിക്കറ്റ് ടീം രാജ്യത്തിന്റെ യശസ് വാനോളം ഉയര്‍ത്തിയിരുന്നു. അഭിനന്ദന പ്രവാഹത്തിന്റെ നിറവില്‍ നില്‍ക്കുന്ന ടീം അംഗങ്ങള്‍ക്ക് കിടിലന്‍ സമ്മാനമൊരുക്കിയിരിക്കുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര.
ഇന്ത്യന്‍ ടീമിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച ടീമിലെ ആറ് താരങ്ങള്‍ക്ക് മഹീന്ദ്രയുടെ ഏറ്റവും പുതിയ ലൈഫ് സ്റ്റൈല്‍ എസ.യു.വിയായ ഥാര്‍ സമ്മാനമായി നല്‍കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. മഹീന്ദ്രയുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്.
ഇന്ത്യ-ഓസ്‌ട്രേലിയ സീരീസില്‍ ഇന്ത്യയുടെ നെടുംതൂണായി പ്രവര്‍ത്തിച്ച ടീം അംഗങ്ങളായ മുഹമ്മദ് സിറാജ്, ടി നടരാജന്‍, ഷാര്‍ദുല്‍ താക്കൂര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ശുബ്മാന്‍ ഗില്‍, നവദീപ് സെയ്‌നി എന്നിവര്‍ക്കാണ് മഹീന്ദ്രയുടെ സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. യുവാക്കളില്‍ ആവേശം നിറക്കുന്നതിനാണ് ഈ സമ്മാനമെന്നാണ് ആനന്ദ് മഹീന്ദ്ര അഭിപ്രായപ്പെടുന്നത്.
ഇന്ത്യന്‍ നിരത്തുകളില്‍ സൂപ്പര്‍ ഹിറ്റായി കുതിക്കുന്ന വാഹനമാണ് മഹീന്ദ്രയുടെ പുതുതലമുറ ഥാര്‍. എ.എക്‌സ്, എല്‍.എക്‌സ് എന്നീ രണ്ട് വേരിയന്റുകളില്‍ വിപണിയില്‍ എത്തിയിട്ടുള്ള ഥാറിന് 12.10 ലക്ഷം രൂപ മുതല്‍ 14.15 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. ഹാര്‍ഡ് ടോപ്പ്, സോഫ്റ്റ് ടോപ്പ് ഓപ്ഷനുകളില്‍ ഥാര്‍ നിരത്തുകളില്‍ എത്തിയിട്ടുണ്ട്.
2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുകളാണ് ഥാറില്‍ പ്രവര്‍ത്തിക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ 150 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമേകും. മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം എല്‍.എക്സ് വേരിയന്റില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കിയിട്ടുണ്ട്.
Content Highlights: Anand Mahindra Gifts Mahindra Thar To Indian Cricket Players