ന്റെ ജീവിതത്തില്‍ എനിക്ക് ഇത്രയും വിലപിടിപ്പുള്ള സമ്മാനം ലഭിച്ചിട്ടില്ല. ആരും എനിക്കായി ഇതുപോലൊരു കാര്യം ചെയ്തിട്ടില്ല. ഈ നിമിഷത്തെ സന്തോഷവും വികാരവും വര്‍ണിക്കാന്‍ എനിക്ക് വാക്കുകള്‍ പോരാതെ വരുന്നു. താന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു വാഹനം സമ്മാനമായി ലഭിച്ചതില്‍ ബോളിവുഡ് ബിഗ്-ബി അമിതാഭ് ബച്ചന്റെ പ്രതികരണമായിരുന്നു ഇത്. 

1950-കളില്‍ തന്റെ കുടുംബവാഹനമായിരുന്ന ഫോര്‍ഡ് പ്രീഫെക്ട്‌ എന്ന കാറാണ് അദ്ദേഹത്തിന് വീണ്ടും സമ്മാനമായി ലഭിച്ചത്. ഇന്ന് വിന്റേജ് കാറുകളുടെ ഗണത്തിലുള്ള ഈ വാഹനമാണ് അമിതാഭ് ബച്ചന്റെ ആദ്യ ഫാമിലി കാര്‍. അതുകൊണ്ടുതന്നെ വലിയ വൈകാരിക ബന്ധമാണ് ഈ വാഹനത്തോടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

ഈ കാര്‍ ഇദ്ദേഹത്തിന് സമ്മാനമായി ലഭിച്ചതിന് പിന്നിലും ഒരു വലിയ കഥയുണ്ട്. തന്റെ ആദ്യ കാറായ ഫോര്‍ഡ് പ്രീഫെക്ടിനെ കുറിച്ച് അമിതാഭ് ബച്ചന്‍ ഒരുക്കല്‍ തന്റെ ബ്ലോഗില്‍ എഴുതിയിരുന്നു. ഈ ബ്ലോഗ് അദ്ദേഹത്തിന്റെ സുഹൃത്തായ ആനന്ദ് കാണുകയും ബിഗ്-ബി ഏറെ പ്രിയപ്പെടുന്ന വാഹനം അദ്ദേഹത്തിന് സമ്മാനമായി നല്‍കാന്‍ തീരുമാനിക്കുകയുമായിരുന്നു.

തുടര്‍ന്ന് വിന്റേജ് കാറുകളില്‍ ഫോര്‍ഡ് പ്രീഫെക്ട്‌ കണ്ടെത്തുകയും അത് റീസ്റ്റോര്‍ ചെയ്ത് വാങ്ങുകയുമായിരുന്നു. പിന്നീട് അമിതാഭ് ബച്ചന്റെ പഴയ കാറിന്റെ നമ്പര്‍ ബ്ലോഗില്‍ നിന്ന് മനസിലാക്കി ആ നമ്പര്‍ തന്നെ സമ്മാനമായി നല്‍കാന്‍ ഉദ്ദേശിക്കുന്ന വാഹനത്തിന് നല്‍കുകയുമായിരുന്നു. ഇത്രയും ചെയ്തതിന് ശേഷമാണ് ആനന്ദ് തന്റെ സമ്മാനം കൈമാറിയത്. 

1938 മുതല്‍ 1961 വരെയുള്ള കാലയളവില്‍ ഫോര്‍ഡ് യുകെ നിര്‍മിച്ചിട്ടുള്ള വാഹനമാണ് പ്രീഫെക്ട്‌. 1.2 ലിറ്റര്‍ എന്‍ജിനും മൂന്ന് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സുമാണ് ഈ വാഹനത്തില്‍ നല്‍കിയിരുന്നത്. ലോകത്തുടനീളം ഫോര്‍ഡ് പ്രീഫെക്ടിന്റെ രണ്ട് ലക്ഷം യൂണിറ്റാണ് പുറത്തിറങ്ങിയിട്ടുള്ളത്.

Content Highlights: Amitabh Bachchan Gifted His First Ford Perfect Vintage Car