ന്ത്യന്‍ സിനിമയിലെ തലയെടുപ്പുള്ള താരമായ അമിതാഭ് ബച്ചന്‍ തന്റെ യാത്രകള്‍ക്കായി തലയെടുപ്പുള്ള ആഡംബര വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. മെഴ്‌സിഡസ് ബെന്‍സിന്റെ അത്യാഡംബര മോഡലയായ എസ് ക്ലാസാണ് അദ്ദേഹം പുതുതായി സ്വന്തമാക്കിയ ആഡംബര വാഹനം. ഡീസല്‍ പതിപ്പായ 350 ഡിയാണ് ബിഗ്-ബിയുടെ ഗ്യാരേജിലെത്തിയിരിക്കുന്നത്. 

ബിഗ്-ബിയുടെ കുടുംബത്തിലേക്ക് അടുത്തിടെ എത്തിയ രണ്ടാമത്തെ എസ്-ക്ലാസാണിത്. കുറച്ച് നാളുകള്‍ക്ക് മുമ്പ് ഐശ്വര്യ റായിയും എസ്-ക്ലാസ് സ്വന്തമാക്കിയിരുന്നു. അമിതാഭ് ബച്ചന്റെ ഇഷ്ടവാഹനങ്ങളിലൊന്നാണ് എസ്-ക്ലാസ്. മുമ്പ് ഉപയോഗിച്ചിരുന്ന എസ്-ക്ലാസ് കുറച്ച് നാളുകള്‍ക്ക് മുമ്പാണ് വിറ്റത്. ബെന്‍സിന്റെ എംപിവിയായി വി-ക്ലാസും അദ്ദേഹത്തിന്റെ കളക്ഷനിലുണ്ട്.

മുംബൈയിലെ മെഴ്‌സിഡസ് ഡീലര്‍ഷിപ്പായ ഓട്ടോ ഹാങ്ങറില്‍ നിന്നാണ് അമിതാഭ് ബച്ചന്‍ പുതിയ വാഹനം സ്വന്തമാക്കിയിരിക്കുന്നത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അമിതാഭ് ബച്ചന് പൂര്‍ണ ആരോഗ്യവും ആയുസും ഓട്ടോ ഹാങ്ങറിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ആശംസിച്ചിട്ടുണ്ട്. അടുത്തിടെയാണ് അദ്ദേഹം ആശുപത്രി വിട്ടത്. 

ഏകദേശം 1.38 കോടി രൂപ എക്‌സ് ഷോറും വിലയുള്ള ബെന്‍സ് എസ്-ക്ലാസ്, ആഡംബരത്തിനൊപ്പം മെഴ്‌സിഡസ് വാഹനനിരയിലെ കരുത്തന്‍ മോഡല്‍ കൂടിയാണ്. ഇതിന്റെ ഡീസല്‍ പതിപ്പായ 350 ഡി മോഡലില്‍ 3.0 ലിറ്റര്‍ എന്‍ജിനാണ് പ്രവര്‍ത്തിക്കുന്നത്. ഇത് 282 ബിഎച്ച്പി പവറും 600 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും.

Content Highlights: Amitabh Bachchan Bought Mercedes Benz S-Class