ക്വീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടി ലൂസിഫര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ അഭിനയത്തിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടംനേടിയ താരമാണ് സാനിയ ഇയ്യപ്പന്‍. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി കൊണ്ടിരിക്കുന്ന താരം തന്റെ യാത്രകള്‍ക്കായി കിയ മോട്ടോഴ്‌സ് ആദ്യമായി ഇന്ത്യയില്‍ എത്തിച്ച എസ്.യു.വി. മോഡലായ സെല്‍റ്റോസ് സ്വന്തമാക്കിയിരിക്കുകയാണ്. 

ജി.ടി.ലൈന്‍, ടെക് ലൈന്‍ എന്നീ രണ്ട് ശ്രേണികളില്‍ പെട്രോള്‍ ഡീസല്‍ എന്‍ജിനുകളിലാണ് കിയ സെല്‍റ്റോസ് വിപണിയില്‍ എത്തിയിരിക്കുന്നത്. ഇതില്‍ ഡീസല്‍ പതിപ്പാണ് സാനിയ സ്വന്തമാക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. GTK, GTX, GTX+, HTE, HTK, HTK+, HTX, HTX+  വേരിയന്റുകളിലെത്തുന്ന സെല്‍റ്റോസിന് 9.95 ലക്ഷം രൂപ മുതല്‍ 17.65 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. 

മലിനീകരണ നിയന്ത്രണം മാനദണ്ഡം പാലിച്ചുള്ള മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് സെല്‍റ്റോസ് ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുള്ളത്. 1.5 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് എന്‍ജിന്‍ ഓപ്ഷനുകള്‍. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷന്‍, ആറ് സ്പീഡ് സിവിടി, ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ എന്നിവയാണ് ട്രാന്‍സ്മിഷന്‍.

1.4 ലിറ്റര്‍ പെട്രോള്‍ ടര്‍ബോ എന്‍ജിന്‍ 140 ബി.എച്ച്.പി. പവറും 242 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അതേസയമയം, 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 115 ബി.എച്ച്.പി. കരുത്തും 144 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 1,5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 115 ബി.എച്ച്.പി. പവറും 250 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും.

Content Highlights: Actress Saniya Iyappan Buys Kia Seltos