നായികയായും പ്രതിനായികയായും മലയാളത്തിന്റെ വെള്ളിത്തിരയില്‍ വിസ്മയം തീര്‍ത്തിട്ടുള്ള യുവതാരമാണ് സംയുക്ത മേനോന്‍. തന്റെ ഏറെ നാളത്തെ സ്വപ്‌നം യാഥാര്‍ഥ്യമായതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ഈ നടി. ചെറുപ്പകാലം മുതല്‍ ബി.എം.ഡബ്ല്യു എന്ന വാഹനത്തോടുള്ള ആഗ്രഹം കമ്പനിയുടെ ത്രീ സീരീസ് എന്ന ആഡംബര സെഡാന്‍ സ്വന്തമാക്കി പൂര്‍ത്തീകരിച്ചിരിക്കുകയാണ് സംയുക്ത. നടി തന്നെയാണ് ഈ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്.

കൊച്ചിയിലെ ബി.എം.ഡബ്ല്യു. വിതരണക്കാരായ ഇ.വി.എം. ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് താരം തന്നെ ആഡംബര വാഹനത്തെ സ്വന്തമാക്കിയത്. മെല്‍ബണ്‍ റെഡ് ഫിനീഷിങ്ങില്‍ ഒരുങ്ങിയിട്ടുള്ള വാഹനമാണ് സംയുക്ത തിരഞ്ഞെടുത്തത്. ത്രീ സീരീസ് ഗ്രാന്‍ ലിമോസിന്‍ 320 എല്‍.ഡി.ഐ. ഡീസല്‍ എന്‍ജിന്‍ മോഡലാണ് ഈ വാഹനം. KL 07 CX 3696 നമ്പറാണ് നടി ഈ വാഹനത്തിനായി തിരഞ്ഞെടുത്തത്. 53.90 ലക്ഷം രൂപയാണ് ഈ ആഡംബര വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. 

ബി.എം.ഡബ്ല്യു ത്രീസീരീസ് പ്രീമിയം സെഡാന്റെ ലോങ്ങ് വീല്‍ബേസ് പതിപ്പായി ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിച്ച വാഹനമാണ് ത്രീ സീരീസ് ഗ്രാന്‍ ലിമോസിന്‍. ത്രീ സീരീസ് മുമ്പ് വിപണിയില്‍ എത്തിച്ചിരുന്ന ത്രീ സീരീസ് ജി.ടിയുടെ പകരക്കാരന്‍ കൂടിയായിരുന്നു ഈ വാഹനം. റെഗുലര്‍ പതിപ്പിനെക്കാള്‍ 110 എം.എം. അധിക വീല്‍ബേസുമായാണ് ഗ്രാന്‍ ലിമോസിന്‍ വിപണിയില്‍ എത്തിയത്. 2961 എം.എം. ആയിരുന്നു ഇതിന്റെ വീല്‍ബേസ്. 

റെഗുലര്‍ പതിപ്പിനെക്കാള്‍ വലിപ്പക്കാരന്‍ ആണെങ്കിലും ഗ്രാന്‍ ലിമോസിനിലിലെ ഡിസൈനിലും ഫീച്ചറുകളിലും കാര്യമായ മാറ്റം വരുത്തിയിരുന്നില്ല. 12.3 ഇഞ്ച് വലിപ്പമുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, കണക്ടഡ് കാര്‍ സാങ്കേതികവിദ്യ, എയര്‍ പ്യൂരിഫയര്‍ തുടങ്ങിയ ഫീച്ചറുകള്‍ അകത്തളത്തില്‍ നല്‍കിയിട്ടുണ്ട്.

2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലാണ് ത്രീ സീരീസ് ഗ്രാന്‍ ലിമോസിന്‍ പുറത്തിറക്കിയിട്ടുള്ളത്. പെട്രോള്‍ എന്‍ജിന്‍ 254 ബി.എച്ച്.പി. പവറും 400 എന്‍.എം. ടോര്‍ക്കും ഡീസല്‍ എന്‍ജിന്‍ 187 ബി.എച്ച്.പി. പവറും 400 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാന്‍സ്മിഷന്‍. ത്രീ സീരീസ് ഗ്രാന്‍ ലിമോസിന്‍ പെട്രോള്‍ മോഡലിന്  52.50 ലക്ഷം രൂപ മുതല്‍ 53.90 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

Content Highlights: Actress Samyuktha Menon buys BMW 3 Series Gran Limousine, BMW Cars, Samyuktha Menon