ലയാളത്തിന്റെ വെള്ളിത്തിരയിലെ ശ്രദ്ധേയ സാന്നിധ്യമാണ് രജിഷ വിജയന്‍. ആദ്യ സിനിമയില്‍ തന്നെ മികച്ച നടിക്കുള്ള അവാര്‍ഡ് എന്ന പ്രത്യേകതയുടെ ഉടമയായ രജിഷ തന്റെ യാത്രകള്‍ക്കായി കിയ സെല്‍റ്റോസിന്റെ പ്രത്യേക പതിപ്പ് സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യയില്‍ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എത്തിച്ച ആനിവേഴ്‌സറി എഡിഷനാണ് താരം ഗ്യാരേജിലെത്തിച്ചത്. 

കിയ മോട്ടോഴ്‌സിന്റെ കേരളത്തിലെ മുന്‍നിര ഡീലര്‍ഷിപ്പായ ഇഞ്ചിയോണ്‍ കിയയില്‍ നിന്നാണ് രജിഷ ആനിവേഴ്‌സറി എഡിഷന്‍ സെല്‍റ്റോസ് സ്വന്തമാക്കിയത്. അറോറ ബ്ലാക്ക് നിറത്തിനൊപ്പം ഓറഞ്ച് നിറത്തിലുള്ള ആക്‌സെന്റുകളും നല്‍കി അലങ്കരിച്ചാണ് ആനിവേഴ്‌സറി എഡിഷന്‍ എത്തിയിട്ടുള്ളത്. 13.75 ലക്ഷം രൂപം മുതല്‍ 14.85 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്‌സ്‌ഷോറും വില.

കിയ സെല്‍റ്റോസിന്റെ HTX വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ആനിവേഴ്സറി എഡിഷന്‍ ഒരുങ്ങിയിരിക്കുന്നത്. പെട്രോള്‍-ഡീസല്‍ മോഡലുകളിലായി ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ ഈ പ്രത്യേക പതിപ്പ് വിപണിയില്‍ എത്തിയിട്ടുണ്ട്. ഏത് മോഡലാണ് രജിഷ സ്വന്തമാക്കിയതെന്നുള്ള വിവരം ലഭ്യമായിട്ടില്ല.

റെഗുലര്‍ മോഡലിനെക്കാള്‍ വലിപ്പത്തിലാണ് ആനിവേഴ്‌സറി എഡിഷന്‍ ഒരുങ്ങിയിരിക്കുന്നത്. 4375 എം.എം നീളമാണ് സ്പെഷ്യല്‍ എഡിഷന്‍ സെല്‍റ്റോസിനുള്ളത്. റെഗുലര്‍ മോഡലിനെക്കാള്‍ 60 എം.എം അധികമാണിത്. ഡിഫ്യൂസര്‍ ഫിന്‍ നല്‍കിയുള്ള ടസ്‌ക് ഷേപ്പ് സ്‌കിഡ് പ്ലേറ്റ്, ഫോഗ്ലാമ്പ് ബെസല്‍, 17 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകള്‍ എന്നിവയാണ് എക്സ്റ്റീരിയറിലെ മാറ്റങ്ങള്‍.

കറുപ്പണിഞ്ഞാണ് ഈ വാഹനത്തിന്റെ അകത്തളം ഒരുങ്ങിയിരിക്കുന്നത്. ഹണി കോംമ്പ് ഡിസൈനിലുള്ള ലെതര്‍ സീറ്റ് മാത്രമാണ് ഇന്റീരിയറിലെ മാറ്റം. മറ്റ് ഫീച്ചറുകള്‍ റെഗുലര്‍ എച്ച്.ടി.എക്സ് വേരിയന്റിലേത് തുടരും. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിമോട്ട് എന്‍ജിന്‍ സ്റ്റാര്‍ട്ട്, സണ്‍റൂഫ് തുടങ്ങിയവയാണ് ഈ വേരിയന്റില്‍ നല്‍കിയിട്ടുള്ള ഫീച്ചറുകള്‍. 

1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍, 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്നീ എന്‍ജിനുകളിലാണ് സെല്‍റ്റോസ് ആനിവേഴ്സറി എഡിഷന്‍ എത്തുന്നത്. പെട്രോള്‍ എന്‍ജിന്‍ 113 ബിഎച്ച്പി പവറും 144 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 113 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവല്‍, സിവിടി എന്നിവയാണ് ഇതിലെ ട്രാന്‍സ്മിഷന്‍.

Content Highlights: Actress Rajisha Vijayan Bought Anniversary Edition Kia Seltos