ടാറ്റയുടെ ജനപ്രിയ എസ്.യു.വിയായ ഹാരിയര്‍ സ്വന്തമാക്കി മലയാളത്തിന്റെ പ്രിയതാരം മഞ്ജു പിള്ള. ഹാരിയറിന്റെ ഡാര്‍ക്ക് എഡിഷന്‍ മോഡലാണ് മഞ്ജു പിള്ളയുടെ ഗ്യാരേജില്‍ എത്തിയിരിക്കുന്നത്. പുതിയ വാഹനവുമായി പ്രണയത്തിലായി എന്ന കുറിപ്പോടെ മഞ്ജു പിള്ള തന്നെയാണ് ഹാരിയര്‍ ഡാര്‍ക്ക് എഡിഷന്‍ സ്വന്തമാക്കിയ സന്തോഷം തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. 

ഹാരിയര്‍ നിരയിലെ ഉയര്‍ന്ന വകഭേദമായ എക്‌സ്.ഇസഡ്.എ. പ്ലസ് ഡാര്‍ക്ക് എഡിഷനാണ് മഞ്ജു പിള്ളയുടെ ഗ്യാരേജില്‍ എത്തിയിട്ടുള്ളത്. എക്സ്റ്റീരിയറിലെ അറ്റ്‌ലസ് ബ്ലാക്ക് നിറത്തിനൊപ്പ് അകത്തളത്തിലും കറുപ്പ് അഴകേകുന്നതാണ് ഡാര്‍ക്ക് എഡിഷന്‍ മോഡലിനെ മറ്റ് വേരിയന്റുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഏകദേശം 20 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

റെഗുലര്‍ മോഡലില്‍ നിന്ന് മാറി സ്‌കിഡ് പ്ലേറ്റ്, അലോയി വീല്‍ എന്നിവയില്‍ ഉള്‍പ്പെടെ കറുപ്പ് നിറം നല്‍കിയാണ് ഡാര്‍ക്ക് എഡിഷന്‍ എത്തിയിട്ടുള്ളത്. വശങ്ങളിലെ ഫെന്‍ഡറില്‍ ഡാര്‍ക്ക് ബാഡ്ജിങ്ങും നല്‍കിയിട്ടുണ്ട്. റെഗുലര്‍ മോഡലിന്റെ അകത്തളത്തില്‍ നല്‍കിയിരുന്ന വുഡന്‍ ആക്‌സെന്റുകള്‍ ഉള്‍പ്പെടെ കറുപ്പണിഞ്ഞതാണ് റെഗുലര്‍ മോഡലില്‍ നിന്ന്  ഇന്റീരിയറില്‍ വരുത്തിയിട്ടുള്ള മാറ്റം.

മെക്കാനിക്കല്‍ ഫീച്ചറുകള്‍ റെഗുലര്‍ ഹാരിയറുമായി പങ്കിട്ടാണ് ഡാര്‍ക്ക് എഡിഷന്‍ എത്തിയിട്ടുള്ളത്. 2.0 ലിറ്റര്‍ ക്രെയോടെക് ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന്റെ ഹൃദയം. ഇത് 140 ബി.എച്ച്.പി. പവറും 350 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്.

Content Highlights: Actress Manju Pillai Buys New Tata Harrier Dark Edition, Tata Harrier, Tata Harrier Dark Edition.