ഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡസ് അടുത്തിടെ ഇന്ത്യയില്‍ അവതരിപ്പിച്ച മേബാക്ക് ജി.എല്‍.എസ് 600 ബോളിവുഡ് താരങ്ങളുടെ ഇഷ്ടവാഹനമായിരിക്കുകയാണ്. രണ്‍വീര്‍ സിങ്ങ്, ആയുഷ്മാന്‍ ഖുറാന, അര്‍ജുന്‍ കപൂര്‍ എന്നീ താരങ്ങള്‍ക്കൊപ്പം ബോളിവുഡിലെ മേബാക്ക് ഉടമകളുടെ ക്ലബ്ബിലേക്ക് എത്തിയിരിക്കുകയാണ് യുവതാര സുന്ദരിയായ കൃതി സനോണ്‍. മുംബൈയിലെ മെഴ്‌സിഡസ് ഡീലര്‍ഷിപ്പാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. 

ഗണേഷ് ചതുര്‍ത്തി ആഘോഷങ്ങളുടെ ഭാഗമായാണ് താരം തന്റെ പുതിയ വാഹനത്തെ വീട്ടിലെത്തിച്ചിരിക്കുന്നത്. ആദ്യ ബാച്ചായി ഇന്ത്യയില്‍ എത്തിയിട്ടുള്ള 50 യൂണിറ്റില്‍ ഒന്നാണ് മെഴ്‌സിഡസ് കൃതി സനോണിന് നല്‍കിയിട്ടുള്ളത്. 2021 ഡിസംബര്‍ വരെയുള്ള കാലയളവിലേക്കായി ഇന്ത്യക്ക് അനുവദിച്ചിട്ടുള്ള വാഹനങ്ങളുടെ വില്‍പ്പന പൂര്‍ത്തിയായതാണ് വിവരം. ആഡംബര ഫീച്ചറുകളുമായി എത്തിയിട്ടുള്ള ഈ വാഹനത്തിന് 2.43 കോടി രൂപയാണ് എക്‌സ്‌ഷോറും വില.

പുറംമോടിയിലെ സൗന്ദര്യത്തെക്കാള്‍ അകത്തളത്തിലെ ആഡംബരമാണ് താരങ്ങളെ ഈ വാഹനത്തിലേക്ക് ആകര്‍ഷിക്കുന്നത്. യാത്രക്കാരെ ഏറെ കംഫര്‍ട്ടബിളാക്കുന്ന നാല് വ്യക്തിഗത സീറ്റുകളാണ് അകത്തളത്തിലെ പ്രധാന ആകര്‍ഷണം. ഇതിനുപുറമെ, അകത്തളം ഉപയോക്താവിന്റെ ഇഷ്ടത്തിന് കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യങ്ങളും നിര്‍മാതാക്കള്‍ നല്‍കുന്നുണ്ട്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഉള്‍പ്പെടെയുള്ള ഫീച്ചറുകളും അകത്തളത്തിന്റെ മാറ്റ് കൂട്ടുന്നു.

കാഴ്ചയില്‍ മസ്‌കുലര്‍ ഭാവമുള്ള വാഹനമാണ് മേബാക്ക് ജി.എല്‍.എസ് 600. ക്രോമിയത്തില്‍ പൊതിഞ്ഞ വലിയ വെര്‍ട്ടിക്കിള്‍ ഗ്രില്ല്, സ്‌കിഡ് പ്ലേറ്റും ക്രോമിയം ആക്‌സെന്റുകളുമുള്ള ബമ്പര്‍, എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, 22 ഇഞ്ച് അലോയി വീല്‍, സി-പില്ലറില്‍ സ്ഥാനം പിടിച്ചിട്ടുള്ള മേബാക്ക് ലോഗോ, എല്‍.ഇ.ഡി.ലൈറ്റുകളും മറ്റ് ബാഡ്ജിങ്ങും നല്‍കിയ ലളിതമായി ഒരുക്കിയിട്ടുള്ള പിന്‍വശം എന്നിവയാണ് ഈ വാഹനത്തിന്റെ എക്സ്റ്റീരിയറിനെ അലങ്കരിക്കുന്നത്. 

4.0 ലിറ്റര്‍ വി 8 ബൈ-ടര്‍ബോ എന്‍ജിനാണ് മെഴ്‌സിഡസ് മേബാക്ക് ജി.എല്‍.എസ്.600-ല്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 542 ബി.എച്ച്.പി. പവറും 730 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 9-ജി ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇതിലെ ട്രാന്‍സ്മിഷന്‍. എന്‍ജിനൊപ്പം നല്‍കിയിട്ടുള്ള 48 വോള്‍ട്ട് EQ ബൂസ്റ്റ് സിസ്റ്റം ആവശ്യമുള്ള സമയങ്ങളില്‍ 250 എന്‍.എം. അധിക ടോര്‍ക്കും 21 ബി.എച്ച്.പി. പവറും നല്‍കും. 4.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും ഈ വാഹനത്തിനുണ്ട്.

Content Highlights: Actress  Kriti Sanon Buys Mercedes-Maybach GLS 600 SUV