പിങ്ക്, ഉറി; ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. മിഷന്‍ മംഗള്‍ തുടങ്ങിയ സിനിമകളിലൂടെ വെള്ളിത്തരയില്‍ സാന്നിധ്യം അറിയിച്ചിട്ടുള്ള താരമാണ് കിര്‍ത്തി കുല്‍ഹാരി. തന്റെ യാത്രകള്‍ക്കാള്‍ ഒരു ഇരുചക്ര വാഹനം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് താരമിപ്പോള്‍. റോയല്‍ എന്‍ഫീല്‍ഡിന്റെ പുതുതലമുറ ക്ലാസിക് 350-യാണ് കിര്‍ത്തി തന്റെ യാത്രകള്‍ക്കായി തിരഞ്ഞെടുത്തത്. മുംബൈയിലെ റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമില്‍ നേരിട്ടെത്തിയാണ് താരം വാഹനത്തെ വീട്ടിലേക്ക് കൂട്ടിയത്.

വാഹനം സ്വന്തമാക്കിയതിന്റെ സന്തോഷം ആരാധാകരെ അറിയിക്കുന്നതിനായി ഒരു കൂട്ടം ഫോട്ടോയും വീഡിയോയുമാണ് താരം സമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുള്ളത്. കിര്‍ത്തി സ്വന്തമാക്കുന്ന ആദ്യത്തെ ഇരുചക്ര വാഹനമാണിതെന്ന പ്രത്യേകതയുമുണ്ട്. ക്ലാസിക് 350-യുടെ ഹാല്‍സിയോണ്‍ ഗ്രേ നിറത്തിലുള്ള വകഭേദമാണ് നടി സ്വന്തമാക്കിയിരിക്കുന്നത്. 1.87 ലക്ഷം രൂപ മുതല്‍ 2.18 ലക്ഷം രൂപ വരെയാണ് പുതിയ ക്ലാസിക് 350-യുടെ എക്‌സ്‌ഷോറും വില.

ഇത് ഒരു പ്രത്യേകതയാണ്, ശരിക്കും ഈ നിമിഷം വളരെ സവിശേഷമാണ്. കാരണം, ഒരിക്കലും ഒരു ബൈക്ക് സ്വന്തമാക്കുമെന്നോ, അല്ലെങ്കില്‍ ബൈക്കര്‍ എന്ന വിളിക്കപ്പെടുന്ന ഒരു വ്യക്തിയായോ ഞാന്‍ എന്നെ കണ്ടിരുന്നില്ല. എന്നാല്‍, ഇത് ഞാന്‍ ഈ സുന്ദരി റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് സ്വന്തമാക്കിയിരിക്കുന്നു. എന്ന കുറിപ്പോടെയാണ് കിര്‍ത്തി വാഹനം സ്വന്തമാക്കിയ സന്തോഷം ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. 

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലാണ് ക്ലാസിക് 350-യുടെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. റെഡ്ഡിച്ച്, ഹാല്‍സിയോണ്‍, സിഗ്‌നല്‍, ഡാര്‍ക്ക്, ക്രോം എന്നീ അഞ്ച് വേരിയന്റുകളിലാണ് ഈ ബൈക്ക് വിപണിയില്‍ എത്തിയിട്ടുള്ളത്. മീറ്റിയോര്‍ 350-ക്ക് അടിസ്ഥാനമൊരുക്കുന്ന ജെ പ്ലാറ്റ്ഫോമിലാണ് ക്ലാസിക്കും ഒരുങ്ങിയിട്ടുള്ളത്. ക്രാഡില്‍ ഷാസിയില്‍ ഒരുങ്ങിയിട്ടുള്ളതിനാല്‍ വാഹനത്തിന്റെ വിറയല്‍ പൂര്‍ണമായും മാറിയാണ് എത്തുന്നത്. 

കൗണ്ടര്‍ ബാലന്‍സര്‍ ഷാഫ്റ്റ് സംവിധാനമുള്ള 349 സി.സി. സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്ടഡ് എയര്‍ കൂള്‍ഡ് എന്‍ജിനാണ് ക്ലാസിക്കിന്റെ ഹൃദയം. ഇത് 20.2 ബി.എച്ച്.പി. പവറും 27 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡാണ് ഇതിലെ ഗിയര്‍ബോക്സ്. മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 18 ഇഞ്ചും വലിപ്പമുള്ള ടയറുകളാണുള്ളത്. 300 എം.എം., 270 എം.എം. ഡിസ്‌ക് ബ്രേക്കിനൊപ്പം ഡ്യുവല്‍ ചാനല്‍ എ.ബി.എസും സുരക്ഷയൊരുക്കും.

Content Highlights: Actress Kirti Kulhari buys her first bike Royal Enfield Classic 350, Kirti Kulhari, Classic 350