കുമ്പളങ്ങി നൈറ്റ് എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലെ കുഞ്ഞനുജത്തിയായി മലയാളത്തിന്റെ വെള്ളിത്തിരയിലെത്തിയ താരമാണ് അന്ന ബെന്‍. ഒരുപിടി മികച്ച കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ഈ താരം ഇപ്പോള്‍ പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷത്തിലാണ്. കിയ മോട്ടോഴ്‌സ് ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള വാഹനങ്ങളില്‍ ഏറ്റവും കുഞ്ഞന്‍ മോഡലായ സോണറ്റ് കോംപാക്ട് എസ്.യു.വിയാണ് അന്ന ബെന്‍ സ്വന്തമാക്കിയിരിക്കുന്ന വാഹനം.

കൊച്ചിയിലെ കിയയുടെ ഷോറൂമിലെത്തിയാണ് താരം വാഹനം സ്വന്തമാക്കിയിരിക്കുന്നത്. ഡീലര്‍ഷിപ്പിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് അന്ന ബെന്‍ വാഹനം സ്വന്തമാക്കിയ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷമാണിത്, കുടുംബത്തിലേക്ക് പുതിയ ഒരംഗം വരുന്നപോലെയാണ് കിയയുടെ വാഹനത്തെ കാണുന്നത്. വാഹനം വേഗത്തില്‍ ലഭ്യമാക്കിയ എല്ലാവരോടും നന്ദിയുണ്ടെന്നും അന്ന പറഞ്ഞു.

കിയ സോണറ്റിന്റെ ജി.ടി.എക്‌സ്. എന്ന വകഭേദമാണ് അന്ന സ്വന്തമാക്കിയിരിക്കുന്നത്. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷനിലുമുള്ള വാഹനമാണ് താരം തിരഞ്ഞെടുത്തതെന്നാണ് വിവരം. ഏകദേശം 12 ലക്ഷം രൂപയാണ് സോണറ്റിന്റെ ഈ വേരിയന്റിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. നിരത്തുകളില്‍ എത്തി ഒരു വര്‍ഷം പിന്നിട്ട ഈ വാഹനത്തില്‍ ആനിവേഴ്‌സറി എഡിഷന്‍ കിയ അടുത്തിടെ പുറത്തിറക്കിയിരുന്നു. 

ടെക് ലൈന്‍, ജി.ടി ലൈന്‍ എന്നീ രണ്ട് വിഭാഗങ്ങളിലായി HTE, HTK, HTK+, HTX, HTX+, GTX+ എന്നീ വേരിയന്റുകളിലാണ് സോണറ്റ് ഇന്ത്യന്‍ വിപണിയില്‍ എത്തിയിട്ടുള്ളത്. രണ്ട് പെട്രോള്‍ എന്‍ജിനിനും ഒരു ഡീസല്‍ എന്‍ജിനും സോണറ്റിന് കരുത്തേകും. പെട്രോള്‍ എന്‍ജിന്‍ മോഡലുകള്‍ക്ക് 6.89 ലക്ഷം രൂപ മുതല്‍ 13.09 ലക്ഷം രൂപ വരെയും ഡീസല്‍ എന്‍ജിന്‍ പതിപ്പിന് 8.55 ലക്ഷം രൂപ മുതല്‍ 13.55 ലക്ഷം രൂപ വരെയുമാണ് എക്സ്-ഷോറും വില വരുന്നത്.

1.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ഡീസല്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളിലും ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച്, ആറ് സ്പീഡ് ഇന്റലിജെന്റ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് മാനുവല്‍ എന്നീ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുമാണ് സോണറ്റിലുള്ളത്. 1.0 ലിറ്റര്‍ എന്‍ജിന്‍ 118 ബി.എച്ച്.പി പവറും 172 എന്‍.എം ടോര്‍ക്കും, 1.2 ലിറ്റര്‍ എന്‍ജിന്‍ 82 ബി.എച്ച്.പി പവറും 115 എന്‍.എം ടോര്‍ക്കും, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 113 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

Content Highlights: Actress Anna Ben Buys Kia Sonet Compact SUV, Kia Sonet, Anna Ben New Car