നടന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന വ്യക്തിയാണ് വിജയ് ബാബു. ഹിറ്റ് സിനിമകളുടെ നിര്‍മാതാവായ താരം ഇന്ത്യയില്‍ സൂപ്പര്‍ ഹിറ്റായിരിക്കുന്ന ആഡംബര വാഹനമായ ടൊയോട്ട വെല്‍ഫയര്‍ തന്റെ യാത്രകള്‍ക്കായി സ്വന്തമാക്കിയിരിക്കുകയാണ്. മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാല്‍, സുരേഷ് ഗോപി, യുവതാരം ഫഹദ് ഫാസില്‍ എന്നിവര്‍ക്ക് പിന്നാലെ വെല്‍ഫയര്‍ സ്വന്തമാക്കുന്ന താരമാണ് വിജയ് ബാബു.

എന്റെ കുടുംബത്തിലെ പുതിയ അഥിതി എന്ന കുറിപ്പോടെ വിജയ് ബാബു തന്നെയാണ് പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. KL 07 CX 2525 എന്ന ഫാന്‍സി നമ്പറും വിജയ് തന്റെ ആഡംബര വാഹനത്തിനായി സ്വന്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം അദ്ദേഹത്തിന്റെ ഗ്യാരേജിലെത്തുന്ന രണ്ടാമത്തെ വാഹനമാണ് വെല്‍ഫയര്‍ എന്നാണ് വിവരം. 2021 തുടക്കത്തില്‍ അദ്ദേഹം മഹീന്ദ്ര ലൈഫ് സ്റ്റൈല്‍ എസ്.യു.വി. ഥാര്‍ സ്വന്തമാക്കിയിരുന്നു. 

എക്സ്‌ക്യൂട്ടീവ് ലോഞ്ച് എന്ന ഒരു വേരിയന്റില്‍ മാത്രമാണ് വെല്‍ഫയര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിട്ടുള്ളത്. 89.85 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വില. പ്രീമിയം വാഹനങ്ങള്‍ക്ക് സമാനമായ ആഡംബരമാണ് വെല്‍ഫയര്‍ ഒരുക്കുന്നത്. പൂര്‍ണമായും ചായ്ക്കാന്‍ കഴിയുന്ന സീറ്റുകള്‍, ഇലക്ട്രോണിക് ഫുട്ട്റെസ്റ്റ് എന്നീ സംവിധാനങ്ങളുള്ള വെന്റിലേറ്റഡ് സീറ്റുകള്‍, റൂഫില്‍ ഘടിപ്പിച്ചിട്ടുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീന്‍, വൈഫൈ ഹോട്ട് സ്പോട്ട് എന്നിവയാണ് ഇന്റീരിയറിലുള്ളത്.

Vijay Babu
വിജയ് ബാബു പുതിയ വാഹനം ഏറ്റുവാങ്ങുന്നു | Photo: Facebook/Vijay Babu

പിന്‍നിര സീറ്റ് യാത്രക്കാരുടെ വാഹനം എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന മോഡലാണ് ടൊയോട്ട വെല്‍ഫയര്‍. ബ്ലാക്ക്- വുഡന്‍ ഫിനീഷിലാണ് വെല്‍ഫെയറിന്റെ അകത്തളം അലങ്കരിച്ചിട്ടുള്ളത്. ആഡംബര സംവിധാനങ്ങള്‍ക്ക് പുറമെ, അടിസ്ഥാന സൗകര്യങ്ങളായ 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പിന്‍ സീറ്റ് യാത്രക്കാര്‍ക്കായി 10.2 ഇഞ്ച് സ്‌ക്രീന്‍, വയര്‍ലെസ് ചാര്‍ജര്‍, ക്യാപ്റ്റന്‍ സീറ്റ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിവയാണ് ഇന്റീരിയറിനെ റിച്ചാക്കുന്നത്. 

ബോക്സി ഡിസൈനിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. സ്പ്ലിറ്റ് ഓള്‍ എല്‍ഇഡി ഹെഡ്ലാമ്പ്, ത്രികോണാകൃതിയിലുളള ഫോഗ് ലാമ്പ്, ഡേ ടൈം റണ്ണിങ് ലൈറ്റ്, ക്രോമിയം ആവരണങ്ങള്‍ നല്‍കി അലങ്കരിച്ചിട്ടുള്ള റേഡിയേറ്റര്‍ ഗ്രില്ല്, പുതുമയാര്‍ന്ന ബംമ്പര്‍, 17 ഇഞ്ച് അലോയി വീല്‍ എന്നിവയാണ് വെല്‍ഫെയറിന്റെ എക്സ്റ്റീരിയറിനെ മോടിപിടിപ്പിക്കുന്നത്. 4935 എംഎം നീളവും 1850 എംഎം വീതിയും 1895 എംഎം ഉയരവുമുള്ള ഈ വാഹനത്തിന് 3000 എംഎം വീല്‍ബേസുണ്ട്.

ഹൈബ്രിഡ് സാങ്കേതികവിദ്യക്കൊപ്പം 2.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലാണ് വെല്‍ഫയര്‍ ഇന്ത്യയില്‍ എത്തിയിട്ടുള്ളത്. 2494 സി.സിയുള്ള എന്‍ജിന്‍ 115.32 ബി.എച്ച്.പി. പവറും 198 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇതിലെ ഇലക്ട്രിക് മോട്ടോര്‍ പ്രവര്‍ത്തിക്കുന്നതോടെ കരുത്ത് വീണ്ടും ഉയരുമെന്നാണ് സൂചന. സിവിടി ട്രാന്‍സ്മിഷന്‍ വഴി എല്ലാ വീലിലേക്കും ഒരുപോലെ കരുത്തെത്തും. കാര്യക്ഷമമായ സുരക്ഷ സംവിധാനങ്ങളും വെല്‍ഫയറില്‍ ഒരുക്കിയിട്ടുണ്ട്.

Content Highlights: Actor Vijay Babu Buys Toyota Vellfire Luxury MPV, Toyota Vellfire MPV, Actor-Producer Vijay Babu