ഇരുചക്ര വാഹനങ്ങളുടെ കടുത്ത ആരാധകനാണ് മലയാളത്തിലെ യുവതാരമായ ഉണ്ണി മുകുന്ദന്‍. സൂപ്പര്‍ ബൈക്കുകള്‍ മാത്രമല്ല ഹീറോ ഹോണ്ടയുടെ സി.ടി.100 മുതല്‍ താന്‍ ആദ്യമായി സ്വന്തമാക്കിയ പള്‍സറിന്റെ ഓര്‍മകള്‍ വരെ അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. കടുത്ത ബൈക്ക് പ്രേമിയായ ഉണ്ണി മുകുന്ദന്റെ ശേഖരത്തിലേക്ക് പുതിയ ഒരു സൂപ്പര്‍ ബൈക്ക് കൂടി സ്ഥാനം പിടിച്ചിരിക്കുകയാണ്.
ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മാതാക്കളായ ഡുക്കാട്ടി അടുത്തിടെ ഇന്ത്യയില്‍ അവതരിപ്പിച്ച പാനിഗാലെ വി2 ആണ് ഉണ്ണി മുകുന്ദന്റെ ഗ്യാരേജിലെ പുതിയ അതിഥി. താരം തന്നെയാണ് തന്റെ പുതിയ ബൈക്ക് എത്തിയതിന്റെ സന്തോഷം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇന്ത്യയില്‍ ഏകദേശം 24 ലക്ഷം രൂപയാണ് പാനിഗാലെ വി2 സൂപ്പര്‍ ബൈക്കിന്റെ ഓണ്‍റോഡ് വില.
ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ന്ന 955 സിസി ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇന്ത്യയിലെത്തുന്ന പുതിയ പാനിഗാലെ വി2-വിന് കരുത്തേകുന്നത്. ഇത് 152 ബിഎച്ച്പി പവറും 104 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡാണ് ഇതിലെ ഗിയര്‍ബോക്സ്. ബി.എസ്-4 എന്‍ജിനിലെത്തിയിരുന്ന പാനിഗാലെ വി2-നെക്കാള്‍ അഞ്ച് ബിഎച്ച്പി പവറും രണ്ട് എന്‍എം ടോര്‍ക്കും പുതിയ മോഡലില്‍ അധികമായുണ്ട്.
പാനിഗാലെ വി4-നോട് സാമ്യമുള്ള ഡിസൈനിലാണ് വി2-ഉം എത്തുന്നത്. വി ഷേപ്പ് ട്വിന്‍ ഹെഡ്ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, സ്‌റ്റൈലിഷായുള്ള പെട്രോള്‍ ടാങ്ക്, പുതുക്കി പണിതിരിക്കുന്ന ടെയ്ല്‍ സെക്ഷന്‍, എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള ടെയ്ല്‍ലൈറ്റുകള്‍, 4.3 ഇഞ്ച് ടിഎഫ്ടി കളര്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ എന്നിവയാണ് ഈ ബൈക്കിലെ മറ്റ് ഫീച്ചറുകള്‍.
കൂടുതല്‍ യാത്രാസുഖം ഒരുക്കുന്നതിനായി നവീകരിച്ച സസ്പെന്‍ഷന്‍ സംവിധാനമാണ് പാനിഗാലെ വി2-വില്‍ നല്‍കിയിട്ടുള്ളത്. മുന്നില്‍ പൂര്‍ണമായും അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന 43 എംഎം ഷോവ ബിഗ് പിസ്റ്റണ്‍ ഫോര്‍ക്കും പിന്നില്‍ സൈഡ് മൗണ്ടഡ് സാച്ച് മോണോഷോക്കുമാണ് സസ്പെന്‍ഷന്‍ ഒരുക്കുന്നത്.
ഉണ്ണി മുകുന്ദന്റെ വാഹനശേഖരത്തിലെ ആദ്യ സൂപ്പര്‍ ബൈക്കാണ് പാനിഗാലെ വി2. ബജാജ് പള്‍സര്‍, റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജി.ടി, ക്ലാസിക് ഡെസേര്‍ട്ട് സ്‌റ്റോം, ജാവ പരേക് തുടങ്ങിയ ബൈക്കുകളാണ് നിലവില്‍ അദ്ദേഹത്തിന്റെ ഗ്യാരേജിലെ സാന്നിധ്യം.
Content Highlights: Actor Unni Mukundan Buys Ducati Panigale V2 Super Bike