മാസങ്ങളുടെ ഇടവേളയില്‍ ബോളിവുഡ് സൂപ്പര്‍താരം രണ്‍വീര്‍ സിങ്ങിന്റെ വാഹന ഗ്യാരേജില്‍ പുതിയ ഒരു ആഡംബര വാഹനം കൂടി എത്തിയിരിക്കുകയാണ്. മെഴ്‌സിഡീസ് അടുത്തിടെ അവതരിപ്പിച്ച മേബാക്ക് ജി.എല്‍.എസ് 600 എന്ന ആഡംബര എസ്.യു.വിയാണ് തന്റെ 36-ാം പിറന്നാല്‍ ദിനത്തില്‍ രണ്‍വീര്‍ സിങ്ങ് സ്വന്തമാക്കിയത്. 2.43 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

മെഴ്‌സീഡീസ് ഇന്ത്യയില്‍ എത്തിച്ച മേബാക്ക് ജി.എല്‍.എസ്.600-ന്റെ ആദ്യ ബാച്ചിലെ 50 വാഹനങ്ങളില്‍ ഒന്ന് സ്വന്തമാക്കുന്ന താരവുമാണ് രണ്‍വീര്‍ സിങ്ങ്. എതാനും മാസങ്ങള്‍ക്ക് മുമ്പ് ആഡംബര സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ എസ്.യു.വി. മോഡലായ ഉറുസ് താരം സ്വന്തമാക്കിയിരുന്നു. ഉറുസിന്റെ പ്രത്യേക പതിപ്പായ പേള്‍ ക്യാപ്‌സൂള്‍ എഡിഷനാണ് അദ്ദേഹം അടുത്തിടെ ഗ്യാരേജിലെത്തിച്ചത്. 

കണ്ണഞ്ചിപ്പിക്കുന്ന ആഡംബരമാണ് ഈ വാഹനത്തിന്റെ അകത്തളത്തില്‍ ഒരുക്കിയിട്ടുള്ളത്. 4-5 സീറ്റിങ്ങ് ഓപ്ഷനുകളില്‍ ഇത് എത്തുന്നുണ്ട്. സ്ലൈഡ് ചെയ്യാനും ടില്‍റ്റ് ചെയ്യാനും സാധിക്കുന്ന പനോരമിക് സണ്‍റൂഫ്, ആള്‍ട്ര കംഫോര്‍ട്ടബിള്‍ ബ്ലോസ്റ്റേഡ് വെന്റിലേറ്റഡ്, മസാജിങ് സീറ്റുകള്‍, പീന്‍ സീറ്റ് യാത്രക്കാര്‍ക്കാര്‍ ഡിസ്‌പ്ലേ സ്‌ക്രീനുകള്‍ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. 

4.0 ലിറ്റര്‍ വി 8 ബൈ-ടര്‍ബോ എന്‍ജിനാണ് മെഴ്‌സിഡസ് മേബാക്ക് ജി.എല്‍.എസ്.600-ല്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 542 ബി.എച്ച്.പി. പവറും 730 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 9-ജി ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇതിലെ ട്രാന്‍സ്മിഷന്‍. എന്‍ജിനൊപ്പം നല്‍കിയിട്ടുള്ള 48 വോള്‍ട്ട് EQ ബൂസ്റ്റ് സിസ്റ്റം ആവശ്യമുള്ള സമയങ്ങളില്‍ 250 എന്‍.എം. അധിക ടോര്‍ക്കും 21 ബി.എച്ച്.പി. പവറും നല്‍കും.

രണ്‍വീറിന്റെ ഗ്യാരേജിലെത്തുന്ന രണ്ടാമത്തെ മേബാക്ക് മോഡലാണ് ജി.എല്‍.എസ്.600. മുന്‍തലമുറ മേബാക്ക് എസ്-ക്ലാസാണ് അദ്ദേഹത്തിന്റെ ഗ്യാരേജില്‍ ആദ്യമെത്തിയത്. ഇതിനുപുറമെ, ബെന്‍സ് ബി.എല്‍.എസ്, ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപ്പിഡ്, റേഞ്ച് റോവര്‍ വോഗ്, ഔഡി ക്യൂ5, മാരുതി സുസുക്കി സിയാസ് തുടങ്ങിയ വാഹനങ്ങളും രണ്‍വീര്‍ സിങ്ങിന്റെ വാഹന ശേഖരത്തിലുണ്ട്.

Content Highlights: Actor Ranveer Singh Buys Mercedes Maybach GLS 600 SUV