മീപകാലത്ത് ഇന്ത്യയില്‍ ഏറ്റവുമധികം സ്വീകാര്യത ലഭിച്ച ആഡംബര വാഹനം മെഴ്‌സിഡസ് അടുത്തിടെ വിപണിയില്‍ എത്തിച്ച മേബാക്ക് ജി.എല്‍.എസ് 600 ആണെന്നതില്‍ സംശയമില്ല. ബോളിവുഡില്‍ ഉള്‍പ്പെടെ സിനിമതാരങ്ങളുടെ ഇഷ്ടവാഹനങ്ങളുടെ പട്ടികയിലും ഈ ആഡംബര ഭീമന്‍ ഇടംനേടിയിട്ടുണ്ട്. സിനിമ മേഖലയിലെ മേബാക്ക് ഉടമകളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരമായ രാം ചരണ്‍ തേജയും. 

എന്നാല്‍, ഇന്ത്യയിലെ കസ്റ്റമൈസ് ചെയ്ത മേബാക്ക് ജി.എല്‍.എസ് 600-ന്റെ ആദ്യ ഉടമയാണ് രാം ചരണ്‍ എന്നാണ് മെഴ്‌സിഡസ് ബെന്‍സ് ഡീലര്‍ഷിപ്പായ സില്‍വര്‍സ്റ്റാര്‍ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് മേബാക്ക് ജി.എല്‍.എസ് 600 ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ സിങ്ങ്, ആയുഷ്മാന്‍ ഖുറാന, അര്‍ജുന്‍ കപൂര്‍, കൃതി സനോണ്‍ തുടങ്ങിയ താരങ്ങള്‍ സ്വന്തം ഗ്യാരേജില്‍ എത്തിച്ചത്. 

അതേസമയം, ഈ വാഹനത്തില്‍ വരുത്തിയിട്ടുള്ള രൂപമാറ്റങ്ങളും മറ്റും നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. 2.43 കോടി രൂപയാണ് മേബാക്ക് ജി.എല്‍.എസ് 600-ന്റെ റെഗുലര്‍ മോഡലിന്റെ വില. എന്നാല്‍, കസ്റ്റമൈസ് ചെയ്ത മോഡലിന്റെ വില കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ജൂണിലാണ് മേബാക്ക് ജി.എല്‍.എസ് 600 ഇന്ത്യയില്‍ എത്തിയത്.  2021 ഡിസംബര്‍ വരെയുള്ള കാലയളവിലേക്കായി ഇന്ത്യക്ക് അനുവദിച്ചിട്ടുള്ള വാഹനങ്ങളുടെ വില്‍പ്പന പൂര്‍ത്തിയായതാണ് വിവരം. 

പുറംമോടിയിലെ സൗന്ദര്യത്തെക്കാള്‍ അകത്തളത്തിലെ ആഡംബരമാണ് താരങ്ങളെ ഈ വാഹനത്തിലേക്ക് ആകര്‍ഷിക്കുന്നത്. യാത്രക്കാരെ ഏറെ കംഫര്‍ട്ടബിളാക്കുന്ന നാല് വ്യക്തിഗത സീറ്റുകളാണ് അകത്തളത്തിലെ പ്രധാന ആകര്‍ഷണം. ഇതിനുപുറമെ, അകത്തളം ഉപയോക്താവിന്റെ ഇഷ്ടത്തിന് കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യങ്ങളും നിര്‍മാതാക്കള്‍ നല്‍കുന്നുണ്ട്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഉള്‍പ്പെടെയുള്ള ഫീച്ചറുകളും അകത്തളത്തിന്റെ മാറ്റ് കൂട്ടുന്നു.

4.0 ലിറ്റര്‍ വി 8 ബൈ-ടര്‍ബോ എന്‍ജിനാണ് മെഴ്സിഡസ് മേബാക്ക് ജി.എല്‍.എസ്.600-ല്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 542 ബി.എച്ച്.പി. പവറും 730 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 9-ജി ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇതിലെ ട്രാന്‍സ്മിഷന്‍. എന്‍ജിനൊപ്പം നല്‍കിയിട്ടുള്ള 48 വോള്‍ട്ട് EQ ബൂസ്റ്റ് സിസ്റ്റം ആവശ്യമുള്ള സമയങ്ങളില്‍ 250 എന്‍.എം. അധിക ടോര്‍ക്കും 21 ബി.എച്ച്.പി. പവറും നല്‍കും. 4.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോ മീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും ഈ വാഹനത്തിനുണ്ട്.

Content Highlights: Actor Ram Charan Buys Customized Mercedes Maybach GLS 600 SUV