മൂഹമാധ്യമങ്ങളിലെ വാഹനഗ്രൂപ്പുകളില്‍ ഇപ്പോഴും ചര്‍ച്ച മഹീന്ദ്രയുടെ പുതിയ ഥാറിനെ കുറിച്ചാണ്. കിടിലന്‍ ലുക്കിലും മികച്ച ഫീച്ചറുകളിലുമെത്തിയിട്ടുള്ള ഈ വാഹനത്തെക്കുറിച്ച്‌ വാചാലരാകുകയാണ് വാഹനപ്രേമികള്‍. ഇതിനിടയിലാണ് പുതിയ ഥാറിനെ പുകഴ്ത്തി മലയാളത്തിലെ യുവതാരം പൃഥ്വിരാജ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

പുതിയ ഥാര്‍ ഓടിച്ചുനോക്കി, ഡിസൈന്‍ സംബന്ധിച്ച് ചില വാദപ്രതിവാദങ്ങള്‍ മുറുകുന്നുണ്ടെങ്കിലും ഥാര്‍ ഒരു ഫീല്‍ ഗുഡ് വാഹനമാണ്. മത്സരക്ഷമമായ വിലയായിരിക്കും ഇതിന് നല്‍കുകയെന്നാണ് കരുതുന്നതെന്നുമാണ് പൃഥ്വിരാജ് ട്വിറ്ററില്‍ കുറിച്ചത്. ഇത് ഒരു പരസ്യമല്ലെന്നും അദ്ദേഹത്തില്‍ കുറിപ്പില്‍ നല്‍കിയിട്ടുണ്ട്. ആനന്ദ് മഹീന്ദ്രയ്ക്കാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. 

ഓഗസ്റ്റ് 15-നാണ് മഹീന്ദ്രയുടെ പുതുതലമുറ ഥാര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. എന്നാല്‍, വിപണിയില്‍ എത്താന്‍ ഒക്ടോബര്‍ രണ്ടുവരെ കാത്തിരിക്കണമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുള്ളത്. ഥാറില്‍ മുമ്പുണ്ടായിരുന്ന ലുക്കില്‍ നിന്ന് വലിയ മാറ്റങ്ങള്‍ നല്‍കിയും പുതുതലമുറ ഫീച്ചറുകള്‍ നല്‍കിയുമാണ് ഇത്തവണ എത്തിച്ചിരിക്കുന്നത്. 

രൂപമാറ്റം വരുത്തിയ ഗ്രില്ലും പുതിയ ഡിസൈനിലുള്ള ഹെഡ്‌ലൈറ്റ്, പുതിയ ഇന്റിക്കേറ്റര്‍, ഡ്യുവല്‍ ടോണ്‍ ബംമ്പര്‍, ബ്ലാക്ക് ഫിനീഷ് അലോയി വീല്‍, ഹാര്‍ഡ് ടോപ്പ്, വീല്‍ ആര്‍ച്ച്, ഹാച്ച്‌ഡോര്‍, സ്‌റ്റെപ്പിനി ടയര്‍, പുതിയ ഡിസൈനിലുള്ള ടെയില്‍ ലാമ്പ്, പുതുക്കി പണിതിരിക്കുന്ന റിയര്‍ ബംമ്പര്‍ എന്നിവയാണ് ഥാറില്‍ പുതുമ ഒരുക്കുന്ന ഘടകങ്ങള്‍. 

മികച്ച സപ്പോര്‍ട്ട് നല്‍കുന്ന സീറ്റുകള്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വൃത്താകൃതിയിലുള്ള ഏസി വെന്റുകള്‍, ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ്,
മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ഡോര്‍ പാനലിന്റെ വശങ്ങളിലെ ഥാര്‍ ബാഡ്ജിങ്ങ്, പിന്‍നിരയിലും മുന്നിലേക്ക് ഫെയ്‌സ് ചെയ്തിട്ടുള്ള സീറ്റുകള്‍ എന്നിവയാണ് അകത്തളത്തെ മുന്‍തലമുറയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. 

രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലും കൂടുതല്‍ ട്രാന്‍സ്മിഷനുകളിലുമെത്തുന്നതാണ് ഥാറിന്റെ ഈ വരവിലെ മറ്റൊരു സവിശേഷത. മഹീന്ദ്രയുടെ എംസ്റ്റാലിയന്‍ ശ്രേണിയിലെ 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.2 എംഹോക്ക് ഡീസല്‍ എന്‍ജിനുമാണ് ഥാറിന് കരുത്തേകുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്.

Content Highlights; Actor Prithviraj Drove New Mahindra Thar