ന്ത്യയില്‍ അവതരിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും ഇന്നും സൂപ്പര്‍ ഹിറ്റ് പദവിയില്‍ വിലസുന്ന വാഹനമാണ് മഹീന്ദ്രയുടെ ലൈഫ് സ്റ്റൈല്‍ എസ്.യു.വിയായ ഥാര്‍. സെലിബ്രിറ്റികളുടെ വാഹന ഗ്യാരേജില്‍ ഇടംനേടി കൊണ്ടിരിക്കുന്ന ഈ വാഹനത്തെ തെന്നിന്ത്യന്‍ സൂപ്പര്‍ താരം പ്രകാശ് രാജും തന്റെ ഗ്യാരേജില്‍ എത്തിച്ചിരിക്കുകയാണ്. ഹൈദരാബാദിലെ മഹീന്ദ്രയുടെ ഡീലര്‍ഷിപ്പില്‍ കുടുംബസമേതം എത്തിയാണ് പ്രകാശ് രാജ് പുതിയ വാഹനം സ്വന്തമാക്കിയത്. 

മഹീന്ദ്ര ഥാറിന്റെ ഉയര്‍ന്ന വകഭേദമായ എല്‍.എക്‌സ്. വേരിയന്റാണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്. പെട്രോള്‍ എന്‍ജിനൊപ്പം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലുള്ളതാണ് അദ്ദേഹം തിരഞ്ഞെടുത്ത വാഹനം. ഥാറില്‍ ഏറെ ശ്രദ്ധനേടിയിട്ടുള്ള നാപ്പോളി ബ്ലാക്ക് നിറമാണ് പ്രകാശ് രാജിന്റെ ഥാറിനുള്ളത്. എല്‍.എക്‌സ്, എ.എക്‌സ്. എന്നീ രണ്ട് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 12.79 ലക്ഷം മുതല്‍ 15.09 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. 

മികച്ച സ്‌റ്റൈലും കാര്യക്ഷമമായ കരുത്തും പുതുതലമുറ ഫീച്ചറുകളുമായാണ് മഹീന്ദ്രയുടെ ഥാര്‍ വിപണിയില്‍ എത്തിയത്. ഇതിനു പിന്നാലെ ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയതോടെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഓഫ് റോഡ് വാഹനം എന്ന ഖ്യാതിയും മഹീന്ദ്ര ഥാര്‍ സ്വന്തമാക്കിയിരുന്നു. മലയാള സിനിമാതാരങ്ങളായ വിജയ് ബാബു, ഗോഗുല്‍ സുരേഷ്, സംവിധായകന്‍ ഒമര്‍ ലുലു തുടങ്ങിയവര്‍ ഈ വാഹനം ഇറങ്ങിയ ഉടന്‍ ഇത് സ്വന്തമാക്കിയിരുന്നു.

ഹാര്‍ഡ്, സോഫ്റ്റ്, എന്നീ ടോപ്പ് ഓപ്ഷനുകളിലാണ് ഥാര്‍ എത്തിയിട്ടുള്ളത്. രണ്ട് എന്‍ജിന്‍ ഓപ്ഷനും കൂടുതല്‍ ട്രാന്‍സ്മിഷനുമാണ് ഥാറിന്റെ ഹൈലൈറ്റ്. എംസ്റ്റാലിയന്‍ ശ്രേണിയിലെ 2.0 ലിറ്റര്‍ പെട്രോള്‍, 2.2 എംഹോക്ക് ഡീസല്‍ എന്‍ജിനുമാണ് ഥാറിലുള്ളത്. ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്. 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 150 ബിഎച്ച്പി പവറും 320 എന്‍.എം ടോര്‍ക്കും, 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 132 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

Content Highlights: Actor Prakash Raj Buys Mahindra Thar SUV, Mahindra Thar, Prakash Raj