ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍, മിനി കൂപ്പര്‍, ജീപ്പ് റാങ്ക്‌ളര്‍ തുടങ്ങിയ കിടിലന്‍ വാഹനങ്ങള്‍ അണിനിരന്നിട്ടുള്ള ജോജു ജോര്‍ജിന്റെ ഗ്യാരേജിലേക്ക് പുതിയ ഒരു അതിഥി കൂടി എത്തിയിരിക്കുകയാണ്. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ ചെറുകാര്‍ വിഭാഗമായ മിനി വിപണിയില്‍ എത്തിച്ചിട്ടുള്ള കൂപ്പര്‍ എസ് കണ്‍വേര്‍ട്ടബിള്‍ ആണ് നടനും നിര്‍മാതാവുമായ ജോജു തന്റെ ഗ്യാരേജില്‍ എത്തിച്ചിരിക്കുന്നത്. 

സെസ്റ്റ് യെല്ലോ നിറത്തിലുള്ള വാഹനമാണ് ജോജു പുതുതായി സ്വന്തമാക്കിയിരിക്കുന്നത്. ഈ നിറത്തില്‍ കേരളത്തില്‍ ഇറങ്ങുന്ന ആദ്യ വാഹനമാണിതെന്ന പ്രത്യേകതയും അദ്ദേഹത്തിന്റെ മിനി കൂപ്പര്‍ എസ് കണ്‍വേര്‍ട്ടബിളിനുണ്ട്. ജോജുവിന്റെ ഭാര്യയായ ആബയുടെ പേരില്‍ വാങ്ങിയിട്ടുള്ള ഈ വാഹനത്തിന് കെ.എല്‍.64 കെ 7700 എന്ന നമ്പറും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഭാര്യയും മക്കളുമെത്തിയാണ് ഈ വാഹനം വീട്ടിലേക്ക് എത്തിച്ചത്. 

വ്യത്യസ്തമായി നിറം എന്നത് മാറ്റി നിര്‍ത്തിയാല്‍ റെഗുലര്‍ മിനി വാഹനങ്ങള്‍ക്ക് സമാനമായ ഡിസൈനിലാണ് മിനി കൂപ്പര്‍ എസ് കണ്‍വേര്‍ട്ടബിളും ഒരുങ്ങിയിട്ടുള്ളത്. കൊച്ചിയിലെ മിനി ഡീലര്‍ഷിപ്പായ ഇ.വി.എം. ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് ഈ വാഹനം വാങ്ങിയിരിക്കുന്നത്. നിരവധി ഫീച്ചറുകലും മികച്ച സ്റ്റൈലിലും എത്തിയിട്ടുള്ള ഈ വാഹനത്തിന് ഏകദേശം 59 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വിലയെന്നാണ് റിപ്പോര്‍ട്ട്. 

മിനി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിട്ടുള്ളതില്‍ ഏറ്റവും മികച്ച മോഡലുകളില്‍ ഒന്നാണ് കൂപ്പര്‍ എസ് കണ്‍വേര്‍ട്ടബിള്‍. 1998 സി.സി. നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 189 ബി.എച്ച്.പി. പവറും 280 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 7.1 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ വാഹനത്തിന് കഴിയും.

Content Highlights: Actor Joju George Buys Mini Cooper S Convertible, Zesty yellow Mini Cooper S, Joju George