ര്‍ത്താവിന്റെ ദീര്‍ഘായുസിനും ഐശ്വര്യത്തിനുമായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ ഉപവാസം അനുഷ്ഠിക്കുന്ന ആഘോഷമാണ് കര്‍വാ ചൗത്ത്. ഈ ആഘോഷത്തിന്റെ ഭാഗമായി ഭാര്യമാര്‍ക്ക് ഭര്‍ത്താക്കന്മാര്‍ വിലപിടിപ്പുള്ള സമ്മാനങ്ങളും മറ്റും കൈമാറുന്ന കീഴ്‌വഴക്കവുമുണ്ട്. ഈ ആഘോഷത്തിന്റെ ഭാഗമായി വിലപിടിപ്പുള്ള സമ്മാനം തന്റെ പ്രിയതമ സുനിത അഹൂദയ്ക്ക് നല്‍കിയിരിക്കുകയാണ് ബോളിവുഡ് താരമായ ഗോവിന്ദ്.

ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ 3 സീരീസ് ഗ്രാന്‍ ലിമോസിന്‍ എന്ന പ്രീമിയം വാഹനമാണ് ഉത്സാവാഘോഷത്തിന്റെ ഭാഗമായി നടന്‍ ഗോവിന്ദ ഭാര്യയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. എന്റെ പ്രിയ സുഹൃത്ത്, എന്റെ ജീവിതത്തിലെ സ്‌നേഹം, എന്റെ കുട്ടികളുടെ അമ്മ, ഈ ലോകത്തിലെ സര്‍വ്വ ആനന്ദവും നിങ്ങള്‍ അര്‍ഹിക്കുന്നു എന്ന കുറിപ്പോടെ ഗോവിന്ദ തന്നെയാണ് ഈ സമ്മാന വിവരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. 

ബി.എം.ഡബ്ല്യു ത്രീസീരീസ് പ്രീമിയം സെഡാന്റെ ലോങ്ങ് വീല്‍ബേസ് പതിപ്പായി ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിച്ച വാഹനമാണ് ത്രീ സീരീസ് ഗ്രാന്‍ ലിമോസിന്‍. ത്രീ സീരീസ് മുമ്പ് വിപണിയില്‍ എത്തിച്ചിരുന്ന ത്രീ സീരീസ് ജി.ടിയുടെ പകരക്കാരന്‍ കൂടിയായിരുന്നു ഈ വാഹനം. റെഗുലര്‍ പതിപ്പിനെക്കാള്‍ 110 എം.എം. അധിക വീല്‍ബേസുമായാണ് ഗ്രാന്‍ ലിമോസിന്‍ വിപണിയില്‍ എത്തിയത്. 2961 എം.എം. ആയിരുന്നു ഇതിന്റെ വീല്‍ബേസ്. 

റെഗുലര്‍ പതിപ്പിനെക്കാള്‍ വലിപ്പക്കാരന്‍ ആണെങ്കിലും ഗ്രാന്‍ ലിമോസിനിലിലെ ഡിസൈനിലും ഫീച്ചറുകളിലും കാര്യമായ മാറ്റം വരുത്തിയിരുന്നില്ല. 12.3 ഇഞ്ച് വലിപ്പമുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, കണക്ടഡ് കാര്‍ സാങ്കേതികവിദ്യ, എയര്‍ പ്യൂരിഫയര്‍ തുടങ്ങിയ ഫീച്ചറുകള്‍ അകത്തളത്തില്‍ നല്‍കിയിട്ടുണ്ട്.

2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലാണ് ത്രീ സീരീസ് ഗ്രാന്‍ ലിമോസിന്‍ പുറത്തിറക്കിയിട്ടുള്ളത്. പെട്രോള്‍ എന്‍ജിന്‍ 254 ബി.എച്ച്.പി. പവറും 400 എന്‍.എം. ടോര്‍ക്കും ഡീസല്‍ എന്‍ജിന്‍ 187 ബി.എച്ച്.പി. പവറും 400 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഒാട്ടോമാറ്റിക്കാണ് ഇതിലെ ട്രാന്‍സ്മിഷന്‍. 52.50 ലക്ഷം രൂപ മുതല്‍ 53.90 ലക്ഷം രൂപ വരെയാണ്  ഈവാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

Content Highlights: Actor Govinda Gifts The BMW 3 Series Gran Limousine To His Wife