ലയാള സിനിമയിലെ ഏറ്റവും വലിയ വാഹനപ്രേമികളായി വിശേഷിപ്പിക്കുന്നത് മെഗാസ്റ്റാര്‍ മമ്മുട്ടിയേയും യുത്ത് ഐക്കണായ ദുല്‍ഖര്‍ സല്‍മാനെയുമാണ്. വിന്റേജ് കാറിന്റെ ഉള്‍പ്പെടെ വന്‍ കാര്‍ കളക്ഷനുള്ള ദുല്‍ഖര്‍ ഈ വിശേഷണത്തിന് അര്‍ഹനാണെന്ന് തെളിയിച്ചിട്ടുമുള്ളതാണ്. തന്റെ ഗ്യാരേജിലേക്ക് മറ്റൊരു പുത്തന്‍ അതിഥിയെ എത്തിച്ച് വാഹനപ്രേമി എന്ന വിശേഷണത്തിന് അടിവര ഇടുകയാണ് ദുല്‍ഖര്‍.

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡീസ് ബെന്‍സിന്റെ എസ്.യു.വി. മോഡലായ ജി വാഗണ്‍ ജി63 എ.എം.ജിയാണ് അദ്ദേഹത്തിന്റെ ഗ്യാരേജിലെത്തിയ ഏറ്റവും പുതിയ വാഹനം. എസ്.യു.വിയുടെ തലയെടുപ്പിനൊപ്പം സ്‌പോര്‍ട്ടി പെര്‍ഫോമെന്‍സുമാണ് ജി63 എ.എം.ജിയുടെ മുഖമുദ്ര. മെഴ്‌സിഡീസ് നിരത്തുകളില്‍ എത്തിക്കുന്ന ഏറ്റവും കരുത്തുറ്റ വാഹനങ്ങളിലൊന്നാണിത്.

2.45 കോടി രൂപ ഇന്ത്യയില്‍ എക്‌സ്‌ഷോറും വിലയുള്ള വാഹനമാണ് ദുല്‍ഖര്‍ സ്വന്തമാക്കിയിട്ടുള്ള ജി63 എ.എം.ജി. ഒലിവ് ഗ്രീന്‍ നിരത്തിലുള്ള വാഹനമാണ് അദ്ദേഹം തിരഞ്ഞെടുത്തിട്ടുള്ളത്. മലയാള സിനിമ താരങ്ങളിലെ ആദ്യ ജി63 എ.എം.ജി. ഉടമയാണ് ദുല്‍ഖര്‍ സല്‍മാന്‍ എന്നാണ് സൂചന. മുമ്പ് യുവതാരം ആസിഫ് അലി മറ്റൊരു ജി-വാഗണ്‍ മോഡലായ ജി55 എ.എം.ജി. സ്വന്തമാക്കിയിരുന്നു. 

പെര്‍ഫോമെന്‍സ് പതിപ്പായതിനാല്‍ തന്നെ ആഡംബരത്തിനൊപ്പം കരുത്തിനും പ്രാധാന്യം നല്‍കിയിട്ടുള്ള വാഹനമാണിത്. 4.0 ലിറ്റര്‍ വി8 ബൈ-ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ജി-63യുടെ ഹൃദയം. ഇത് 585 ബി.എച്ച്.പി. പവറും 850 എന്‍.എം. ടോര്‍ക്കുമേകും. വെറും 4.5 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താനും ഈ കരുത്തന് കഴിയും.

Content Highlights: Actor Dulquer Salmaan Buys Mercedes-Benz G-Wagon G 63 AMG