ലയാളത്തിലെ മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും നിറസാന്നിധ്യമാണ് രമേശ് പിഷാരടി. മലയാളത്തിലെ കൗണ്ടര്‍ കിങ്ങ് എന്നി വിശേഷിപ്പിക്കുന്ന ഈ ജനപ്രിയ താരത്തിന്റെ യാത്രകള്‍ ഇനി ആഡംബര വാഹനങ്ങളിലെ കേമനായ ബിഎംഡബ്ല്യുവില്‍.

കഴിഞ്ഞ ദിവസമാണ് പിഷാരടി തന്റെ വാഹനങ്ങളിലേക്ക് ബി.എം.ഡബ്ല്യു 5 സീരീസും എത്തിച്ചത്. പ്രീ ഓണ്‍ഡ് വാഹനമാണ് അദ്ദേഹം സ്വന്തമാക്കിയതെന്നാണ് സൂചന. ഭാര്യക്കൊപ്പമെത്തി വാഹനം ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. 

രണ്ട് ഡീസല്‍ എന്‍ജിനിലും ഒരു പെട്രോള്‍ എന്‍ജിനിലുമായി നാല് വേരിയന്റുകളിലാണ് ഫൈവ് സീരീസ് നിരത്തുകളില്‍ എത്തുന്നത്. എന്നാല്‍, ഇതില്‍ ഏത് വേരിയന്റാണ് പിഷാരടി സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല. 55.40 ലക്ഷം മുതലാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

252 പി.എസ് പവറും 350 എന്‍.എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, 190 പി.എസ് പവറും 400 എന്‍.എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍, 265 പി.എസ് പവറും 620 എന്‍.എം ടോര്‍ക്കുമേകുന്ന 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് ബി.എം.ഡബ്ല്യു ഫൈവ് സീരീസ് ഇന്ത്യയിലെത്തുന്നത്. 

കേവലം 5.8 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുന്ന ഈ സെഡാന്‍ ഇന്ത്യയില്‍ മെഴ്‌സിഡസ് ബെന്‍സ് ഇ-ക്ലാസ്, വോള്‍വോ എസ്90, ജാഗ്വാര്‍ എക്‌സ്.എഫ് എന്നീ വാഹനങ്ങളുമായാണ് മത്സരിക്കുന്നത്.

Content Highlights: Actor, Director Ramesh Pisharody Bought BMW 5 Series Luxury Sedan