രിമിതികളെ അവസരങ്ങളാക്കി മാറ്റിയ മലയാളികളുടെ ഇഷ്ടതാരമാണ് നടനും സംവിധായകനുമായ ഗിന്നസ് പക്രു. കടുത്ത വാഹനപ്രേമിയായ മകള്‍ ദീപ്ത കീര്‍ത്തിയുടെ ആഗ്രഹം സാധിച്ച് കൊടുത്തതിന്റെ സന്തോഷം ആരാധകരുമായി പങ്കിടുകയാണ് ഗിന്നസ് പക്രു. തന്റെ യുട്യൂബ് ചാനലായ ഗിന്നസ് പക്രു ഇന്‍ മീഡിയ എന്ന യുട്യൂബ് ചാനലിലൂടെയാണ് ലംബോര്‍ഗിനി എന്ന ആഡംബര വാഹനത്തോട് ദീപ്തക്കുള്ള ഇഷ്ടവും മകളുടെ പ്രധാന ആഗ്രഹം സാധിച്ച് കൊടുത്തതിന്റെ വിശേഷവും ഗിന്നസ് പക്രു പങ്കുവെച്ചത്.

കുഞ്ഞുനാള്‍ മുതല്‍ തന്നെ കാറുകളെ വളരെ അധികം ഇഷ്ടപ്പെടുന്ന മകളുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു ലംബോര്‍ഗിനി എന്ന വാഹനം ഒന്ന് അടുത്ത കാണുക എന്നതും പറ്റിയാല്‍ അതില്‍ ഒന്ന് യാത്ര ചെയ്യുകയെന്നതും. ഈ ആഗ്രഹമാണ് പിതാവായ ഗിന്നസ് പക്രു സഫലമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന വാഹനമാണ് പക്രുവിനും മകള്‍ക്കും യാത്രയൊരുക്കിയതെന്നാണ് അദ്ദേഹം വീഡിയോയില്‍ പറയുന്നത്. 

പിന്നീട് കോഹ്‌ലി വില്‍ക്കുകയും അതേതുടര്‍ന്ന് പൂനെയില്‍ നിന്ന് എറണാകുളത്ത് എത്തുകയും ചെയ്ത വാഹനമാണിതെന്നാണ് അദ്ദേഹം പറയുന്നത്. കോഹ്‌ലി യാത്ര ചെയ്ത വാഹനത്തില്‍ യാത്ര ചെയ്യാനുള്ള ഒരു ഭാഗ്യം തനിക്കും മകള്‍ക്കും ഉണ്ടായെന്നും ഗിന്നസ് പക്രു അഭിമാനത്തോടെ പറയുന്നു. ഗിന്നസ് പക്രു സമ്മാനിച്ച മിനിയേച്ചര്‍ ലംബോര്‍ഗിനി കാറുമായാണ് ദീപ്ത കീര്‍ത്തി തന്റെ ആദ്യ ലംബോര്‍ഗിനി യാത്രയ്ക്കായി എത്തിയിരുന്നത്. 

തന്റെ വാഹന ഓര്‍മകളും ഗിന്നസ് പക്രു ഈ വീഡിയോയിലൂടെ പങ്കുവയ്ക്കുന്നുണ്ട്. താന്‍ ആദ്യമായി സഞ്ചരിച്ച കാര്‍ പ്രീമിയര്‍ പത്മിനി ആയിരുന്നെന്നാണ് അദ്ദേഹം ഓര്‍ത്തെടുക്കുന്നത്. അതേസമയം, താന്‍ ചെറുപ്പകാലത്ത് ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന വാഹനം മാരുതിയുടെ ഓമ്‌നിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമയിലെ ലംബോര്‍ഗിനി ഉടമയായ പൃഥ്വിരാജും ഒന്നിച്ചുള്ള ഡ്രൈവിങ്ങ് അനുഭവവും ഗിന്നസ് പക്രു ഈ വീഡിയോയില്‍ ഓര്‍ത്തെടുക്കുന്നുണ്ട്.

Content Highlights:  Actor-Director Guinnes Pakru, Lamborghini Drive, Lamborghini Luxury Car