ആസിഫ് അലി നായകനാകുന്ന 'മഹേഷും മാരുതിയും' എന്ന സിനിമയിലെ കേന്ദ്രകഥാപാത്രമായ 1984 മോഡല്‍ മാരുതി 800 കാര്‍ റെഡി. മലപ്പുറത്തെ ഓണ്‍റോഡ് ടീമാണ് പഴമയുടെ പ്രൗഢിയില്‍ കാര്‍ പുതുക്കിയെടുത്തത്. നടന്‍ ആസിഫ് അലിയും നിര്‍മാതാവ് മണിയന്‍പിള്ള രാജുവും സംവിധായകന്‍ സേതുവുമടങ്ങുന്ന സംഘം തിങ്കളാഴ്ച ഓണ്‍റോഡ് ബോഡി ഷോപ്പിലെത്തി കാര്‍ ഏറ്റുവാങ്ങി.
സിനിമയുടെ ചിത്രീകരണത്തിനായി 1984 മോഡലിലുള്ള കാര്‍ കണ്ടെത്തിയിരുന്നെങ്കിലും വാഹനം പുതുക്കിയെടുക്കുന്ന ജോലി വെല്ലുവിളിയായി. ഏറെനാളത്തെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഇതിനായി ഓണ്‍റോഡ് ടീമിനെ ഏല്‍പ്പിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി പാര്‍ട്സുകളെത്തിച്ചാണ് 1984-ലെ മാരുതി ഇവര്‍ പുതുക്കിയെടുത്തത്.
ഓണ്‍റോഡ് സി.ഇ.ഒ കെ.എം. നിഹാസ്, സി.ഒ.ഒ കെ.എം. നിഷാല്‍ എന്നിവര്‍ചേര്‍ന്ന് സിനിമാസംഘത്തിന് കാര്‍ കൈമാറി. കാറുമായി ഷൂട്ടിങ്ങിലേക്കിറങ്ങാനാണ് സേതുവിന്റെ തീരുമാനം.
ഹാസ്യത്തിനും സൗഹൃദത്തിനും പ്രാധാന്യംനല്‍കി ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തേ പൃഥ്വിരാജ് പുറത്തുവിട്ടിരുന്നു. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിനൊപ്പം വി.എസ്.എല്‍. ഫിലിം ഹൗസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
Content Highlights: 1984 Model Maruti 800 For Malayalam Movie