തൃശ്ശൂര്‍ സ്വരാജ് റൗണ്ടിലൂടെ ആന നടന്നുപോകുന്നു. തൊട്ടുപിന്നില്‍ കാറോടിക്കുന്നയാള്‍ നിര്‍ത്താതെ ഹോണ്‍ മുഴക്കിക്കൊണ്ടിരുന്നു. ആനപ്പുറത്തുള്ള പാപ്പാന്‍ അസ്വസ്ഥതയോടെ തിരിഞ്ഞുനോക്കുന്നുണ്ട്. ആനയുടെ സ്പീഡ് കൂട്ടാനാവില്ലല്ലോ. ഹോണടി കേട്ട് ആന ഇടയുമോയെന്ന പേടിയുമുണ്ട്.

ആനയെ മാത്രമല്ല, ആംബുലന്‍സുകളെപ്പോലും ഒഴിവാക്കാത്ത ഹോണടിക്കാരുമുണ്ട്. ഹോണ്‍ തീര്‍ത്തും ഒഴിവാക്കേണ്ട സന്ദര്‍ഭങ്ങളെങ്കിലും പരിഗണിച്ചാല്‍ പകുതി പ്രശ്‌നം തീരുമെന്ന് പോലീസ് പറയുന്നു. സിഗ്‌നലുകളില്‍ നിര്‍ത്തിയിട്ട വാഹനങ്ങളിലുള്ളവര്‍ പലരും വാശിയോടെയാണ് ഹോണില്‍ കൈയമര്‍ത്തുക.

വീതികുറഞ്ഞ റോഡിലെ സ്റ്റോപ്പില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബസിനുപിറകില്‍നിന്ന് ഹോണടിച്ചിട്ടെന്തുകാര്യം. മുതിര്‍ന്ന പൗരന്മാരുടെയും ലേണിങ് ചിഹ്നം പതിപ്പിച്ച് വാഹനമോടിക്കുന്നവരുടെയും പിറകില്‍ച്ചെന്ന് നീട്ടിയടിച്ച് ഭയപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കാം. രാത്രിയില്‍ ഹോണിനുപകരം ഹെഡ് ലൈറ്റ് ഉപയോഗിക്കാം. ഇത്തരത്തില്‍ ഒഴിവാക്കാവുന്ന ഇടങ്ങള്‍ സ്വയം കണ്ടെത്തി പുതിയൊരു ശീലം വളര്‍ത്തിയെടുക്കാനാകണം.

നിയമം മറികടക്കുന്നത് രജിസ്ട്രേഷനുശേഷം

വാഹനരജിസ്ട്രേഷന്‍ സമയത്ത് നിയമാനുസൃതമുള്ള ഹോണുകളാണ് വാഹനങ്ങളിലുണ്ടാവുക. രജിസ്ട്രേഷനുശേഷം ഉയര്‍ന്ന ഡെസിബെലുള്ളവ ഘടിപ്പിക്കും. കാഴ്ചയില്‍ പഴയതിനോട് സാമ്യമുണ്ടാവുമെങ്കിലും ശബ്ദതീവ്രതയേറും. കൂടാതെ ട്യൂണ്‍ ചെയ്തും ഡയഫ്രം മാറ്റിയും ശബ്ദമുയര്‍ത്തും.

ഹോണടിശബ്ദം എത്രയാകാം

ഹോണടിയുടെ തീവ്രത എത്രയാകാമെന്നതില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കുതന്നെ വ്യത്യസ്ത അഭിപ്രായമാണ്. ഗതാഗതവകുപ്പിന്റെ കണക്കുപ്രകാരം 112 ഡെസിബല്‍ വരെയാകാം. ആരോഗ്യവിദഗ്ധര്‍ പറയുന്നത് 75-ല്‍ തുടങ്ങി പരമാവധി 80 വരെയാകാമെന്നാണ്. മലിനീകരണ നിയന്ത്രണബോര്‍ഡും പരമാവധി 80 ഡെസിബെല്ലാണ് പറയുന്നത്.

Content Highlights: Say No To Horn, No Horn Campaign, No Horn Campaign By Mathrubhumi