ന്ത്യന്‍ നിരത്തുകളിലെ ഡ്രൈവിങ്ങ് സംസ്‌കാരത്തിന്റെ പോരായ്മയാണ് മുഴങ്ങി കേള്‍ക്കുന്ന ഹോണ്‍ ശബ്ദമെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര. ഭൂരിഭാഗം വിദേശ രാജ്യങ്ങളിലും മറ്റ് വാഹനങ്ങള്‍ ഗുരുതരമായ തെറ്റുവരുത്തിയാല്‍ ചീത്ത വിളിക്കുന്നതിന് പകരമായി മാത്രം ഉപയോഗിക്കുന്ന ഒന്നാണ് ഹോണ്‍. ഒരു വാഹനമോടിക്കുന്നയാള്‍ ഗുരുതരമായ എന്തെങ്കിലും വീഴ്ച വരുത്തിയാല്‍ അയാളെ താക്കീത് ചെയ്യുന്നതിനായി ഹോണ്‍ ഉപയോഗിക്കുന്നതാണ് ഇത്തരം രാജ്യങ്ങളിലെ കീഴ്‌വഴക്കമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

ഹോണ്‍ മുഴക്കുന്നത് ഒരു മോശം പ്രവണതയാണെന്ന ബോധവത്കരണം ചെറുപ്പം മുതല്‍ ലഭിക്കാത്തതാണ് നിരത്തുകളില്‍ ഇന്നും മുഴങ്ങുന്ന ഹോണ്‍ ശബ്ദം. ആദ്യമായി ഒരു വാഹനത്തിനുള്ളില്‍ കയറുന്ന കുഞ്ഞിന് പോലും ഒരു ആനന്ദമായി ചെയ്യാന്‍ അനുവാദമുള്ള കാര്യമാണ് ഹോണ്‍ അടിക്കുകയെന്നത്. ഇത്തരം ഹോണ്‍ അടിക്കാന്‍ സമ്മതിക്കുന്നതിന് പകരം ഇത് ഒരു മോശം പ്രവണതയാണെന്ന ബോധ്യം കുട്ടികളില്‍ ഉണ്ടാക്കാന്‍ ശ്രമിക്കണം. എന്നാല്‍, ഇത്തരത്തിലുള്ള ശ്രമങ്ങളൊന്നും നമ്മുക്കിടയില്‍ നടക്കാറില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

കുഞ്ഞുനാളില്‍ ശീലിക്കുന്ന ഹോണടി മുതിര്‍ന്ന് കഴിയുമ്പോഴും തുടരുകയും പിന്നീട് അത് സംസ്‌കാരത്തിന്റെ ഭാഗമായി മാറുകയും ചെയ്യുന്നതാണ് ഇപ്പോള്‍ കാണുന്നത്. വാങ്ങുന്ന വാഹനത്തിന്റെ ഹോണിന് ശബ്ദം കുറവാണെങ്കില്‍ ഉയര്‍ന്ന ശബ്ദമുള്ള ഹോണ്‍ വാങ്ങി വയ്ക്കുന്നതും നമ്മളിലെ ശീലമാണ്. സംഗീതം പൊഴിക്കുന്നതും ഭീതി പെടുത്തുന്നതുമായ ഹോണുകളാണ് നമ്മുടെ നിരത്തുകളിലുള്ള ഭൂരിഭാഗം വലിയ വാഹനങ്ങളില്‍ നിന്നും മുഴങ്ങി കേള്‍ക്കുന്നത്. 

വാഹനവുമായി റോഡിലിറങ്ങുന്ന എല്ലാവര്‍ക്കും പെട്ടെന്ന് ലക്ഷ്യസ്ഥാനത്ത് എത്തണമെന്നാണ് ആഗ്രഹം. അതുകൊണ്ടുതന്നെ പിന്നില്‍ നിന്ന് ഹോണ്‍ മുഴക്കിയാല്‍ ആരും വഴി മാറി തരണമെന്നില്ല. അത്യാവശ്യ ഘട്ടങ്ങളില്‍ ഹോണ്‍ മുഴക്കി കയറി പോകുന്നതിന് പകരം, ട്രാഫിക് സിഗ്നലില്‍ കാത്ത് കിടക്കുമ്പോഴും ലൈറ്റ് പച്ചതെളിഞ്ഞ ഉടനെയും ഹോണിന്റെ ബഹളമാണ്. ട്രാഫിക്കില്‍ കിടക്കുന്ന എല്ലാവരും മുന്നിലേക്ക് പോകാന്‍ കാത്തിരിക്കുന്നവരാണ് അവരെ ഹോണടിപ്പിച്ച് അത് ഓര്‍മ്മപ്പെടുത്തേണ്ടതില്ല.

ചെറിയ വാഹനങ്ങളുടെ തൊട്ടുപിന്നിലെത്തി വലിയ ഹോണ്‍ മുഴക്കി പേടിപ്പിക്കുന്ന ചില ബസുകളും നമ്മുടെ നിരത്തുകളിലുണ്ട്. ഇത് തീര്‍ത്തും സാഡിസമാണ്. വളര്‍ച്ച എത്താത്ത ട്രാഫിക് സംസ്‌കാരത്തിന്റെ ഭാഗമായാണ് ഇത്തരം പ്രവര്‍ത്തികള്‍. ഹോണിന്റെ ഉപയോഗം എന്നല്ല, നിരത്തുകളില്‍ വരച്ചിട്ടുള്ള വരകളുടെ ഉപയോഗം സംബന്ധിച്ച് പോലും നമ്മള്‍ അജ്ഞരാണ്. ഡ്രൈവിങ്ങ് സ്‌കൂളുകളിലും ആര്‍.ടി.ഓഫീസുകളിലും ഭിത്തിയില്‍ വരച്ചിരിക്കുന്ന ചിഹ്നങ്ങള്‍ കാണാതെ പഠിക്കുന്നത് ഒഴിച്ചാല്‍ ഇത്തരം കാര്യങ്ങളില്‍ യാതൊരു ബോധവത്കരണവും ഉണ്ടാകുന്നില്ല.

ഹോണ്‍ എപ്പോള്‍ അടിക്കണം, ഏതൊക്കെ സ്ഥലങ്ങളില്‍ ഹോണ്‍ മുഴക്കാന്‍ പാടില്ല, ഹോണ്‍ ഉപയോഗിക്കുന്നതിലെ മര്യാദകള്‍ തുടങ്ങിയ കാര്യങ്ങളിലൊന്നും യാതൊരു നിര്‍ദേശവും പാലിക്കപ്പെടുന്നില്ല. ഇതുപൊലെ തന്നെയുള്ള മറ്റൊരു പ്രശ്‌നമാണ് ലൈറ്റുകളുടെ ഉപയോഗവും. ഒട്ടുമിക്ക വിദേശ രാജ്യങ്ങളിലും ഹെഡ്‌ലൈറ്റ് ലോ ബീം മോഡിലാണ് വാഹനമോടിക്കാറുള്ളത്. ഹൈ ബീമിന്റെ ഉപയോഗം മറ്റുള്ളവര്‍ക്ക് എന്തേങ്കിലും അലേര്‍ട്ട് നല്‍കാന്‍ മാത്രമാണെന്നും സന്തോഷ് ജോര്‍ജ് കുളങ്ങര പറയുന്നു.

നിരത്തുകളിലുള്ള മറ്റ് വാഹനങ്ങളെയും അതിലുള്ളവരെയും പരിഗണിക്കുന്നതിന്റെ ലക്ഷണമായാണ് മറ്റ് രാജ്യങ്ങളില്‍ ഹോണ്‍ ഉപയോഗിക്കാതിരിക്കുന്നതും ഹെഡ്‌ലൈറ്റിന്റെ ഉപയോഗം ലോ ബീമില്‍ മാത്രമായി പരിമിതപ്പെടുത്തുന്നതും. ഇത് ഒരു സമൂഹത്തിന്റെ സംസാകാരത്തെ തന്നെ തെളിയിക്കുന്ന ഒന്നാണ്. മറിച്ച് നിരത്തുകളില്‍ പോലും സ്വാര്‍ഥരാകുന്നതിന്റെ ലക്ഷണമാണ് നമ്മുടെ നിരത്തുകളില്‍ ഇപ്പോഴും തുടരുന്ന ഹോണ്‍ മുഴക്കലും മറ്റ് പ്രവണതകളുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. 

ഡ്രൈവിങ്ങ് സംസ്‌കാരത്തിന്റെ കുറവ് നിരത്തുകളില്‍ പ്രകടമാണ്. ഉദാഹരണമായി നാല് വരിയുള്ള പാതയില്‍ ഒരോ വാഹനത്തിനും യാത്ര ചെയ്യുന്നതിനും ഓവര്‍ടേക്ക് ചെയ്യുന്നതിനും പ്രത്യേകം വരികള്‍ അനുവദിച്ചിട്ടുണ്ട്. ഇടത് വശം വേഗത കുറച്ച് പോകുന്ന ഹെവി വാഹനങ്ങള്‍ക്കും, വലത് വശം ഓവര്‍ടേക്ക് ചെയ്യുന്നതിനും വേഗത്തില്‍ പോകുന്ന വാഹനങ്ങള്‍ക്കും ഉപയോഗിക്കാനുള്ളതാണ്. എന്നാല്‍, ഇത് പലപ്പോഴും പാലിക്കപ്പെടാറില്ല. അതോടെ നാലുവരി പാതയുടെ ഉദ്യേശം തന്നെ ഇല്ലാതാകുകയാണെന്നാണ് അദ്ദേഹം പറയുന്നത്.

പരിഹാരം

ഹോണ്‍ മുഴക്കുന്നത് മര്യാദകേടാണെന്ന ബോധവത്കരണങ്ങള്‍ ഉയര്‍ന്ന് വരണം. അടുത്ത ഒരു പതിറ്റാണ്ടിനുള്ളില്‍ എങ്കിലും ഇത്തരം മാറ്റങ്ങള്‍ സംഭവിക്കണമെങ്കില്‍ സ്‌കൂളുകളിലെ പാഠ്യഭാഗങ്ങളില്‍ റോഡ് നിയമങ്ങള്‍ ഉള്‍പ്പെടുത്താന്‍ കഴിയണം. പത്താം ക്ലാസിന് ശേഷമുള്ള വിദ്യാര്‍ഥികള്‍ക്ക് റോഡ് നിയമങ്ങള്‍ സംബന്ധിച്ച പഠനം നല്‍കിയാല്‍ അവര്‍ വാഹനം ഉപയോഗിക്കുന്ന സമയം എത്തുമ്പോഴേക്കും ഹോണിന്റെ അനാവശ്യ ഉപയോഗം ഉള്‍പ്പെടെയുള്ള പ്രവണതകള്‍ കുറയ്ക്കാന്‍ സാധിക്കും. 

ഒരു പാഠമെങ്കിലും റോഡ് നിയമങ്ങളും റോഡില്‍ പാലിക്കേണ്ട മര്യാദകളും സംബന്ധിച്ചുള്ളതാകണം. പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ വാഹനവുമായി നിരത്തുകളില്‍ ഇറങ്ങാനുള്ളവരാണ്. ഇവരില്‍ ഇത്തരം ശീലങ്ങള്‍ ഒഴിവാക്കിയാല്‍ അടുത്ത ഒരു 15 വര്‍ഷത്തിനുള്ളില്‍ ഡ്രൈവിങ്ങ് സംസ്‌കാരത്തില്‍ തന്നെ കാര്യമായ മാറ്റമുണ്ടാക്കാന്‍ സാധിക്കും. അവരെ എണ്ണം ഭൂരിപക്ഷമാകുന്നതോടെ മറ്റുള്ളവരെ മാറ്റാനും ഇവര്‍ക്ക് സാധിക്കുമെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര അഭിപ്രായപ്പെടുന്നു.

Content Highlights: Santhosh George Kulangara about horn blowing habit in india, No horn campaign, Say No To Horn