സംസ്ഥാനത്ത് നോ ഹോണ്‍ ഡേ ആചരിച്ചത് 2017 ഏപ്രില്‍ 26-നായിരുന്നു. വലിയ ബോധവത്കരണമാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. പിന്നീട് വര്‍ഷമിത്രയായിട്ടും ഇക്കാര്യത്തില്‍ ആര്‍ക്കും ബോധം വന്നില്ലെന്നുമാത്രം. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു ദിനാചരണം. മോട്ടോര്‍വാഹന ചട്ടമനുസരിച്ച് ആരോഗ്യത്തിന് ഹാനികരമാകാത്തവിധമുള്ള ഹോണുകള്‍ ഉപയോഗിക്കണമെന്നാണ് നിയമം. 

1989-ലെ മോട്ടോര്‍ വാഹനനിയമപ്രകാരം ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് നിഷ്‌കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്കനുസരിച്ചേ ഹോണ്‍ വയ്ക്കാവൂ. ഇതിന് പരിധി നിശ്ചയിച്ചിട്ടുമുണ്ട്. മോപ്പെഡുകള്‍, സ്‌കൂട്ടറുകള്‍, മാഗ്‌നോ സിസ്റ്റം ഉള്ള മോട്ടോര്‍ സൈക്കിളുകള്‍ എന്നിവയ്ക്കായുള്ള ടൈപ്പ്-1 എ. സി. ഹോണിന് 85 മുതല്‍ 105 വരെ ഡെസിബെല്ലാണ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍, നിരത്തുകളില്‍ ചീറിപ്പായുന്ന ന്യൂജെന്‍ ബൈക്കുകളില്‍ ശബ്ദപരിധി ഇതില്‍ ഒതുങ്ങില്ലെന്നത് ആര്‍ക്കാണറിയാത്തത്. 

ഹോണിന്റെ മാത്രമല്ല, വാഹനങ്ങളുടെ ശബ്ദം സഹിക്കാവുന്നതാണോ? സ്റ്റോറേജ് ബാറ്ററി ഉപയോഗിക്കുന്ന ഇരുചക്രവാഹനങ്ങള്‍ക്കും മുച്ചക്രവാഹനങ്ങള്‍ക്കും ടൈപ്പ് 2 എ ഡി.സി. ഹോണിന് 90 മുതല്‍ 115 വരെ ഡെസിബെല്ലാണ്. ഡി.സി. സിസ്റ്റമുള്ള പാസഞ്ചര്‍ കാറുകള്‍ക്കും കോമേഴ്സ്യല്‍ വാഹനങ്ങള്‍ക്കുമുള്ള ടൈപ്പ് 2 ബി ഡി.സി. ഹോണുകള്‍ക്ക് 100 മുതല്‍ 125 വരെയാണ് പരിധി. പാസഞ്ചര്‍ കാറുകള്‍ക്കും കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്കുമുള്ള വിന്‍ഡ് ടോണ്‍ ടൈപ്പിലുള്ള ടൈപ്പ് മൂന്ന് ഡി.സി. ഹോണുകള്‍ക്ക് 105 മുതല്‍ 125 വരേയും.

ഇതിലധികം ശബ്ദമുണ്ടാക്കുന്ന ഹോണുകള്‍ ഇളക്കി മാറ്റുന്നതടക്കമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതായാണ് മുമ്പൊരിക്കല്‍ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. സെക്ഷന്‍ 177 പ്രകാരം പിഴയും കിട്ടും. ഉയര്‍ന്ന ശബ്ദമുള്ള വാഹനങ്ങളും അവയിലെ ഹോണുകളും ശാരീരിക മാനസിക ആരോഗ്യത്തെ ബാധിക്കുമെന്ന് വിവിധ പഠനങ്ങള്‍ ഉണ്ടെങ്കിലും നടപടി ശക്തമാക്കാത്തതാണ് അനാവശ്യ ഹോണടിക്ക് തടയിടാനാവാത്തത്.

നമ്മുടെ റോഡുകള്‍ ഹോണടിക്കാതെ വാഹനമോടിക്കാന്‍ പര്യാപ്തമാണോയെന്നചോദ്യം പ്രസക്തമാണ്. നടപ്പാതകള്‍ പ്രത്യേകം അനുവദിച്ചിട്ടില്ലാത്ത നിരത്തുകളില്‍ റോഡിലിറങ്ങി നടക്കുന്നവര്‍ക്കു പിന്നില്‍ ഹോണടിക്കുന്നത് സ്വാഭാവികം. തലസ്ഥാനനഗരിയില്‍ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനു മുന്‍പിലെ കാര്യമെടുക്കാം. ഇവിടെ സമരക്കാര്‍ നടപ്പാത കൈയേറി യാത്രക്കാരെ റോഡിലൂടെ നടത്തിക്കുമ്പോള്‍ പിന്നിലുള്ള വാഹനങ്ങള്‍ ഹോണടിക്കും. 

നടപ്പാതകള്‍ കാല്‍നടക്കാര്‍ക്കുമാത്രമാക്കണമെന്നും ഇതിന് ഇവിടത്തെ സമരം ഒഴിവാക്കണമെന്നും തീരുമാനിച്ച അന്നത്തെ ചീഫ് സെക്രട്ടറി സി.പി.നായര്‍ക്കെതിരേ പട നയിച്ചത് ഇവിടത്തെ രാഷ്ട്രീയക്കാരാണെന്നത് എല്ലാവര്‍ക്കുമറിയാം. പക്ഷേ, പൂച്ചയ്ക്ക് ആര്, എങ്ങനെ മണികെട്ടും?

Content Highlights: No horn awareness campaign, Say no to horn, horn sounds, vehicle horns